കാസര്‍ഗോഡ് പോക്‌സോ കേസ് പ്രതിയുടെ മരണത്തില്‍ ദുരൂഹത; മരണകാരണം ഹൃദയാഘാതമല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; ശരീരത്തില്‍ ഗുളികകളുടെ സാന്നിധ്യവും രക്തം കട്ട പിടിച്ച പാടുകളും; മുബഷീറിന്റെ മരണകാരണം കണ്ടെത്താന്‍ ആന്തരിക അവയവങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കും
കാസര്‍ഗോഡ് പോക്‌സോ കേസ് പ്രതിയുടെ മരണത്തില്‍ ദുരൂഹത
കാസര്‍ഗോഡ്: ജില്ലാ സബ് ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മുബഷീറിന്റെ മരണത്തില്‍ അന്വേഷണം തുടരുന്നു. തടവുകാരന്‍ മരിച്ചതിന് കാരണം ഹൃദയാഘാതം അല്ലെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ ഗുളികകളുടെ സാന്നിധ്യമുണ്ടെന്നും രക്തം കട്ട പിടിച്ച പാടുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ മരണത്തില്‍ ദുരൂഹത തുടരുകയാണ്. ആന്തരിക അവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയക്കും.
ഇന്നലെ പുലര്‍ച്ചയാണ് പോക്‌സോ കേസ് പ്രതിയായ കാസര്‍ഗോഡ് ദേളി സ്വദേശി മുബഷീറിനെ സ്‌പെഷ്യല്‍ സബ് ജയിലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം ആവാം മരണകാരണമെന്നായിരുന്നു നിഗമനം. എന്നാല്‍ ബന്ധുക്കള്‍ മര്‍ദനമേറ്റിട്ടുണ്ടെന്ന സംശയം പ്രകടിപ്പിച്ചതോടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ഇവിടെ നടന്ന പോസ്റ്റുമോട്ടത്തിലാണ് മരണകാരണം ഹൃദയാഘാതമല്ലെന്നും ശരീരത്തില്‍ മരുന്നിന്റെ സാന്നിധ്യം ഉണ്ടായിരുന്നെന്നും കണ്ടെത്തിയത്.
ശരീരത്തില്‍ മര്‍ദനമേറ്റതിന് സമാനമായ പാടുകള്‍ ഉണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തിന് ശക്തി പകരുന്നതാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രക്തം കട്ടകെട്ടിയ നിലയില്‍ കണ്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതാണോ മരണകാരണമെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. അതിനാല്‍ ആന്തരികാവയവങ്ങള്‍ രാസ പരിശോധനയ്ക്കായി ഫോറന്‍സിക്കിന് കൈമാറും.
പൂര്‍ണ ആരോഗ്യവാനായ മുബഷീറിന് ജയില്‍ അധികൃതര്‍ അനാവശ്യമായി മരുന്നുകള്‍ നല്‍കുന്നതായും ഉദ്യോഗസ്ഥരും സഹ തടവുകാരും മര്‍ദിച്ചിരുന്നതായും മുബഷീര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ പോസ്റ്റ്‌മോര്‍ട്ടവും അന്വേഷണവും വേണമെന്ന് കുടുംബം ആവശ്യപ്പെട്ടത്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമാകും കാസര്‍ഗോഡ് പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുക.
പോക്സോ കേസിലായിരുന്നു ഒരുമാസം മുമ്പ് മുബഷീര്‍ അറസ്റ്റിലായത്. സബ്ജയിലിലേക്ക് മാറ്റിയതിന് ശേഷം കാണാനെത്തിയ കുടുംബാംഗങ്ങളോട് തനിക്ക് മര്‍ദ്ദനമേറ്റ വിവരങ്ങളുള്‍പ്പെടെ പറഞ്ഞിരുന്നതായാണ് വിവരം. മാത്രമല്ല യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലാത്ത തനിക്ക് മരുന്നുകള്‍ തരുന്നുവെന്നും മുബഷീര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇന്നലെ രാവിലെ അഞ്ചുമണിക്ക് മുബഷീര്‍ മരിച്ചുവെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. മുബഷീറിന്റെ അയല്‍വാസി വഴിയാണ് കുടുംബം മരണവിവരം അറിയുന്നത്.
