പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ എംഡിഎംഎ സെല്ലോ ടേപ്പ് ഉപയോഗിച്ച് ശരീരത്തില്‍ ഒട്ടിച്ച് വയ്ക്കും; ലഹരി വസ്തു ആവശ്യപ്പെടുന്നവര്‍ക്ക് കൈമാറും; പത്ത് വയസുകാരനായ മകന്റെ ദേഹത്ത് ഒളിപ്പിച്ച് എംഡിഎംഎ കച്ചവടം; തിരുവല്ലയില്‍ പിതാവ് പിടിയില്‍
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയില്‍ പത്ത് വയസുകാരനായ മകന്റെ ദേഹത്ത് ഒളിപ്പിച്ച് എംഡിഎംഎ വില്‍പ്പന നടത്തിയ പിതാവ് പിടിയില്‍. തിരുവല്ല ദീപ് ജംഗ്ഷന്‍ സ്വദേശിയായ മുഹമ്മദ് ഷമീറിനെ ആണ് പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. കഴിഞ്ഞ ആറ് മാസമായി പ്രതി പൊലീസിന്റെയും ഡാന്‍സാഫ് ടീമിന്റെയും നിരീക്ഷണത്തിലായിരുന്നു.
മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുമാണ് പ്രതി മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്. ദീപ് ജംഗ്ഷന് സമീപത്തെ വീട്ടില്‍ നിന്നാണ് മുഹമ്മദ് ഷമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പത്ത് വയസുകാരനായ മകന്റെ ദേഹത്ത് ഒളിപ്പിച്ചാണ് പ്രതി ലഹരി കച്ചവടം നടത്തിയിരുന്നത്.
പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ എംഡിഎംഎ സെല്ലോ ടേപ്പ് ഉപയോഗിച്ച് കുട്ടിയുടെ ശരീരത്തില്‍ ഒട്ടിച്ചുവയ്ക്കും. തുടര്‍ന്ന് കുട്ടിയെ വസ്ത്രം ധരിപ്പിച്ച് കാറിലോ സ്‌കൂട്ടറിലോ ഒപ്പമിരുത്തി കൊണ്ടുപോയി ലഹരി വസ്തു ആവശ്യപ്പെടുന്നവര്‍ക്ക് കൈമാറുകയാണ് പ്രതിയുടെ ലഹരി കച്ചവടത്തിന്റെ രീതി.