അമ്മ വാങ്ങി നല്‍കിയ ഫോണിലൂടെ ഫേസ്ബുക്ക് പരിചയം; കുട്ടിയുമായുള്ള സൗഹൃദം മുതലാക്കി വീട്ടിലെത്തി; മാതാപിതാക്കളുടെ അറിവോടെ പതിനഞ്ചുകാരിക്ക് ലൈംഗിക പീഡനം; 41-കാരന്‍ അറസ്റ്റില്‍; വിവരം മറച്ചു വച്ച രക്ഷിതാക്കളും പ്രതികള്‍

അമ്മ വാങ്ങി നല്‍കിയ ഫോണിലൂടെ ഫേസ്ബുക്ക് പരിചയം

Update: 2025-07-22 11:13 GMT

പത്തനംതിട്ട: പതിനഞ്ചുകാരിയെ മാതാപിതാക്കളുടെ അറിവോടെ വീട്ടിലെത്തി ലൈംഗിക പീഡനത്തിനും അതിക്രമത്തിനും ഇരയാക്കിയ കേസില്‍ കോഴിക്കോട് സ്വദേശിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നരിക്കുനി മണ്ണാറചാലില്‍ വീട്ടില്‍ സനോജ് (41)ആണ് പിടിയിലായത്. കഴിഞ്ഞ മാസം 27നാണ് ഇയാള്‍ കുട്ടിയുടെ വീട്ടിലെത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വീട്ടില്‍ വച്ച് ലൈംഗിക അതിക്രമം കാട്ടുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്യുകയായിരുന്നു. കേസില്‍ കുട്ടിയുടെ അച്ഛനും അമ്മയും രണ്ടും മൂന്നും പ്രതികളാണ്. വിവരം പോലീസിനെ അറിയിക്കാതെ മറച്ചുവച്ചതിന്റെ പേരിലാണ് ഇവരെ പ്രതികളാക്കിയത്.

ഒരു വര്‍ഷം മുമ്പാണ് പെണ്‍കുട്ടി ഫേസ്ബുക്ക് വഴി സനോജിനെ പരിചയപ്പെടുന്നത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മ വാങ്ങിനല്‍കിയ പുതിയ ഫോണിലൂടെ ആയിരുന്നു ഇരുവരും സന്ദേശങ്ങള്‍ അയച്ചിരുന്നത്. വീഡിയോ കോള്‍ ചെയ്യുകയും ചെയ്യാറുണ്ടായിരുന്നു. എന്‍സിസി ക്യാമ്പില്‍ ജോലി ആണെന്നും മറ്റും ഇയാള്‍ ബോധ്യപ്പെടുയത്തിയിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ വിശ്വാസം ആര്‍ജിച്ചെടുത്ത ഇയാള്‍ തുടര്‍ന്നാണ് ഇവരുടെ അറിവോടെ വീട്ടിലെത്തിയതും, കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതും. തുടര്‍ന്ന് ബന്ധു മരിച്ചെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പോയതാണ്.

ശിശുക്ഷേമസമിതിയില്‍ വിവരമറിഞ്ഞതിനെ തുടര്‍ന്ന് അവര്‍ ഇടപെടുകയും, കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയും ചെയ്തു. തുടര്‍ന്ന് കോഴഞ്ചേരി സഖി വണ്‍ സ്റ്റോപ്പ് സെന്റ്‌ററില്‍ പാര്‍പ്പിച്ചു. ഈമാസം 14 മുതല്‍ ഇവിടെ താമസിച്ചുവരികയായിരുന്നു. 18 ന് വിവരമറിഞ്ഞ കോയിപ്രം പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. വനിതാ എസ് ഐ ഐ വി ആശയാണ് വിശദമായ മൊഴി വണ്‍ സ്റ്റോപ്പ് സെന്ററിലെത്തി രേഖപ്പെടുത്തിയത്. കുട്ടിയുടെ മൊഴി കോടതിയിലും രേഖപ്പെടുത്തി. പോലീസ് ഇന്‍സ്പെക്ടര്‍ പി എം ലിബിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കുട്ടിയെ മെഡിക്കല്‍ നടത്തി തെളിവുകള്‍ ശേഖരിച്ചു.

പ്രതിക്ക് വേണ്ടി നടത്തിയ വ്യാപകഅന്വേഷണത്തില്‍ കോഴിക്കോട്ടെ വീടിനു സമീപത്തുനിന്നും ഉടനടി പിടികൂടി. വൈദ്യ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു, കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. പ്രതിയുടെ ഫോട്ടോ കുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞശേഷം ഇന്നുച്ചയോടെ അറസ്റ്റ് ചെയ്തു. സി പി ഓമാരായ റഷാദ്, അഖിലേഷ്,ടോജോ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. രണ്ടും മൂന്നും പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News