ആ തീവണ്ടി മിസ്സായതോടെ ജീവിതം തീര്‍ന്നെന്ന് തോന്നി; ആത്മഹത്യക്ക് മുമ്പ് നവീന്‍ ബാബു നാലര മണിക്കൂര്‍ റെയില്‍വേ സ്റ്റേഷനില്‍; ബാഗുമായി പ്ലാറ്റ്ഫോമിലെ കസേരയില്‍ തലചായ്ച്ച് അരമണിക്കൂര്‍; ഇടയ്ക്ക് ഫോണ്‍വിളി; പ്ലാറ്റ് ഫോമിലൂടെ നടന്നു.. ഇടയ്ക്ക് പാളത്തിലും ഇറങ്ങി; ആ മാനസിക സംഘര്‍ഷങ്ങളുടെ ദൃശ്യങ്ങള്‍ ലഭിച്ചു
ആ തീവണ്ടി മിസ്സായതോടെ ജീവിതം തീര്‍ന്നെന്ന് തോന്നി
കണ്ണൂര്‍: ഉന്നത സ്ഥാനത്തിരിക്കുന്നവരുടെ കുത്തുവാക്കുകള്‍ എങ്ങനെയാണ് ആളുകളുടെ ജീവിതം തകര്‍ക്കുന്നത് എന്നതിന്റെ തെളിവാണ എഡിഎം നവീന്‍ ബാബുവിന്റെ മരണം. കടുത്ത മാനസിക സംഘര്‍ഷത്തെ അതിജീവിക്കാന്‍ സാധിക്കാതെ ജീവനൊടുക്കുകയായിരുന്നു നവീന്‍ ബാബു. പി പി ദിവ്യയുടെ ഭീഷണിയെ ഒരുപക്ഷേ അദ്ദേഹം അതിജീവിച്ചേനേ... ആ തീവണ്ടി മിസ്സാകാതിരുന്നെങ്കില്‍..! എന്നാല്‍, വിധി മറിച്ചായിരുന്നു.
ആരെങ്കിലും അദ്ദേഹത്തെ ഒന്ന് ആശ്വസിപ്പിച്ചിരുന്നെങ്കില്‍, ഒന്ന് മനസ്സു തുറന്ന് സംസാരിച്ചിരുന്നെങ്കില്‍ അദ്ദേഹം ഇന്ന് ജീവിച്ചിരുന്നേനേ. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. നവീന്‍ ബാബു ആത്മഹത്യക്ക് മുമ്പ് അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളുടെ സി സി ടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആദ്യം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ പരിസരത്തെത്തിയ അദ്ദേഹം മടങ്ങിപ്പോവുകയായിരുന്നു. പിന്നീട് ബാഗുമായി വീണ്ടും എത്തിയപ്പോഴേക്കും തീവണ്ടി പുറപ്പെട്ടിരുന്നു. പിന്നീട് മണിക്കൂറുകളോളം സ്റ്റേഷനില്‍ ചെലവിട്ട ശേഷമാണ് തിരിച്ച് ക്വാര്‍ട്ടേഴ്സിലേക്ക് പോയതും ജീവനൊടുക്കിയതും.
ആത്മഹത്യക്ക് മുന്ന് നാലര മണിക്കൂറാണ് നവീന്‍ ബാബു റെയില്‍വേ സ്റ്റേഷനില്‍ ചിലവഴിച്ചത്. ഇത് സംബന്ധിച്ച സിസി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ആകെ മാനസികനില തകര്‍ന്നവനെ പോലെയായിരുന്നു അദ്ദേഹം. യാത്രയയപ്പ് യോഗത്തിനുശേഷം വൈകീട്ട് ആറോടെ ഔദ്യോഗിക വാഹനത്തില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെട്ട അദ്ദേഹം 200 മീറ്റര്‍ ദൂരെ മുനീശ്വരന്‍ കോവിലിന് സമീപം ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞ് കാറില്‍നിന്ന് ഇറങ്ങിയിരുന്നു. കോവില്‍ പരിസരത്ത് കുറച്ച് സമയം ചെലവഴിച്ചശേഷം 6.45-ഓടെ ഓട്ടോറിക്ഷയില്‍ താമസസ്ഥലമായ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തിരിച്ചെത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
പിന്നീട് ഭാര്യ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഫോണ്‍ ചെയ്തു. നേരത്തേ ബുക്ക് ചെയ്ത മലബാര്‍ എക്‌സ്പ്രസിന് നാട്ടിലേക്ക് പോകാനായി 8.35-ഓടെ ക്വാര്‍ട്ടേഴ്‌സ് പൂട്ടിയിറങ്ങി. പള്ളിക്കുന്നില്‍നിന്ന് ഓട്ടോറിക്ഷയില്‍ നേരേ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും തീവണ്ടി സ്റ്റേഷന്‍ വിട്ടിരുന്നു. അതോടെ ബാഗുമായി പ്ലാറ്റ്ഫോമിലെ കസേരയില്‍ തലചായ്ച്ച് അരമണിക്കൂറോളം ഇരുന്നു. വീണ്ടും ഫോണ്‍ വിളിച്ചു. പിന്നീട് ഇരിപ്പിടത്തില്‍ ബാഗ് വെച്ചശേഷം പ്ലാറ്റ്‌ഫോമിലൂടെ കൂറെദൂരം നടന്നു. അതിനിടയില്‍ പാളത്തില്‍ ഇറങ്ങുന്നതായും സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യത്തിലുണ്ട്. പാളത്തില്‍ അദ്ദേഹം ഇറങ്ങിയത് പോലും സകലതും തകര്‍ന്നവനെ പോലെയായിരുന്നു.
സ്റ്റേഷനകത്ത് നടക്കുകയും ഇരിക്കുകയും ചെയ്യുന്നതിനിടയില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു. ഇടയ്ക്ക് ഫോണ്‍ ചെയ്തു. പിന്നീട് വീണ്ടും സീറ്റിലെത്തിയശേഷം മണിക്കൂറുകളോളം സാമൂഹികമാധ്യമങ്ങളില്‍ നോക്കിയിരുന്നു. പുലര്‍ച്ചെ ഒന്നോടെ ബാഗുമായി സ്റ്റേഷന് പുറത്തിറങ്ങി. റോഡില്‍ ഇറങ്ങി ഓട്ടോറിക്ഷയില്‍ വീണ്ടും പള്ളിക്കുന്നിലെ താമസസ്ഥലത്തേക്ക് പോയി. പുലര്‍ച്ചെ 1.30 വരെ ഓണ്‍ലൈനില്‍ ഉണ്ടായതായി അന്വേഷണസംഘം നേരത്തേ കണ്ടെത്തിയിരുന്നു. പുലര്‍ച്ചെ അഞ്ചിനു ആറിനും ഇടയിലാണ് അദ്ദേഹം ജീവനൊടുക്കിയത് എന്നാണ് സൂചന.
യാത്രയയപ്പ് യോഗത്തിനുശേഷം ഔദ്യോഗിക വാഹനത്തില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള മുനീശ്വരന്‍ കോവിലിനടുത്ത് എ.ഡി.എം. കെ.നവീന്‍ ബാബു ഇറങ്ങുമ്പോള്‍ ക്വാര്‍ട്ടേഴ്സിന്റെ ഒരു താക്കോല്‍ തനിക്ക് കൈമാറിയിരുന്നതായി ഡ്രൈവര്‍ എം.ഷംസുദ്ദീന്‍ മൊഴി നല്‍കിയിരുന്നു. നവീന്റെ ക്വാര്‍ട്ടേഴ്സില്‍ നേരത്തേ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ താമസിച്ചിരുന്നു. അദ്ദേഹം മുറിവിടുമ്പോള്‍ കൈമാറിയ താക്കോലുപയോഗിച്ചാകും നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ച നവീന്‍ ബാബു തിങ്കളാഴ്ച രാത്രി ക്വാര്‍ട്ടേഴ്സ് തുറന്നതെന്നാണ് പോലീസിന്റെ നിഗമനം.
യാത്രയയപ്പ് യോഗത്തിനുശേഷം പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സ് ഒഴിവാക്കി പോകാനായിരുന്നു അദ്ദേഹം ആദ്യം തീരുമാനിച്ചിരുന്നത്. അതിനായി ക്വാര്‍ട്ടേഴ്സിന്റെ താക്കോല്‍ കളക്ടറേറ്റില്‍ തിരിച്ചേല്‍പ്പിച്ചു. എന്നാല്‍, ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യ യാത്രയയപ്പ് യോഗത്തില്‍ കയറിച്ചെന്ന് നടത്തിയ പ്രസംഗത്തിനുശേഷം അദ്ദേഹം താക്കോല്‍ വീണ്ടും വാങ്ങി. തീവണ്ടിയുടെ സമയമാകാറായപ്പോള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഔദ്യോഗിക വാഹനത്തില്‍ പുറപ്പെട്ടെങ്കിലും പാതിവഴിയില്‍ ഇറങ്ങി.
അപ്പോഴാണ് ഷംസുദ്ദീന് താക്കോല്‍ കൈമാറിയത്. ഏറെ ദുരൂഹമാണ് പുറത്തു വന്ന വിവരങ്ങള്‍. കൈയ്യിലുള്ള താക്കോല്‍ തിരികെ കൊടുക്കുകയും വാങ്ങുകയും ചെയ്തു. ഇതാകും ഡ്രൈവര്‍ക്ക് നല്‍കിയത്. വസ്ത്രം ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മുന്‍പ് അവധിക്ക് പോയപ്പോള്‍ നവീന്‍ ബാബു നാട്ടിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍, യാത്രയയപ്പ് യോഗം കഴിഞ്ഞ് നാട്ടിലേക്ക് പോകുമ്പോള്‍ എടുക്കാനായി ബാക്കിയുള്ള സാധനങ്ങളൊന്നും ഓഫീസിലേക്ക് അദ്ദേഹം കൊണ്ടുവന്നിരുന്നുമില്ല. ഫോണ്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ക്വാര്‍ട്ടേഴ്സിലെത്തിയവര്‍ കണ്ടത് മുന്‍വാതില്‍ പാതി തുറന്നിട്ട നിലയിലായിരുന്നു.
അതിരാവിലെ ഉണര്‍ന്ന് വാതില്‍ തുറന്നിടുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നുവെന്ന തരത്തിലാണ് പ്രചരണം. അത് പ്രതീക്ഷിച്ചാണ് ഡ്രൈവറും ഗണ്‍മാനും അയല്‍വാസിയും മുറിക്കുള്ളില്‍ കയറിയത് അത്രേ എന്നും പറയുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് മരണം നടന്നത് 15ന് പുലര്‍ച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലെന്നാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണു സൂചന. കഴുത്തില്‍ കയര്‍ മുറുകിയാണു മരണം സംഭവിച്ചത്. ശരീരത്തില്‍ മറ്റു മുറിവുകളോ മൂന്നാമതൊരാളുടെ സാന്നിധ്യമോ സംശയിക്കാവുന്ന കാര്യങ്ങളോ ഇല്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. സഹപ്രവര്‍ത്തകരായ 2 പേരുടെ വാട്സാപ്പില്‍ നവീന്‍ ബാബു 15ന് പുലര്‍ച്ചെ 4.58ന് ഭാര്യയുടെയും മകളുടെയും മൊബൈല്‍ നമ്പറുകള്‍ അയച്ചുകൊടുത്തിരുന്നു. ഇതിനു ശേഷമാണു മരണം സംഭവിച്ചതെന്നാണു കരുതുന്നത്.