തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ഐ ബിക്കും പോലീസിനും പരാതി നല്‍കി; മേഘയുടെ ആത്മഹത്യയിലേക്ക് നയിച്ചത് പ്രണയ നൈരാശ്യമെന്ന നിഗമനത്തില്‍ പോലീസും; റെയില്‍ ട്രാക്കിലെ ആ ഫോണ്‍വിളി ദുരൂഹത നീക്കും

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട കുടുംബം

Update: 2025-03-25 04:39 GMT

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം പരാതിയുമായി രംഗത്ത്. പത്തനംതിട്ട അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടില്‍ റിട്ട. ഗവ ഐ ടി ഐ പ്രിന്‍സിപ്പല്‍ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകള്‍ മേഘയെ (25) ഇന്നലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ലോക്ക് പൈലറ്റ് നല്‍കിയ മൊഴി അടക്കം ഇതിന് തെളിവാണ്.

എന്നാല്‍, ഐ ബി ഉദ്യോഗസ്ഥയെ ആത്മഹത്യയിലേക്ക് നയിച്ച സംഭവം എന്താണെന്ന് കണ്ടെത്തണം എന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇതിനിടെയാണ് കുടുംബം വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയത്. ഇത് സംബന്ധിച്ച് ഐ ബിക്കും പേട്ട പോലീസിനും കുടുംബം പരാതി നല്‍കി. മേഘയ്ക്ക് മറ്റുതരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അറിയില്ലെന്ന് അമ്മാവന്‍ സന്തോഷ് ശിവദാസന്‍ പറഞ്ഞത്. അതുകൊണ്ട് തന്നെ മരണത്തിലേക്ക് നയിച്ചത് എന്താണെന്ന് അറിയണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥയായിരുന്ന മേഘ. ഇന്നലെ ജോലി കഴിഞ്ഞ് വിമാനത്താളത്തില്‍ നിന്നും മടങ്ങിയ മേഘയുടെ മൃതദേഹം ചാക്ക റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു. ആരോടോ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കവേയാണ് അവര്‍ ട്രെയിനിന് തവവെച്ചത്. പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് പൊലീസ് നിഗമനം.

നെറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ വിമാനത്താവളത്തില്‍ നിന്നിറങ്ങിയതായിരുന്നു മേഘ. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്‌സ്പ്രസാണ് ഇടിച്ചത്. ഫോണില്‍ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിന്‍ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിനു കുറുകെ തലവച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കോ പൈലറ്റ് നല്‍കിയ വിവരം.

സംഭവ സമയം ആരോടാണ് ഫോണില്‍ സംസാരിച്ചതെന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. മേഘയുമായി അടുത്ത ബന്ധമുള്ള ആളായരുന്നു ഫോണിലെന്ന് സൂചനകളുണ്ട്. ആ ഫോണ്‍വിളിയുടെ വിശദാംശം പുറത്തുവന്നാല്‍ മരണത്തിലെ ദുരൂഹതകള്‍ നീങ്ങും. ട്രെയിന്‍ തട്ടി ഫോണ്‍ പൂര്‍ണമായി തകര്‍ന്നതിനാല്‍ സൈബര്‍ പൊലീസിന്റെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിക്കാനാണ് നീക്കം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സംസ്‌കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും.

ഫൊറന്‍സിക് സയന്‍സ് കോഴ്‌സ് പൂര്‍ത്തിയാക്കിയ മേഘ ഒരു വര്‍ഷം മുന്‍പാണ് എമിഗ്രേഷന്‍ ഐബിയില്‍ ജോലിയില്‍ പ്രവേശിച്ചത്. കാരയ്ക്കാക്കുഴി ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ ഒരു മാസം മുമ്പാണ് അവസാനമായി മേഘ നാട്ടിലെത്തിയത്. പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിലെ ട്രാക്കില്‍ ഇന്നലെ രാവിലെ 9.15നാണ് മൃതദേഹം കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേട്ട പൊലീസെത്തി നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന് സമീപത്ത് നിന്ന് ബ്യുറോ ഓഫ് സിവില്‍ ഏവിയേഷന്റെ ഐ.ഡി കാര്‍ഡ് കണ്ടത്തിയതിനെ തുടര്‍ന്നാണ് ആളെ തിരിച്ചറിഞ്ഞത്.

Tags:    

Similar News