തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു ഏറ്റുപറഞ്ഞെന്ന കളക്ടറുടെ വാദം കെട്ടിച്ചമച്ചത്; യാത്രയയപ്പ് ചടങ്ങ് ഒരുക്കിയതിലും പെട്രോള്‍ പമ്പ് ലൈസന്‍സ് വിഷയത്തിലും ദുരൂഹതയെന്ന് കുടുംബത്തിന്റെ മൊഴി; മരണത്തിന് രണ്ട് ദിവസം മുമ്പ് നവീന്‍ വിളിച്ച ഫോണ്‍കോളുകള്‍ പരിചയമുണ്ടോയെന്ന് പോലീസും

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു ഏറ്റുപറഞ്ഞെന്ന കളക്ടറുടെ വാദം കെട്ടിച്ചമച്ചത്

Update: 2024-11-15 03:23 GMT

പത്തനംതിട്ട: മുന്‍ എഡി.എം. നവീന്‍ബാബുവിന്റെ ആത്മഹത്യാ കേസില്‍ കലക്ടര്‍ക്കെതിരായ മൊഴിയില്‍ ഉറച്ച് കുടുംബം. മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന പരാതിയിലും കണ്ണൂര്‍ കളക്ടര്‍ക്കെതിരേ നല്‍കിയ മൊഴിയിലും കുടുംബാംഗങ്ങള്‍ ഉറച്ചുനിന്നു. യാത്രയയപ്പ് ചടങ്ങ് ഒരുക്കിയതിലും പെട്രോള്‍ പമ്പ് ലൈസന്‍സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും ദുരൂഹതയുണ്ടെന്ന് കുടുംബം മൊഴിയില്‍ വ്യക്തമാക്കി.

നവീന്‍ ബാബു മരിച്ച് ഒരുമാസം തികഞ്ഞ ദിവസമായ വ്യാഴാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം വീട്ടിലെത്തിയത്. നവീന്‍ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ, സഹോദരന്‍ അഡ്വ. പ്രവീണ്‍ ബാബു, ബന്ധു ഹരീഷ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് നവീന്‍ ബാബുവിന്റെ സംസ്‌കാരദിവസം വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.

തനിക്ക് തെറ്റ് പറ്റിയെന്ന് നവീന്‍ ഏറ്റുപറഞ്ഞുവെന്ന കണ്ണൂര്‍ കളക്ടറുടെ വാദം കെട്ടിച്ചമച്ചതാണെന്ന് കുടുംബം മൊഴിയില്‍ ആവര്‍ത്തിച്ചെന്നാണു സൂചന. അതേസമയം മരിച്ചതിന് മുമ്പുള്ള രണ്ടു ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ ഫോണിലേക്ക് വന്ന ഫോണ്‍കോളുകള്‍ തിരിച്ചറിയാനാകുമോയെന്ന് കുടുംബത്തോട് പോലീസ് ആരാഞ്ഞു. ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളില്‍ ഈ ഫോണ്‍കോളുകള്‍ക്ക് പങ്കുണ്ടെന്ന് വിധത്തിലാണ് പോലീസ് നീങ്ങുന്നത്.

കണ്ണൂരില്‍നിന്ന് നവീന്‍ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടിലെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ഫോണില്‍വന്ന നമ്പരുകള്‍ തിരിച്ചറിയാനുള്ള ശ്രമം നടത്തിയത്. ഒക്ടോബര്‍ 14-ന് നടന്ന യാത്രയയപ്പ് ദിവസം കുടുംബാംഗങ്ങളുമായി നവീന്‍ ഫോണില്‍ സംസാരിച്ചിരുന്നോയെന്ന് അന്വേഷിച്ചു. നവീനെ വിളിച്ചവരില്‍, അന്വേഷണസംഘം ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കിട്ടാതിരുന്ന നമ്പരുകള്‍ സംബന്ധിച്ച വിവരങ്ങളാണ് കുടുംബത്തില്‍നിന്ന് പോലീസിന് അറിയേണ്ടിയിരുന്നത്. അറിയാവുന്ന നമ്പരുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കുടുംബം പോലീസിന് നല്‍കി.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ, പെട്രോള്‍ പമ്പ് ലൈസന്‍സിന് അപേക്ഷ നല്‍കിയ ടി.വി. പ്രശാന്ത് എന്നിവര്‍ക്കെതിരേ സഹോദരന്‍ അഡ്വ. പ്രവീണ്‍ ബാബു കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കിതിനെത്തുടര്‍ന്നാണ് കേസെടുത്തിട്ടുള്ളത്. കണ്ണൂര്‍ ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള മൊഴിയെടുക്കല്‍ ഒന്നേമുക്കാല്‍ മണിക്കൂര്‍ തുടര്‍ന്നു.

വ്യാഴാഴ്ച പത്തനംതിട്ട കളക്ടറേറ്റില്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് സംഘം നവീന്‍ബാബുവിന്റെ വീട്ടിലെത്തിയത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷൈജു, സി.പി.ഒ. ഷിജി എന്നിവരുമുണ്ടായിരുന്നു. കേരള മനസാക്ഷിയെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു എഡിഎം നവീന്‍ ബാബുവിന്റെ മരണം. കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പി പി ദിവ്യ നടത്തിയ വിവാദ പ്രസംഗത്തിന് പിന്നാലെയാണ് കെ നവീന്‍ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബു വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു മാസം. കേസ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തെങ്കിലും ദുരൂഹതകള്‍ പൂര്‍ണമായും നീങ്ങിയിട്ടില്ല. അന്വേഷണം ഇഴയുന്നുവെന്നും പരാതിയുണ്ട്. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി ഇന്നലെയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ഒക്ടോബര്‍ 14-നാണ് കണ്ണൂര്‍ കളക്ടറേറ്റില്‍ നടന്ന എ ഡി എം നവീന്‍ ബാബുവിന്റെ യാത്രയയപ്പു യോഗത്തില്‍ ക്ഷണിക്കാതെ എത്തിയ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യ വിവാദ പ്രസംഗം നടത്തിയത്. പിന്നാലെ ഒക്ടോബര്‍ 15 -ന് രാവിലെ നവീന്‍ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ, പി പി ദിവ്യക്ക് എതിരെ ജനരോക്ഷമിരമ്പി. ദിവ്യയെ തള്ളി സിപിഐഎം പത്തനംതിട്ട ജില്ലാ നേതൃത്വം രംഗത്തെത്തി. പി പി ദിവ്യക്ക് എതിരെ ഉടന്‍ നടപടിവേണ്ടെന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നിലപാട് പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കി.

നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബുവിന്റെ പരാതിയില്‍ പി പി ദിവ്യയ്ക്കെതിരെ ആത്മഹത്യാപ്രേരണകുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തു നിന്നും ദിവ്യയെ മാറ്റി. എന്നാല്‍, ചോദ്യം ചെയ്യാനോ അറസ്റ്റ് രേഖപ്പെടുത്താനോ പോലീസ് ആദ്യം തയാറായില്ല. പി പി ദിവ്യ ഒളിവില്‍ പോയി. കളക്ടര്‍ ക്ഷണിച്ചതിനാലാണ് താന്‍ എത്തിയതെന്ന് ജാമ്യാപേക്ഷയില്‍ ദിവ്യ വ്യക്തമാക്കി. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ദിവ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യാത്രയയപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കണമെന്ന് ദിവ്യ കളക്ടറോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് വ്യക്തമായി.

പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ദിവ്യയെ ഇരിണാവ് ഡാം ബ്രാഞ്ചിലേക്ക് തരംതാഴ്ത്താന്‍ സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. നവീന്‍ ബാബു വിടവാങ്ങിയിട്ട് ഒരു മാസം പിന്നിടുമ്പോള്‍ പിപി ദിവ്യ ജാമ്യത്തിലാണ്.

Tags:    

Similar News