ആന്തരിക അവയവങ്ങളിലും ശരീരത്തിലും മറ്റുപരിക്കുകളില്ല എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; പിന്നെ അടിവസ്ത്രത്തിലെ രക്തക്കറ എങ്ങനെ വരും? പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ക്കെതിരെ നവീന്റെ ബന്ധുക്കള്‍; അന്വേഷണം തുടക്കം മുതല്‍ ശരിയായ ദിശയിലല്ല നടക്കുന്നതെന്നും നവീന്റെ ബന്ധു
ആന്തരിക അവയവങ്ങളിലും ശരീരത്തിലും മറ്റുപരിക്കുകളില്ല എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
പത്തനംതിട്ട: കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വരുമോ എന്ന് ഹൈക്കോടതി തീരുമാനിക്കുന്ന നിലയാണ് ഇപ്പോള്‍. നവീന്റെ മരണത്തില്‍ അടക്കം ദുരൂഹതകള്‍ ആരോപിച്ചാണ് ഭാര്യ മഞ്ജുഷ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ അറിയിച്ചെങ്കിലും ഇതിന് ഉടക്കുമായി നില്‍ക്കുന്നത് സംസ്ഥാന സര്‍ക്കാറാണ്. സിപിഎമ്മും സിബഐ അന്വേഷണത്തെ എതിര്‍ക്കുന്നു. ഇതോടെ കേസിലെ താല്‍പ്പര്യം ദൂരമായി തുടരുകയാണ്. ഇതിനിടെയാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട നിര്‍ണായക വിവരം പുറത്തുവന്നത്.
കണ്ണൂരില്‍ മരിച്ച എഡിഎം നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നുവെന്ന പൊലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പിന്നീട് പരിഗണിക്കപെടാതെ പോയതാണ് വിവാദത്തിന് ആധാരമാകുന്നത്. ഇതോടെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ക്കെതിരെ നവീന്‍ബാബുവിന്റെ ബന്ധുക്കള്‍ രംഗത്തുവന്നു. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് കൃത്യമായി വായിച്ചു നോക്കേണ്ടതായിരുന്നുവെന്ന് നവീന്‍ ബാബുവിന്റെ ബന്ധു അഡ്വ. അനില്‍ പി നായര്‍ പറഞ്ഞു. ആന്തരിക അവയവങ്ങളിലും ശരീരത്തിലും മറ്റുപരിക്കുകളില്ല എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു, പിന്നെ അടിവസ്ത്രത്തിലെ രക്തക്കറ എങ്ങനെ വരും എന്നാണ് അനില്‍ ചോദിക്കുന്നത്.
ഇക്കാര്യം വിശദീകരിക്കാന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല, ഇത് സംബന്ധിച്ച് ഒരു അന്വേഷണവും നടന്നില്ല. ശാസ്ത്രീയ അന്വേഷണം നടത്തിയില്ലെന്ന് അതുകൊണ്ട് തന്നെ വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നവീന്‍ ബാബുവിന്റെ മരണത്തില്‍ ഇപ്പോഴും ഗൂഢാലോചന സംശയിക്കുന്നുണ്ട്. മൃതശരീരത്തില്‍ നിന്നും രക്തസ്രാവം ഉണ്ടായിട്ടുണ്ട്. അതിനര്‍ത്ഥം ഒരു മുറിവ് ശരീരത്തില്‍ എവിടെയോ ഉണ്ടായിട്ടുണ്ട് എന്നാണ്. അത് എന്തായിരുന്നു എന്ന് പറയേണ്ടത് പൊലീസിന്റെ ബാധ്യതയും പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ ചുമതലയുമാണ്.
അന്വേഷണം തുടക്കം മുതല്‍ ശരിയായ ദിശയിലല്ല നടക്കുന്നത്. ഒരു പ്രതി മാത്രമല്ല ഇതിലുള്ളത്, ഒന്നിലധികം പേര്‍ നവീന്‍ ബാബുവിന്റെ മരണത്തില്‍ ഇടപെട്ടിട്ടുണ്ട്. കുറ്റക്കാരെല്ലാം കോടതിക്ക് മുന്നിലെത്തണം. അതുകൊണ്ട് തന്നെ സിബിഐ അന്വേഷണം കോടതി പ്രഖ്യാപിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് നവീന്‍ ബാബുവിന്റെ ബന്ധു അഡ്വ. അനില്‍ പി നായര്‍ പറഞ്ഞു.
ഒക്ടോബര്‍ 15-ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നുവെന്ന് പരാമര്‍ശമുള്ളത്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്തക്കറയുടെ പരാമര്‍ശങ്ങളില്ല. എഫ്‌ഐആറിലും മറ്റു സംശയങ്ങള്‍ പറയുന്നില്ല. നവീന്‍ ബാബുവിന്റെത് കൊലപാതകമല്ല ആത്മഹത്യ തന്നെയെന്ന് പൊലീസ് സിബിഐ അന്വേഷണത്തെ എതിര്‍ത്തുകൊണ്ട് ഹൈക്കോടതിയെ അറിയിച്ചത്. ഈ വാദം തെറ്റാണെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലൂടെ പുറത്ത് വരുന്നതെന്നാണ് നവീന്റെ കുടുംബം പറയുന്നത്.
മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ മാറ്റിയശേഷമാണ് മൃതദേഹപരിശോധനയ്ക്ക് കൈമാറിയത്. ഇങ്ങനെയാണ് സാധാരണ നടപടിക്രമം. ജോക്കി എന്ന് എഴുത്തുള്ളതും ചാരനിറത്തിലുള്ളതുമായ അടിവസ്ത്രമാണ്, മരിക്കുമ്പോള്‍ നവീന്‍ബാബു ധരിച്ചിരുന്നത്. അടിവസ്ത്രം രക്തക്കറകളോടുകൂടിയ നിലയിലായിരുന്നുവെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. തുടകള്‍, കണങ്കാലുകള്‍, പാദങ്ങള്‍ എന്നിവ സാധാരണനിലയിലാണെന്നും എഴുതിയിട്ടുണ്ട്. രക്തക്കറകളെക്കുറിച്ച് മറ്റു പരാമര്‍ശങ്ങളൊന്നും റിപ്പോര്‍ട്ടിലില്ല.
എഫ്.ഐ.ആറില്‍ രക്തക്കറയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളൊന്നും ഇല്ല. മരണകാര്യത്തില്‍ മറ്റു സംശയങ്ങളൊന്നും ഇല്ലെന്നാണ് എഫ്.ഐ.ആറിലെ ഉള്ളടക്കം. ഇന്‍ക്വസ്റ്റ് നടത്താന്‍ രക്തബന്ധുക്കള്‍ ആരും സ്ഥലത്തില്ലാത്തതിനാല്‍ അവരുടെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. ഒക്ടോബര്‍ 15-ന് രാവിലെ 10.15-ന് തുടങ്ങി 11.45-നാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത്. മരണവിവരമറിഞ്ഞ് പത്തനംതിട്ടയില്‍നിന്ന് കണ്ണൂരിന് തിരിച്ച ബന്ധുക്കള്‍ 11.50-ഓടെ കണ്ണൂര്‍ പോലീസ് ഡെപ്യൂട്ടി കമ്മിഷണറെ വിളിച്ചപ്പോഴാണ് ഇന്‍ക്വസ്റ്റ് കഴിഞ്ഞവിവരം അറിയുന്നത്.
മൃതദേഹപരിശോധന പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തുന്നതില്‍ തങ്ങള്‍ക്ക് വിയോജിപ്പുണ്ടെന്നും, കോഴിക്കോട്ടേക്ക് മാറ്റണമെന്നും ഡി.സി.പി.യോട് അപ്പോഴാണ് ആവശ്യപ്പെട്ടത്. ആരോപണവിധേയയായ പി.പി.ദിവ്യയുടെ ഭര്‍ത്താവും, കൈക്കൂലി നല്‍കിയെന്ന് ആരോപണമുന്നയിച്ച പ്രശാന്തനും ജോലിചെയ്യുന്ന സ്ഥലമായതിനാലാണ് പരിയാരത്തുനിന്ന് മൃതദേഹപരിശോധന മാറ്റണമെന്ന് ആവശ്യപ്പെട്ടത്. കളക്ടറോട് പറയുന്നതായിരിക്കും ഉചിതം എന്നായിരുന്നു മറുപടി. പിന്നീട് കളക്ടര്‍ അരുണ്‍ കെ.വിജയനെ ബന്ധുക്കള്‍ വിളിച്ചു. മൃതദേഹപരിശോധന തുടങ്ങിയ കാര്യം അപ്പോഴാണ് അറിഞ്ഞത്.
അതേസമയം കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റേത് തൂങ്ങിമരണമാണെന്ന് വ്യക്തമാക്കുന്ന വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും നേരത്തെ പുറത്തുവന്നിരുന്നു. നവീന്‍ ബാബുവിന്റെ ശരീരത്തില്‍ പരിക്കുകള്‍ ഇല്ലായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.ഒക്ടോബര്‍ 15ന് ഉച്ചയ്ക്ക് 12.40നും 1.50നും ഇടയിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്.തലയോട്ടിക്ക് പരിക്കില്ല. വാരിയെല്ലുകള്‍ക്ക് ക്ഷതമില്ല. ഇടത് ശ്വാസകോശത്തിന്റെ മുകള്‍ഭാഗം നെഞ്ചിന്റെ ഭിത്തിയോട് ചേര്‍ന്ന നിലയിലാണ്.
പേശികള്‍ക്കും പ്രധാന രക്തക്കുഴലുകള്‍ക്കും പരിക്കില്ല. തരുണാസ്ഥി, കശേരുക്കള്‍ എന്നിവയ്ക്കും പരിക്കില്ല. അന്നനാളം സാധാരണ നിലയിലായിരുന്നു. കണ്ണുകള്‍ അടഞ്ഞിരിക്കുകയായിരുന്നു. മൂക്ക്, വായ, ചെവി എന്നിവയ്ക്ക് പരിക്കില്ലായിരുന്നു. ചുണ്ടുകള്‍ നീല നിറത്തിലായിരുന്നു. പല്ലുകള്‍ക്കും മോണകള്‍ക്കും കേടില്ല. നാവ് കടിച്ചിരുന്നു. വിരലിലെ നഖങ്ങള്‍ക്ക് നീല നിറമായിരുന്നു. ശരീരം അഴുകിയതിന്റെ ലക്ഷണമില്ല. വയറും മൂത്രാശയവും ശൂന്യമായിരുന്നു. സുഷുമ്ന നാഡിക്ക് പരിക്കില്ല. മൃതദേഹം തണുത്ത അറയില്‍ സൂക്ഷിച്ചിരുന്നില്ല.
0.5 സെന്റിമീറ്റര്‍ വ്യാസമുള്ള മഞ്ഞ കലര്‍ന്ന നിറത്തിലെ പ്ളാസ്റ്റിക് കയര്‍ കഴുത്തില്‍ കെട്ടിയിരുന്നു. കയറിന്റെ നീണ്ട ഭാഗത്തിന് 103 സെന്റിമീറ്റര്‍ നീളമുണ്ടായിരുന്നു. കയറിന് 30 മീറ്റര്‍ നീളമുള്ള സ്വതന്ത്ര ഭാഗവും ഉണ്ടായിരുന്നു. കഴുത്തിന് ചുറ്റുമുള്ള കയറിന്റെ ഭാഗത്ത് 22 സെന്റിമീറ്റര്‍ നീളമാണ് ഉണ്ടായിരുന്നത്. അതേസമയം, ആന്തരികാവയവങ്ങള്‍ രാസ പരിശോധനയ്ക്ക് അയച്ചിട്ടില്ല. ആന്തരികാവയവങ്ങള്‍ രാസ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടോയെന്നത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ല.