വീടിനുള്ളിൽ 3.5 അടി ആഴവും 6 അടി നീളവുമുള്ള ഒരു കുഴിയെടുത്തു; പിന്നാലെ പുതിയ ടൈലുകൾ കൊണ്ട് മൂടി; കാമുകന്‍റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചു; യുവാവിനെ തേടി സഹോദരങ്ങൾ എത്തിയപ്പോൾ ടൈലുകളിൽ ചിലതിന് നിറംമാറ്റം; പുറത്ത് വന്നത് ഞെട്ടിക്കുന്ന കൊലപാതകം; ഭാര്യയും കാമുകനും ഒളിവിൽ
മുംബൈ: യുവാവിനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ട കേസിൽ ഭാര്യയേയും കാമുകനെയും തേടി പോലീസ്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. വിജയ് ചവാൻ (35) ആണ് കൊല്ലപ്പെട്ടത്. ഭാര്യ കോമൾ (28), അയൽവാസിയായ മോനു എന്നിവർ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. വീടിനുള്ളിലെ തറയിലെ ടൈലുകളിൽ നിറവ്യത്യാസം വിജയ് ചവാന്റെ സഹോദരന്മാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കൊലപാതക വിവരം പുറത്ത് വരുന്നത്.
മുംബൈയിൽ നിന്ന് 70 കിലോമീറ്റർ അകലെ നളസോപാര ഈസ്റ്റിലെ ഗഡ്ഗപദയിലാണ് വിജയ് ചവാനും ഭാര്യ കോമളും താമസിച്ചിരുന്നത്. കൊലപാതകത്തിന് 12 ദിവസം മുമ്പ്, വീടിനുള്ളിൽ 3.5 അടി ആഴവും 6 അടി നീളവുമുള്ള ഒരു കുഴി കുഴിച്ചതായും പിന്നീടത് പുതിയ ടൈലുകൾ കൊണ്ട് മൂടുകയും ചെയ്തിരുന്നു. വിജയ് ചവാനെ കഴിഞ്ഞ 15 ദിവസമായി കാണാനില്ലായിരുന്നു. സംശയം തോന്നിയ സഹോദരങ്ങൾ വിജയ് ചവാനെ അന്വേഷിച്ച് വീട്ടിൽ എത്തിയിരുന്നു. എന്നാൽ വിജയ് ജോലിക്ക് പോയിരിക്കുകയാണെന്നായിരുന്നു കോമൾ നൽകിയ മറുപടി.
ജൂലൈ 19 ന്, കോമള ഒരു പ്രാദേശിക വിൽപ്പനക്കാരനിൽ നിന്ന് സമൂസ വാങ്ങിയ ശേഷം ഏഴ് വയസ്സുള്ള മകനോടൊപ്പം വീട്ടിൽ നിന്ന് ഇറങ്ങുന്നത് സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പിന്നീട് കോമൾ തിരിച്ചെത്തിയില്ല. തിങ്കളാഴ്ച രാവിലെ വിജയ്‌യെ അന്വേഷിച്ച് സഹോദരന്മാർ വീട്ടിലെത്തി. തറയിലെ ടൈലുകളിൽ ചില വ്യത്യാസങ്ങൾ ഉടനടി ഇവരുടെ കണ്ണിൽപ്പെട്ടു. ചില ടൈലുകളുടെ നിറം മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായിരുന്നു. സംശയം തോന്നിയതിനാൽ വേറിട്ടു നിന്ന ടൈലുകൾ നീക്കം ചെയ്‌തു നോക്കി.
ടൈലുകൾക്ക് അടിയിൽ കുഴിച്ചിട്ട നിലയിൽ വസ്ത്രം കണ്ടെത്തി. വീടിനുള്ളിൽ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതോടെ സഹോദരങ്ങൾ ഉടനെ പോലീസിനെ അറിയിച്ചു. അവർ ഭയന്നതു പോലെ തന്നെ സംഭവിച്ചു. പോലീസുകാർ എത്തി കുഴിച്ചുനോക്കിയപ്പോൾ വിജയ് ചവാന്‍റെ മൃതദേഹം കണ്ടെത്തി. ഈ സമയത്ത് ഭാര്യ കോമൾ സ്ഥലത്തുണ്ടായിരുന്നില്ല. അയൽവാസി മോനുവിനെയും രണ്ട് ദിവസമായി കാണാനില്ല. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും കൊലപാതകം നടത്തി മുങ്ങുകയായിരുന്നുവെന്നും പോലീസ് പറയുന്നു.കുട്ടിയോടൊപ്പം ചമനും മോനുവും ഒളിവിലാണ്. ഇരുവരെയും കണ്ടെത്താൻ പോലീസ് സംഘം അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.