മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ സ്വാഭാവിക നടപടി ക്രമങ്ങള്‍ക്ക് പോലീസ് സ്‌റ്റേഷനിലത്തിയ നടന്‍; അതീവ രഹസ്യമായി അതിവേഗത്തില്‍ നടപടികള്‍; ലൈംഗീക ശേഷി പരിശോധനയും നടത്തിയെന്ന് സൂചന; ഒന്നും സ്ഥിരീകരിക്കാതെ പോലീസ്; മുകേഷിന്റെ അറസ്റ്റില്‍ എന്നിട്ടും എല്ലാം പുറത്തറിഞ്ഞപ്പോള്‍

Update: 2024-10-22 01:53 GMT

തൃശൂര്‍: നടന്‍ മുകേഷ് എംഎല്‍എയെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത് അതിവേഗം. പുറത്തറിയാതിരിക്കാന്‍ അറസ്റ്റ് നടപടികള്‍ അസാധാരണ വേഗത്തില്‍ പൂര്‍ത്തിയാക്കി. നടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്. അതീവ രഹസ്യമായാണ് അറസ്റ്റ് നടപടി അതിവേഗത്തില്‍ പൂര്‍ത്തിയാക്കിയത്.

ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്പി ഐശ്വര്യ ഡോംഗ്രേ സ്ഥലത്തെത്തിയാണ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. ലൈംഗിക ശേഷി പരിശോധനയാണ് നടത്തിയതെന്നാണ് സൂചന. വിവരം പുറത്തുപോകാതിരിക്കാന്‍ പൊലീസുകാര്‍ക്ക് എസ്പി നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്. മുമ്പ് മറ്റൊരു കേസിലും മുകേഷിനെ അറസ്റ്റു ചെയ്തിരുന്നു. അതിലും ഇത്തരം പരിശോധനകള്‍ നടത്തിയിരുന്നു.

തൃശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ ഇന്നലെ രാത്രി ഏഴു മണിയോടെയാണ് മുകേഷ് ഹാജരായത്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. നിത ഐ.പി.എസ് ഉദ്യോഗസ്ഥയാണ് വിവരം പുറത്ത് പോകാതിരിക്കാന്‍ പൊലീസുകാരെ ചട്ടം കെട്ടിയതെന്നാണ് ലഭിക്കുന്ന വിവരം. 2011ല്‍ വടക്കാഞ്ചേരിയില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വച്ച് മുകേഷ് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് ആലുവ സ്വദേശിനിയായ നടിയുടെ പരാതി. മുകേഷിനെ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം മറ്റ് നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി വിട്ടയക്കുകയായിരുന്നു.

2011 ല്‍ വാഴാനിക്കാവില്‍ ഒരു സിനിമാ ചിത്രീകരണ സമയത്ത് ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് നടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. അടുത്തിടെയാണ് സംഭവത്തില്‍ യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് വടക്കാഞ്ചേരി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഈ പരാതി ഉള്‍പ്പെടെ സിനിമാ മേഖലയില്‍ നിന്നുള്ള പരാതികള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം എത്തി. അതിന് ശേഷമുള്ള സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യവും മുകേഷിനുണ്ട്.

ഇതേ നടിയുടെ മറ്റൊരു പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം കൈമാറിയ കേസില്‍ മരട് പോലീസും മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. വടക്കാഞ്ചേരി കേസില്‍ മുകേഷ് എംഎല്‍എയെ നേരത്തേ ചോദ്യം ചെയ്തിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാതലത്തില്‍ ഉയര്‍ന്നു വന്ന ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെ നിയമിച്ച പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്. എംഎല്‍എ ആയതിനാല്‍ ഐഡന്റിഫിക്കേഷന്റെ ആവശ്യമില്ല, 2010ല്‍ നടന്ന സംഭവമായതിനാല്‍ അടിയന്തര തെളിവു ശേഖരണത്തിന്റെ ആവശ്യമില്ല എന്നിവ ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.

Tags:    

Similar News