മോഹന്‍കുമാര്‍ സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു എന്നത് അവിശ്വസനീയം; ഇയാളെ സിഐഎസ്എഫിലെ ഏതെങ്കിലും ഉദ്യോഗസ്ഥനെത്തി രക്ഷപ്പെടുത്താന്‍ സാധ്യത; കമാണ്ടറുടെ വീട്ടിലെത്തിയ കഥയും കള്ളമോ? കമാന്‍ഡറും മൊഴി നല്‍കണം; നെടുമ്പാശ്ശേരിയിലെ ക്രൂരന്മാര്‍ക്ക് കേന്ദ്ര പോലീസിലെ പണി പോകും; ഡികെ സിങ്ങും കുടുങ്ങും
നെടുമ്പാശേരി: നെടുമ്പാശേരിയില്‍ യുവാവിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ സിഐഎസ്എഫ് കമാന്‍ഡറുടെ മൊഴിയെടുക്കും. സംഭവത്തിനുമുന്പ് എസ്ഐ വിനയകുമാര്‍ദാസും കോണ്‍സ്റ്റബിള്‍ മോഹന്‍കുമാറും ഡ്യൂട്ടിസംബന്ധമായ കാര്യത്തിന് കമാന്‍ഡറെ കണ്ടതായിട്ടാണു പറയുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണു പോലീസ് കമാന്‍ഡറുടെ മൊഴി രേഖപ്പെടുത്തുന്നത്. ഐവിന്‍ ജിജോയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി നെടുമ്പാശ്ശേരി പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
കൊലപാതകത്തിനു ശേഷവും മോഹന്‍കുമാര്‍ ഡ്യൂട്ടിക്കെത്തിയത് വിവാദമായിരുന്നു. ഇയാളെ രക്ഷിക്കാന്‍ ശ്രമം നടന്നതായിട്ടാണ് ആരോപണം. ഇക്കാര്യത്തിലും പോലീസ് വിശദീകരണം തേടിയേക്കും. റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് നാളെ കോടതിയില്‍ അപേക്ഷ നല്‍കിയേക്കും. കാര്‍ ഉരസിയതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായ ഇടം മുതല്‍ ഐവിന്‍ കാറിന്റെ ബോണറ്റില്‍നിന്നും താഴെ വീണു കിടന്നിരുന്ന ഇടം വരെയുള്ള ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. വിനയകുമാര്‍ ദാസിനെ സംഭവസ്ഥലത്ത് നാട്ടുകാര്‍ തടഞ്ഞപ്പോള്‍ കാറിലുണ്ടായിരുന്ന മോഹന്‍കുമാര്‍ അവിടെനിന്നും എങ്ങനെ രക്ഷപ്പെട്ടു എന്നത് സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. മോഹന്‍കുമാര്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു എന്നാണ് പറയുന്നത്. എന്നാല്‍ ഇയാളെ സിഐഎസ്എഫിലെ ഏതെങ്കിലും ഉദ്യോഗസ്ഥനെത്തി രക്ഷപ്പെടുത്തിയതാണോയെന്ന് അന്വേഷിക്കുന്നുണ്ട്.
അതിനിടെ ഐവിന്‍ ജിജോയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ നാട്ടുകാര്‍ ആരോപിച്ചത് പോലെ മൂന്നാമതൊരു സിഐഎസ്എഫുകാരന്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. അറസ്റ്റിലായ മോഹന്‍കുമാറിനെയും, വിനയ് കുമാര്‍ ദാസിനെയും കൂടാതെ സംഭവസ്ഥലത്ത് ഒരാള്‍ കൂടി ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. ഈ ആരോപണം അന്വേഷിച്ച സിഐഎസ്എഫ് അധികൃതര്‍ അതുശരി വച്ചിരിക്കുകയാണ്. ഇയാള്‍ക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായാണ് സൂചന. ആരോപണവിധേയനായ സിഐഎസ്എഫ് ഇന്‍സ്പക്ടറുടെ പേര് ഡി കെ സിങ് എന്നാണ്.
പ്രതിയായ കോണ്‍സ്റ്റബിള്‍ മോഹന്‍ കുമാറിന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത് ഡി കെ സിങ്ങാണെന്ന ആരോപണം ശരി വച്ചിരിക്കുകയാണ്. ഡി കെ സിങ്ങിന്റെ ഫ്ളാറ്റില്‍ നിന്ന് വിരുന്ന് കഴിഞ്ഞ് മോഹന്‍ കുമാറും വിനയ് കുമാര്‍ ദാസും മടങ്ങവേയാണ് ഐവിന്റെ കാറില്‍, ഇവരുടെ കാര്‍ തട്ടിയതിനെ തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടായത്. വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന ഇന്‍സ്പക്ടറുടെ സ്‌കൂട്ടര്‍ എത്തിച്ചു നല്‍കുന്നതിനാണ് മോഹന്‍കുമാര്‍ അദ്ദേഹത്തിന്റെ ഫ്ളാറ്റില്‍ എത്തിയത്. ഫ്ളാറ്റില്‍ നിന്ന് മോഹന്‍ കുമാറിന് മടങ്ങാനാണ് എസ്ഐ വിനയ് കുമാര്‍ ദാസ് കാറുമായി എത്തിയത്. ഇരുവരും ഫ്ളാറ്റില്‍ വച്ച് മദ്യപിച്ച ശേഷം മടങ്ങുമ്പോഴാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവം ഉണ്ടായതെന്നാണ് നിഗമനം. അപകടത്തെ തുടര്‍ന്ന് ഇരുവരും ഇന്‍സ്പക്ടര്‍ ഡി കെ സിങ്ങിനെ വിളിച്ചുവരുത്തിയിരുന്നു. സംഭവസ്ഥലത്ത് എത്തിയ ഇന്‍സ്പക്ടര്‍ മോഹന്‍കുമാറിനോട് വേഗം സ്ഥലത്ത് നിന്ന് മുങ്ങാന്‍ ആവശ്യപ്പെട്ടു. രാവിലെ ഒന്നുമറിയാത്ത പോലെ ഡ്യൂട്ടിക്ക് ഹാജരാകാനും നിര്‍ദ്ദേശിച്ചത് ഡി കെ സിങ്ങാണ്.
മോഹന്‍കുമാറിനെ അറസ്റ്റ് ചെയ്യുമ്പോള്‍, ഈ ഇന്‍സ്പക്ടറും ഡ്യൂട്ടിക്ക് വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു. അറസ്റ്റിലായ ഇരുപ്രതികളും മദ്യപിച്ചിരുന്നതിനാലാണ് പൊലീസിനെ വിളിക്കാമെന്ന് ഐവിന്‍ പറഞ്ഞപ്പോള്‍ പരിഭ്രാന്തരായി പെട്ടെന്ന് സംഭവസ്ഥലത്ത് നിന്ന് കടന്ന് കളയാന്‍ ശ്രമിച്ചത്. അത് ആല്‍വിനെ ഇടിച്ചിടുന്നതിലും കൊലപാതകത്തിലും കലാശിച്ചു. മോഹന്‍കുമാറിന് സംഭവസ്ഥലത്ത് നിന്ന് കടന്നുകളയാന്‍ വാഹനം എത്തിച്ചുകൊടുത്തത് ഡി കെ സിങ്ങാണെന്ന ആരോപണവും സ്ഥിരീകരിച്ചിട്ടുണ്ട്. മോഹന്‍ കുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ച ഇന്‍സ്പക്ടര്‍ ഡി കെ സിങ്ങിന് എതിരായ സിഐഎസ്എഫ് അന്വേഷണം പുരോഗമിക്കുന്നു. ഈ ഉദ്യോഗസ്ഥനെയാണ് ചോദ്യം ചെയ്യാന്‍ പോകുന്നത്. ഡികെ സിങും കേസില്‍ പ്രതിയാകും. പ്രതികളെ സഹായിച്ചെന്ന ആരോപണമാകും സിങിനെതിരെ ചുമത്തുക.
സംഭവത്തിലെ സിഐഎസ്എഫിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഐജിക്ക് കൈമാറും. സിഐഎസ്എഫ് ഡിഐജി (എയര്‍പോര്‍ട്ട് സൗത്ത് സോണ്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ്) ആര്‍. പൊന്നിയാണ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇത് ഉടന്‍ സിഐഎസ്എഫ് ഐജിക്ക് കൈമാറും. അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ ശിവ പാണ്ഡേ അന്വേഷണത്തിനായി നെടുമ്പാശ്ശേരിയിലെത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കും. കൊച്ചി വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉന്നത ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. പ്രതികളായ സബ് ഇന്‍സ്പെക്ടര്‍ വിനയകുമാര്‍ ദാസിനെയും കോണ്‍സ്റ്റബിള്‍ മോഹന്‍കുമാറിനെയും സസ്പെന്‍ഡ് ചെയ്തിരിക്കുയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇരുവരെയും സര്‍വീസില്‍നിന്ന് പിരിച്ചുവിടും.
അപകടത്തില്‍ കൊല്ലപ്പെട്ട ഐവിന്‍ ജിജോയുടെ മെബൈല്‍ ഫോണ്‍ വിശദമായ പരിശോധനയ്ക്കായി ഫൊറന്‍സിക് ലാബിലേക്ക് അയക്കും. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ബോണറ്റില്‍ നിന്നുമാണ് ഐവിന്റെ ഫോണ്‍ പോലീസിന് ലഭിച്ചത്. ഈ ഫോണ്‍ വിരലടയാളം പതിച്ചാണ് ലോക്ക് ചെയ്തിരിക്കുന്നത്. കാറിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഐവിന്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെയും അവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെയും വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായി പറയുന്നുണ്ട്. ഈ ദൃശ്യങ്ങളെല്ലാം വിശദമായി പരിശോധിക്കും. കൂടാതെ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെയും ഐവിന്റെയും കോള്‍ ലിസ്റ്റും പരിശോധിക്കും. സംഭവശേഷം സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ആരെയൊക്കയാണ് വിളിച്ചിരിക്കുന്നതെന്നും ആരെങ്കിലും ഇവര്‍ക്ക് ഒത്താശ ചെയ്തിട്ടുണ്ടോ എന്നും ഫോണ്‍ കോള്‍ പരിശോധനയിലൂടെ കണ്ടെത്തും. എങ്കില്‍ അവരേയും പ്രതികളാക്കും.
അപകടത്തിന് ശേഷം രക്ഷപ്പെട്ട മോഹന്‍കുമാര്‍ സിഐഎസ്എഫ് ക്വാര്‍ട്ടേഴ്‌സിലേക്കാണ് നേരേ പോയത്. പിറ്റേന്ന് രാവിലെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. ക്രൂരമായ കൊലപാതകം നടത്തിയിട്ടും ഇയാള്‍ക്ക് എങ്ങനെ ജോലിയില്‍ പ്രവേശിക്കാന്‍ അനുമതിലഭിച്ചു എന്നും ആരാണ് ഇയാള്‍ക്ക് ഒത്താശ നല്‍കിയതെന്നും അന്വേഷിക്കുന്നുണ്ട്. ഡ്യൂട്ടി ക്രമീകരണം സംബന്ധിച്ച് സംസാരിക്കാന്‍ കാറില്‍ കമ്പനി കമാന്‍ഡറുടെ വീട്ടില്‍പോയി മടങ്ങുമ്പോഴാണ് സംഭവമുണ്ടായതെന്നാണ് ഇരുവരും മൊഴി നല്‍കിയിരിക്കുന്നത്. കമാണ്ടറുടെ വീട്ടില്‍ മദ്യ സല്‍ക്കാരം നടന്നുവെന്നും ആരോപണമുണ്ട്. കാറിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് ഐവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിപ്പിച്ചുകൊന്നത്.
കൊച്ചി വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന, ബിഹാര്‍ സ്വദേശികളായ സബ് ഇന്‍സ്പെക്ടര്‍ വിനയകുമാര്‍ ദാസ് (38), കോണ്‍സ്റ്റബിള്‍ മോഹന്‍കുമാര്‍ (31) എന്നിവരാണ് തുറവൂര്‍ സ്വദേശിയായ ഐവിന്‍ ജിജോയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്.
നെടുമ്പാശ്ശേരി, ഐവിന്‍ ജോസ്, കമാന്‍ഡര്‍