ബലാത്സംഗകേസ് നൽകിയതിൽ വിരോധം; പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി നൽകിയില്ല; ജാമ്യത്തിലിറങ്ങിയ പ്രതി ബൈക്കിൽ പിന്തുടർന്നെത്തി അതിജീവതയെ വെടിവെച്ചു; നെഞ്ചിൽ വെടിയേറ്റ യുവതിയ്ക്ക് ഗുരുതര പരിക്ക്; പ്രതികൾ പിടിയിൽ
ന്യൂഡൽഹി: ബലാത്സംഗകേസിൽ ജാമ്യത്തിലിറങ്ങി അതിജീവിതയെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ. അബുസായിർ സാഫി സഹായിയായ അമൻ ശുക്ല എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡൽഹിയിലാണ് സംഭവം. യുവതിയുടെ നെഞ്ചിലാണ് വെടിയേറ്റത്. ഡൽഹി എയിംസിൽ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമായി തുടരുന്നുവെന്നാണ് റിപ്പോർട്ട്. ബൈക്കിൽ പിന്തുടർന്ന് എത്തിയ പ്രതികൾ യുവതിയെ വെടിവെയ്ക്കുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് യുവതിക്ക് നേരെ അക്രമമുണ്ടായത്. ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ പ്രതികൾ ബൈക്കിൽ പിന്തുടർന്നെത്തി വെടിയുതിർക്കുകയായിരുന്നു.
യുവതിക്ക് വെടിയേറ്റെന്ന് കൺട്രോൾ റൂമിലേക്ക് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഭവ സ്ഥലത്തെത്തി. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് വെടിയേറ്റ വിവരം പോലീസിനെ അറിയിച്ചത്. പെൺകുട്ടിയെ എയിംസ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഡ്രൈവർ പോലീസിനോട് പറഞ്ഞു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ 109(1) (കൊലപാതകശ്രമം, ആയുധ നിയമത്തിലെ 3(5) എന്നീ വകുപ്പുകൾ പ്രകാരം വസന്ത് വിഹാർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പീഡന കേസ് നല്കിയിരുന്നതിനാൽ സഫിയയ്ക്ക് അതിജീവതയോട് വിരോധമുള്ളതായി പോലീസ് കണ്ടെത്തി. പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും യുവതി പ്രതികരിക്കാൻ വിസമ്മതിച്ചു, ഇതാണ് ആക്രമണത്തിന് കാരണമായതെന്നും പോലീസ് വ്യകതമാക്കുന്നു. സലൂൺ മാനേജറായാണ് യുവതി ജോലി ചെയ്യുന്നത്. ഇവർ കഴിഞ്ഞ വർഷമാണ് സാഫിക്കെതിരെ ബലാത്സംഗ പരാതി നൽകിയത്. തുടർന്ന് സാഫിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസമാണ് സാഫിക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്.
സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച മോട്ടോർ സൈക്കിൾ കണ്ടെടുത്തതായും പോലീസ് പറഞ്ഞു. വെടിവയ്പ്പിന് ഉപയോഗിച്ച തോക്ക് സഫിയയുടെ പക്കൽ നിന്നും പോലീസ് പിടിച്ചെടുതിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനും പ്രതിയുടെ പശ്ചാത്തലം പരിശോധിക്കുന്നതിനും കൂടുതൽ അന്വേഷണം നടക്കുന്നുണ്ട് പോലീസ് പറഞ്ഞു.പെൺകുട്ടിക്ക് ബോധം വന്നുവെന്നും ഇപ്പോൾ അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡൽഹി സൗത്ത്-വെസ്റ്റ് ഡി.സി.പി അറിയിച്ചു.