കൊലപാതക ശേഷം മീശ വടിച്ച് രൂപം മാറി; മൊബൈൽ ഫോൺ ഉപേക്ഷിച്ച് ഒളിവിൽ പോയി; നാല് ദിവസത്തോളം പോലീസിനെ വട്ടം കറക്കി; ഒടുവിൽ പിടിയിലായപ്പോൾ ആളുമാറി പോയെന്ന് വാദം; പുല്ലാട് ഭാര്യയെ കുത്തി കുടൽ മാല പുറത്തെടുത്ത ക്രൂരതയ്ക്ക് കാരണമായത് സംശയ രോഗം
പത്തനംതിട്ട: പുല്ലാട് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പോലീസിനെ വട്ടം കറക്കി ഒളിവിൽ കഴിഞ്ഞ പ്രതിയെ പോലീസ് പിടികൂടിയത് സുപ്രധാന നീക്കത്തിലൂടെ. പത്തനംതിട്ട കവിയൂർ സ്വദേശി ജയകുമാറാണ് പോലീസിന്റെ പിടിയിലായത്. വയറിന് കുത്തി കുടൽ മാല പുറത്തെടുത്ത ശേഷം രൂപം മാറി ഒളിവിൽ കഴിയവെയാണ് ജയകുമാർ പിടിയിലായത്. സംശയത്തെ തുടർന്ന് ഭാര്യ ശ്യാമയെ കൊലപ്പെടുത്തിയ പ്രതി, ഭാര്യപിതാവിനെയും ബന്ധുവിനെയും ആക്രമിച്ചിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിൽ പോയി നാലാം ദിവസമാണ് പ്രതി പിടിയിലായത്.
ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പുല്ലാട് ആലുംന്തറയിലെ ഭാര്യ വീട്ടിൽ കുടുംബ കലഹത്തെ തുടർന്ന് ജയകുമാർ അക്രമം നടത്തുകയായിരുന്നു. ജയകുമാർ ഭാര്യ ശ്യാമയുടെ വയറ്റിൽ കുത്തി കുടൽമാല പുറത്തിടുകയായിരുന്നു. തടയാൻ ശ്രമിച്ച ഭാര്യ പിതാവ് ശശിയെയും ബന്ധുവായ രാധാമണിയെയും ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചു. മൂന്ന് പെൺകുഞ്ഞുങ്ങളാണ് ജയകുമാറിനുള്ളത്. മക്കളെ നാട്ടുകാരെത്തിയാണ് രക്ഷപ്പെടുത്തി. ഭാര്യയുടെ മേലുള്ള സംശയമായിരുന്നു ആക്രമണത്തിന് കാരണം.
കൊലപാതക ശേഷം മീശ വടിച്ച് രൂപം മാറിയാണ് പ്രതി ഒളിവിൽ പോയത്. മൊബൈൽ ഫോൺ ഉപേക്ഷിച്ചു. ഇതോടെ നാല് ദിവസത്തോളം പ്രതി പോലീസിനെ വട്ടം കറക്കി. തിരുവല്ല നഗരത്തിൽ മേൽപ്പാലത്തിന് താഴെനിന്നാണ് സപെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടുന്നത്. പിടിയിലായപ്പോഴും പലകള്ളങ്ങളും ജയകുമാർ പറഞ്ഞു. ആളുമാറി പോയി എന്ന് ആദ്യം ശക്തമായി വാദിച്ചു. എന്നാൽ പിന്നീട് സ്റ്റേഷനിൽ കീഴടങ്ങാൻ വരികയായിരുന്നു എന്നായി പ്രതികരണം.
ജയകുമാറും ശ്യാമയും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് വിവരം. ശ്യാമയെ ഭര്‍ത്താവ് ജയകുമാറിന് സംശയമായിരുന്നു. ഇതാണ് വഴക്കിന് പ്രധാനകാരണമായിരുന്നതും. ശാരീരിക ഉപദ്രവമടക്കം പതിവായതോടെ ശ്യാമ ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഒന്നല്ല, പലവട്ടം യുവതി പോലീസില്‍ ഇത്തരത്തില്‍ പരാതിയുമായെത്തിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ കൗണ്‍സലിങ് നല്‍കി വിട്ടയക്കുകയാണ് പോലീസ് ചെയ്തത്.
ജയകുമാറിന്‍റെ കുത്തേറ്റ ശശിയും രാധാമണിയും കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി ഉപേക്ഷിച്ചെന്നാണ് മൊഴി. കോയിപ്രം സ്റ്റേഷനിൽ വിശദമായ ചോദ്യംചെയ്യൽ തുടരുകയാണ്. തിരുവല്ല നഗരത്തിൽ നിന്ന് സപെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ജയകുമാറിനെ പിടികൂടിയത്.