ഈന്തപ്പഴ പെട്ടിയില്‍ എംഡിഎംഎ കടത്തിയ 'ഡോണ്‍ സഞ്ജു'വിന് സിനിമാ മേഖലയുമായി ബന്ധം; എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഇടപാടുകള്‍; കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ഇത്രയുമധികം രാസലഹരി കടത്തിയത് വന്‍ സംഘത്തിലേക്ക് വെളിച്ചം വീശുന്നത്
ഈന്തപ്പഴ പെട്ടിയില്‍ എംഡിഎംഎ കടത്തിയ 'ഡോണ്‍ സഞ്ജു'വിന് സിനിമാ മേഖലയുമായി ബന്ധം;
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഈന്തപ്പഴത്തിന്റെ പെട്ടിയില്‍ ഒന്നേകാല്‍ കിലോ എംഡിഎംഎ കടത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ സഞ്ജുവിന് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്ന് പൊലീസിന് സംശയം. ഡോണ്‍ സഞ്ജു എന്നറിയപ്പെടുന്ന ഇയാള്‍ക്ക് വിലുപമായ ലഹരി ശൃംഖല ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇയാളുടെ ഫോണില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. കൊച്ചിയില്‍ സിനിമാ ബന്ധമുള്ളവരുമായി ഇയാള്‍ കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങള്‍ കേന്ദ്രീകരിച്ച് സഞ്ജു പല ഇടപാടുകളും നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇങ്ങനെ കേരളമാകെ വ്യാപിച്ച ശൃംഖലയുടെ കണ്ണിയാണ് സഞ്ജു. സഞ്ജുവിന്റെ ബാങ്ക് ഇടപാടുകള്‍ പൊലീസ് പരിശോധിക്കും. ഒമാനില്‍ നിന്നെത്തിച്ച, രാജ്യാന്തര വിപണിയില്‍ 3 കോടിയോളം രൂപ വിലമതിക്കുന്ന എംഡിഎംഎ കടത്തുന്നതിനിടെയാണ് സഞ്ജു ഉള്‍പ്പെടെ 4 പേരെ ഡാന്‍സാഫ് സംഘം പിടികൂടുന്നത്.
ഒമാനില്‍നിന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങിയ സഞ്ജുവിന്റെ ബാഗേജിലെ, വീട്ടിലേക്കുള്ള ആഡംബര ലൈറ്റുകള്‍, വിലകൂടിയ പാത്രങ്ങള്‍, വസ്ത്രം എന്നിവയ്ക്കൊപ്പമുണ്ടായിരുന്ന ഈന്തപ്പഴത്തിന്റെ പെട്ടിക്കുള്ളിലായിരുന്നു എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഈ വര്‍ഷം 4 തവണ സഞ്ജു ഒമാനിലേക്കു യാത്ര ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ഇത്രയുമധികം രാസലഹരി കടത്തിയിട്ടും വിമാനത്താവളത്തില്‍ എന്തുകൊണ്ട് കണ്ടെത്തിയില്ല എന്നതും സംശയത്തിനിടയാക്കുന്നു. ഇതോടെ വിശദമായ അന്വേഷണത്തിലേക്ക് പോലീസ് കടന്നേക്കും. സംഭവത്തില്‍ സഞ്ജു(42), നന്ദു(32), ഉണ്ണിക്കണ്ണന്‍(39), പ്രവീണ്‍ (35) എന്നിവരാണ് പിടിയിലായത്. ഒമാനില്‍നിന്നും കടത്തിക്കൊണ്ടുവന്ന ഒന്നേകാല്‍ കിലോ എംഡിഎംഎയും 17 ലിറ്റര്‍ വിദേശ മദ്യവും അടങ്ങുന്ന കോടികള്‍ വിലവരുന്ന ലഹരി ശേഖരമാണ് തിരുവനന്തപുരം ജില്ലാ റൂറല്‍ ഡാന്‍സാഫ് സംഘം പിടികൂടിയത്.
ലഹരി മാഫിയയ്ക്കിടയില്‍ ഡോണ്‍ എന്നറിയപ്പെടുന്ന സഞ്ജുന്റെ നേതൃത്വത്തിലായിരുന്നു കടത്ത് എന്നാണ് പോലീസ് പറയുന്നത്. പുലര്‍ച്ചെ ഒമാനില്‍ നിന്നാണ് ലഹരിയുമായി സഞ്ജുവും കുടുംബവും മറ്റൊരു പ്രതിയായ നന്ദുവും തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നത്. വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങി ശേഷം ഇവര്‍ കല്ലമ്പലം ഭാഗത്തേക്ക് ഒരു ഇന്നോവ കാറിലാണ് സഞ്ചരിച്ചത്. ഇവരുടെ ലഗേജുമായി പിറകിലായി ഒരു പിക്കപ്പ് വാനുമെത്തി. ഉണ്ണിക്കണ്ണനും പ്രവീണുമാണ് ഈ പിക്കപ്പ് വാനിലുണ്ടായിരുന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. കല്ലമ്പലത്ത് വച്ച് ഇവരുടെ വാഹനം തടഞ്ഞു പരിശോധന നടത്തി. ഇന്നോവയില്‍നിന്ന് ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ പിക്കപ്പ് വാന്‍ പരിശോധിച്ചപ്പോള്‍ ഈന്തപ്പഴ ടിന്നില്‍ ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ കണ്ടെടുത്തു. മദ്യവും പിടികൂടി.
സഞ്ജു നേരത്തെയും ലഹരി കേസില്‍ പ്രതിയാണ്. മറ്റുള്ളവരുടെ പേരിലും മറ്റുമാണ് ഇയാള്‍ വിദേശത്ത് നിന്ന് ലഹരി അയച്ചിരുന്നത്. തന്റേതല്ല ഇപ്പോള്‍ പിടികൂടിയ ലഹരിയടങ്ങുന്ന ലഗേജ് എന്ന നിലപാടിലാണ് ഇപ്പോഴും സഞ്ജുവുള്ളത്. എന്നാല്‍ സഞ്ജുവിന്റെതാണ് ലഗേജ് എന്നതടക്കമുള്ള കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
വീട്ടില്‍ പട്ടികളെ വളര്‍ത്തി ലഹരി സൂക്ഷിക്കുന്ന പതിവ് ഇയാള്‍ക്ക് ഉണ്ടായിരുന്നെന്നും പോലീസ് പറയുന്നു. പരിശോധനയ്ക്ക് എത്തുന്ന പോലീസുകാര്‍ക്ക് നേരെ പട്ടികളെ അഴിച്ച് വിടുമായിരുന്നെന്നും പോലീസ് അറിയിച്ചു. 2023ല്‍ ഞെക്കാടിനു സമീപം വളര്‍ത്തുനായ്ക്കളെ കാവല്‍ നിര്‍ത്തി ലഹരി കച്ചവടം നടത്തിയ കേസില്‍ ഇയാള്‍ പിടിയിലായിരുന്നു.