പെൺകുട്ടി അമ്മയുമായി അടിവെച്ച് തെറ്റി; വിഷമം സഹിക്കാൻ കഴിയാതെ വീട്ടിൽ നിന്നും പിണങ്ങിയിറങ്ങി; വിജയവാഡയിലേക്ക് ട്രെയിൻ കയറി; പരക്കംപാഞ്ഞ് മാതാപിതാക്കൾ; അന്വേഷണവും ഊർജിതം; കുട്ടിയുടെ കൈയ്യിലെ മൊബൈല്‍ ഫോൺ ഓണാക്കിയപ്പോൾ നടന്നത് മറ്റൊന്ന്; തിരൂരിലെ നാട് വിടലിൽ സംഭവിച്ചത്!

Update: 2025-02-01 05:39 GMT

മലപ്പുറം: മകൾ അമ്മയുമായി തർക്കമുണ്ടായി പിന്നാലെ പെൺകുട്ടി വീട്ടിൽ പിണങ്ങിറങ്ങി. നേരെ റെയിൽവേ സ്റ്റേഷനിൽ എത്തിയ കുട്ടി വിജയവാഡയിലേക്ക് ട്രെയിൻ കയറി. തിരൂരിലാണ് നാടകീയ സംഭവങ്ങൾ അരങേറിയത്. തിരൂരിൽ അമ്മയുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ വിജയവാഡയിൽ നിന്നും കണ്ടെത്തി.

പശ്ചിമ ബംഗാള്‍ സ്വദേശിനിയായ 14കാരിയെയാണ് കണ്ടെത്തിയത്. പുറത്തൂര്‍ പെരുന്തല്ലൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ദമ്പതികളുടെ മകളാണ് നാടുവിട്ടത്. അമ്മയുമായി പിണങ്ങിയതോടെ അമ്മയുടെ മൊബൈല്‍ ഫോണെടുത്ത് കുട്ടി നാട് വിടുകയായിരുന്നു.

ജനുവരി 29ന് രാവിലെ ഏഴരയോടെയാണ് കുട്ടി വീട്ടില്‍ നിന്നു പോയത്. സ്‌കൂളില്‍ പോയതാകുമെന്നാണ് രക്ഷിതാക്കള്‍ കരുതിയത്. വൈകീട്ട് തിരിച്ചെത്താതായതോടെ അന്വേഷണം ആരംഭിച്ചു. നാട്ടിലും പരിസരങ്ങളിലുമെല്ലാം അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. തുടര്‍ന്ന് രക്ഷിതാക്കള്‍ തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടി വിജയവാഡയിൽ ഉള്ളതായി കണ്ടെത്തിയത്.

ആദ്യ ദിവസം മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നില്ല. പെരുന്തല്ലൂരില്‍ നിന്ന് ബസ് മാര്‍ഗം തിരൂരിൽ എത്തിയ കുട്ടി റെയില്‍വേ സ്റ്റേഷനില്‍ വന്ന് ട്രെയിന്‍ കയറിയതാകുമെന്ന് കരുതുന്നു. ആര്‍ പി എഫ് സഹായത്തോടെ കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയെ ഏറ്റുവാങ്ങുന്നതിനായി തിരൂരില്‍ നിന്ന് പൊലീസ് സംഘം വിജയവാഡയിലേക്ക് തിരിച്ചതായി സി ഐ കെ ജെ ജിനേഷ് വ്യക്തമാക്കി.

അവിടെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി സംഘം കുട്ടിയുമായി തിരൂരിലേക്ക് മടങ്ങും. കുട്ടിയുടെ കയ്യില്‍ മൊബൈലുണ്ടായിരുന്നതാണ് അന്വേഷണത്തില്‍ സഹായകമായതെന്ന് പോലീസ് പറഞ്ഞു.

Tags:    

Similar News