ഫ്ളിപ്കാര്‍ട്ടില്‍ നിന്ന് 1.6 കോടി രൂപയുടെ 332 ഫോണുകള്‍ കവര്‍ന്നു; എറണാകുളത്ത് അഞ്ചുപേര്‍ക്കെതിരെ കേസ്; തട്ടിപ്പു കണ്ടെത്തിയത് കാഞ്ഞൂര്‍, കുറുപ്പംപടി, മേക്കാട്, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ഡെലിവറി ഹബ്ബുകളില്‍; വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ വകുപ്പുകള്‍ ചുമത്തി കേസ്
ഫ്ളിപ്കാര്‍ട്ടില്‍ നിന്ന് 1.6 കോടി രൂപയുടെ 332 ഫോണുകള്‍ കവര്‍ന്നു
കൊച്ചി: എറണാകുളം ജില്ലയില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലെ ഡെലിവറി ഹബ്ബുകളില്‍ നിന്ന് 1.61 കോടി രൂപയുടെ മൊബൈല്‍ ഫോണുകള്‍ കാണാതായ പരാതിയില്‍ കേസെടുത്ത് പോലീസ്. ഫ്‌ലിപ്കാര്‍ട്ട് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം റൂറല്‍ സൈബര്‍ പൊലീസാണ് വ്യാഴാഴ്ച കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കാഞ്ഞൂര്‍, കുറുപ്പംപടി, മേക്കാട്, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ഡെലിവറി ഹബ്ബുകളിലാണ് തട്ടിപ്പ് കണ്ടെത്തിയത്. കാഞ്ഞൂര്‍, കുറുപ്പംപടി, മേക്കാട്, മൂവാറ്റുപുഴ ഹബ്ബുകളുടെ ചുമതലയുണ്ടായിരുന്ന സിദ്ദിഖി, കെ. അലിയാര്‍, ജാസിം ദിലീപ്, ഹാരിസ് പിഎ, മാഹിന്‍ നൗഷാദ് എന്നിവര്‍ക്കെതിരെയാണ് കേസ്.
2025 ഓഗസ്റ്റ് 8 നും ഒക്ടോബര്‍ 10 നും ഇടയില്‍ വ്യാജ വിലാസങ്ങളും വിവിധ മൊബൈല്‍ നമ്പറുകളും ഉപയോഗിച്ച് ഫ്‌ലിപ്കാര്‍ട്ട് പ്ലാറ്റ്ഫോമില്‍ നിന്ന് പ്രതി 332 മൊബൈല്‍ ഫോണുകളാണ് ഓര്‍ഡര്‍ ചെയ്തത്. 1.61 കോടി രൂപ വിലവരുന്ന ഫോണുകളില്‍ ഐഫോണ്‍, സാംസങ് ഗാലക്സി, വിവോ, ഐക്യുഒ എന്നിവയുടെ മോഡലുകള്‍ ഉള്‍പ്പെടുന്നു.
കാഞ്ചൂര്‍ ഹബ്ബില്‍ നിന്നുമാത്രം 18.14 ലക്ഷം രൂപ വിലവരുന്ന 38 ഫോണുകളും, കുറുപ്പംപടി ഹബ്ബില്‍ നിന്ന് 40.97 ലക്ഷം രൂപ വിലവരുന്ന 87 ഫോണുകളും, മേക്കാട് ഹബ്ബില്‍ നിന്ന് 48.66 ലക്ഷം രൂപ വിലവരുന്ന 101 ഫോണുകളും, മൂവാറ്റുപുഴ ഹബ്ബില്‍ നിന്ന് 53.41 ലക്ഷം രൂപ വിലവരുന്ന 106 ഫോണുകളും ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ഈ ഫോണുകളെല്ലാം അതത് ഡെലിവറി സെന്ററുകളില്‍ എത്തിയതിന് ശേഷം കാണാതായതായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.