ദൃശ്യങ്ങള്‍ 'നാനും റൗഡി താനിലെ' മേക്കിങ് വീഡിയോയില്‍ നിന്നുള്ളതല്ല; സ്വകാര്യ ലൈബ്രറിയിലേത്; നയന്‍താരയും വിഗ്‌നേഷും പകര്‍പ്പവകാശ നിയമം ലംഘിച്ചിട്ടില്ല; ധനുഷിന് മറുപടിയുമായി നയന്‍താരയുടെ അഭിഭാഷകന്‍

ധനുഷിന് മറുപടിയുമായി നയന്‍താരയുടെ അഭിഭാഷകന്‍

Update: 2024-11-29 08:58 GMT

ചെന്നൈ: നയന്‍താര; ബിയോണ്ട് ദ ഫെയറി ടെയില്‍ എന്ന ഡോക്യുമെന്ററിയില്‍ ഉപയോഗിച്ച ദൃശ്യവുമായി ബന്ധപ്പെട്ട് നടനും നിര്‍മാതാവുമായ ധനുഷും നടി നയന്‍താരയും തമ്മിലുള്ള തര്‍ക്കത്തിനിടെ വിഷയത്തില്‍ പ്രതികരിച്ച് നയന്‍താരയുടെ അഭിഭാഷകന്‍. ഡോക്യുമെന്ററിയില്‍ താന്‍ നിര്‍മിച്ച 'നാനും റൗഡി താനിലെ' ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്ന് ആരോപിച്ചാണ് ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ കേസില്‍ പകര്‍പ്പവകാശലംഘനമുണ്ടായിട്ടില്ലെന്ന് നയന്‍താരയുടേയും വിഘ്നേശ് ശിവന്റേയും അഭിഭാഷകന്‍ രാഹുല്‍ ധവാന്‍ ധനുഷിന് മറുപടി നല്‍കി. ദൃശ്യങ്ങള്‍ സിനിമയുടെ മേക്കിങ് വീഡിയോയില്‍ നിന്നുള്ളതല്ലെന്നും മറിച്ച് സ്വകാര്യ ലൈബ്രറിയില്‍ നിന്നുള്ളതാണെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.

ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ നടിയുടെ ശേഖരത്തില്‍ ഉള്ളതാണെന്നും ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റേതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'ഞങ്ങളുടെ കക്ഷി നിയമ ലംഘനം നടത്തിയിട്ടില്ല. കാരണം ഡോക്യു സീരീസില്‍ ഉപയോഗിച്ചത് സിനിമയില്‍ നിന്നുള്ള ഭാഗമല്ല. ഇത് വ്യക്തിഗത ശേഖരത്തിലുള്ളതാണ്. അതിനാല്‍ ഇത് നിയമ ലംഘനമല്ല. ധനുഷിന്റെ വക്കീല്‍ നോട്ടീസിനോട് ഞങ്ങള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിയില്‍ കേസിന്റെ അടുത്ത വാദം ഡിസംബര്‍ രണ്ടിന് നടക്കുമെന്നാണ് പ്രതീക്ഷ.'- അദ്ദേഹം പറഞ്ഞു.

നയന്‍താര; ബിയോണ്ട് ദ ഫെയറി ടെയില്‍ എന്ന ഡോക്യുമെന്ററിയില്‍ ' നാനും റൗഡി താന്‍' എന്ന സിനിമയുടെ ചിത്രീകരണവീഡിയോ ഉപയോഗിച്ചുവെന്ന് ആരോപിച്ചായിരുന്നു നയന്‍താരയ്ക്കും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേശ് ശിവനും ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും എതിരേ ധനുഷിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണക്കമ്പനിയായ വണ്ടര്‍ബാര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. നാനും റൗഡി താന്‍ സിനിമയുടെ നിര്‍മാതാവ് എന്നനിലയിലായിരുന്നു ധനുഷിന്റെ ഹര്‍ജി.

വിഘ്നേശ് ശിവന്‍ സംവിധാനം നിര്‍വഹിച്ച നാനും റൗഡി താന്‍ ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക. ഡോക്യുമെന്ററിക്കായി ഈ ചിത്രത്തിലെ രംഗങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍മാതാവായ ധനുഷില്‍നിന്ന് അനുമതി തേടിയെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് ചിത്രത്തിലെ പാട്ടിന്റെ കുറച്ചുഭാഗവും ചിത്രീകരണവീഡിയോയും ഉപയോഗിച്ചു. തുടര്‍ന്ന് 10 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് നോട്ടീസ് നല്‍കി.

മൂന്ന് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഉപയോഗിച്ചതിന് ഇത്ര വലിയ തുക ആവശ്യപ്പെടുന്നത് ചൂണ്ടിക്കാട്ടി സാമൂഹികമാധ്യമത്തിലൂടെ പുറത്തുവിട്ട കത്തില്‍ നയന്‍താര ധനുഷിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നോട്ടീസ് വകവെക്കാതെ ഡോക്യുമെന്ററിയില്‍ വീഡിയോ ഉപയോഗിച്ചതോടെയാണ് ധനുഷ് കോടതിയെ സമീപിച്ചത്.

ബിയോണ്ട് ദി ഫെയറിടെയില്‍' എന്ന ഡോക്യുമെന്ററിക്കായി 'നാനും റൗഡി താന്‍' എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് എന്‍ഒസി നല്‍കാത്തതിനെക്കുറിച്ച് ധനുഷിനെതിരെ തുറന്ന കത്തുമായി നയന്‍താര രംഗത്തെത്തിയിരുന്നു. ഇതോടെ കോളിവുഡില്‍ ഇത് വലിയ ചര്‍ച്ചയായി. പിന്നീട് ചിത്രത്തിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് നെറ്റ്ഫ്‌ലിക്‌സില്‍ ഡോക്യുമെന്ററി റിലീസ് ചെയ്തു. ഇതിന് പിന്നാലെയാണ് ധനുഷ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

Tags:    

Similar News