ഒരു രൂപ പോലും അവള്‍ അനാവശ്യമായി ചെലവാക്കാറില്ല; മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പും വിളിച്ചിരുന്നു; അയാള്‍ പിന്‍മാറാന്‍ ശ്രമിച്ചപ്പോള്‍ മേഘയോട് ആ ബന്ധം ഉപേക്ഷിക്കാന്‍ പറഞ്ഞിരുന്നു; മകള്‍ക്കു നീതി കിട്ടുന്നതുവരെ ഏതറ്റംവരെയും പോകും; നെഞ്ചുകലങ്ങി മേഘയുടെ മാതാവിന്റെ വാക്കുകള്‍
നെഞ്ചുകലങ്ങി മേഘയുടെ മാതാവിന്റെ വാക്കുകള്‍
പത്തനംതിട്ട: ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ മേഘ ട്രെയിന്‍തട്ടി മരിച്ച സംഭവത്തില്‍ മലപ്പുറം സ്വദേശിയായ സഹപ്രവര്‍ത്തകനെതിരെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഒളിവില്‍ പോയ ഇയാള്‍ എവിടെയാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടില്ല. സഹപ്രവര്‍ത്തകനായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്ത് കാരണമാണ് മകള്‍ മരിച്ചതെന്ന് മേഘയുടെ അച്ഛന്‍ ആരോപിച്ചിരുന്നു. വിവാഹ വാഗ്ദാനം നല്‍കി മലപ്പുറം എടപ്പാള്‍ സ്വദേശി സുകാന്ത് മേഘയെ സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇത് തെളിവെക്കുന്ന വിധത്തിലാണ് പുറത്തുവരുന്ന വിവരങ്ങളും.
അതേസമയം മകള്‍ക്ക് നീതി കിട്ടുംവരെ പോരാടുമെന്നാണ് മേഘയുടെ മാതാവ് നിഷ ചന്ദ്രന്‍ വ്യക്തമാക്കിയത്. മരിക്കുന്നതിന്റെ ഒു മണിക്കൂര്‍ മുമ്പും അവള്‍ വിളിച്ചിരുന്നതായി അവര്‍ ചൂണ്ടിക്കാട്ടുന്നു. അനാവശ്യമായി പണം ചെലവാക്കാത്ത ആളാണ് മകളെന്നാണ് നിഷ പറയുന്നത്. ചെറുപ്പത്തില്‍ അവള്‍ കുടുക്ക വാങ്ങി അതില്‍ പണം സൂക്ഷിക്കുമായിരുന്നു. കുടുക്ക പൊട്ടിച്ച് ആ പണം എന്നെയോ അച്ഛനെയോ ഏല്‍പിക്കും. അവള്‍ക്കു വേണ്ടതെല്ലാം ഇതുവരെ വാങ്ങി നല്‍കിയിരുന്നത് ഞാനാണ്. ഒരുരൂപപോലും അവള്‍ അനാവശ്യമായി ചെലവാക്കിയിരുന്നില്ല. അങ്ങനെയുള്ള ഞങ്ങളുടെ മകളുടെ അക്കൗണ്ടില്‍ മരിക്കുമ്പോള്‍ ബാക്കിയുണ്ടായിരുന്നത് വെറും 80 രൂപയാണ്.' -വിതുമ്പലോടെ നിഷ പറയുന്നു.
മരിക്കുന്ന അന്ന് വിളിച്ചത് 7.15ന് ആയിരുന്നു. കാരണം തിരക്കിയപ്പോള്‍ വാഷ്‌റൂമില്‍ പോയിവരാന്‍ വൈകിയെന്നാണ് പറഞ്ഞത്. പ്രഭാത ഭക്ഷണം കഴിക്കുന്ന കാര്യം ചോദിച്ചപ്പോള്‍ ഇന്ന് പുറത്തുനിന്ന് വാങ്ങാമെന്നും പറഞ്ഞു. അവള്‍ക്ക് അന്ന് ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞോ എന്നുപോലും അറിയില്ലെന്ന് ആ മാതാവ് പറയുന്നു.
'മേഘ അവസാനമായി സംസാരിച്ചത് മലപ്പുറം സ്വദേശിയായ സുഹൃത്തിനോടാണ്. അയാള്‍ മകളെ മാനസികമായി തകര്‍ത്തുകളഞ്ഞിട്ടുണ്ട്. അല്ലാതെ അവള്‍, ഞങ്ങളെപ്പോലും മറന്ന് ഇത് ചെയ്യില്ല. ജോലി കിട്ടി ജോദ്പുരില്‍ പരിശീലനത്തിന് പോയിവന്ന ശേഷമാണ് മേഘയ്ക്ക് മാറ്റങ്ങള്‍ വന്നത്. എല്ലാക്കാര്യങ്ങളും പറഞ്ഞിരുന്ന അവള്‍ ഈ സുഹൃത്തിന്റെ കാര്യം പറഞ്ഞിരുന്നില്ല. മാസങ്ങള്‍ക്കുശേഷമാണ് ഞങ്ങളുമായി ഇക്കാര്യം ചര്‍ച്ചചെയ്യുന്നത്. വിവാഹത്തിനു ഞങ്ങള്‍ സമ്മതിക്കുകയും ചെയ്തു.
എന്നാല്‍ അയാള്‍ പിന്മാറാന്‍ ശ്രമിക്കുകയാണെന്നു മനസ്സിലാക്കി മേഘയോട് ഈ ബന്ധം ഉപേക്ഷിക്കാന്‍ ഞങ്ങള്‍ പറഞ്ഞിരുന്നു. പക്ഷേ അയാള്‍ ഇത്രയധികം മാനസിക സമ്മര്‍ദത്തില്‍ ആക്കിയിരുന്നെന്ന് മകള്‍ ഞങ്ങളോടു പറഞ്ഞിരുന്നില്ല. മേഘയ്ക്ക് അപകടം സംഭവിച്ച അന്ന് അയാള്‍ എന്നെ വിളിച്ചിരുന്നു. പക്ഷേ സംസാരിക്കാന്‍ സാധിച്ചില്ല. മേഘ ഹോസ്റ്റലിലെത്തിയോ എന്നും അയാള്‍ തിരക്കിയിരുന്നു. മകള്‍ക്കു നീതി കിട്ടുന്നതുവരെ ഏതറ്റംവരെയും പോകും' നിഷ പറഞ്ഞു.
അതേസമയം ഒളിവില്‍ പോയ സുകാന്തിനായി പോലീസ് ന്വേഷണം തുടരുകയാണ്. സുകാന്തിനെ തേടി കഴിഞ്ഞ ദിവസം പൊലീസ് മലപ്പുറത്തെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ഇയാളെ കണ്ടെത്താനായില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും ഉദ്യോഗസ്ഥന്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമം ആരംഭിച്ചതായി സൂചനയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. സുകാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.
അതേസമയം മേഘയുടെ മരണത്തിലെ പൊലീസ് അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്നാണ് പിതാവ് ആരോപിക്കുന്നത്. സഹപ്രവര്‍ത്തകനായ ഐബി ഉദ്യോഗസ്ഥന്‍ കാരണമാണ് മകള്‍ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടിയിട്ടും തിരുവനന്തപുരം പേട്ട പൊലീസ് കൃത്യമായ ഇടപെട്ടില്ലെന്ന് അച്ഛന്‍ മധുസൂദനന്‍ ആരോപിച്ചു. ആദ്യഘട്ടത്തില്‍ തന്നെ സുകാന്തിനെതിരെ പൊലീസിന് പരാതി നല്‍കിയതാണ്. എന്നാല്‍ കേസന്വേഷിക്കുന്ന തിരുവനന്തപുരം പേട്ട പൊലീസ് ഇത് ഗൗരവമായി എടുത്തില്ല. ഒളിവില്‍ പോകാന്‍ സുകാന്തിന് ഇത് സഹായമായി എന്ന് മേഘയുടെ അച്ഛന്‍ ആരോപിച്ചു.
ഒളിവില്‍ പോയ സുകാന്തിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയെന്നാണ് പൊലീസ് പറയുന്നത്. മേഖയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. മൊബൈല്‍ ഫോണിന്റെ ശാസ്ത്രീയ പരിശോധന ഫലവും നിര്‍ണായകമാണ്. ഐബി നേരത്തെ തന്നെ സുകാന്തിന്റെ മൊഴിയെടുത്തിരുന്നു. ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തി ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്നാണ് ഐബി നല്‍കുന്ന വിശദീകരണം. തിരുവന്തപുരം വിമാനത്താവളത്തിലെ ഇമിഗ്രേന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഐ ബി ഉദ്യോഗസ്ഥ മേഖയെ മാര്‍ച്ച് 24ന് രാവിലെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.