കൊടുവാളില്‍ മരിച്ചവരുടെ ഡിഎന്‍എ; കൊടുവാളിന്റെ പിടിയില്‍ നിന്നും പ്രതി ചെന്താമരയുടെ ഡിഎന്‍എയും; കൊലയ്ക്ക് കാരണം കുടുംബം തകര്‍ത്തതിലുള്ള പക; ഏകദൃക്‌സാക്ഷിയുടെ മൊഴി നിര്‍ണായകമായി; നെന്മാറ ഇരട്ടക്കൊല കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

നെന്മാറ ഇരട്ടക്കൊല കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

Update: 2025-03-25 10:25 GMT

പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ആലത്തൂര്‍ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊലയ്ക്ക് കാരണം വ്യക്തിവിരോധമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ചെന്താമര ലക്ഷ്യമിട്ടത് സുധാകരനെയാണെന്നും ബഹളം വച്ചപ്പോള്‍ സുധാകരന്റെ അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയെന്നും കുറ്റപത്രത്തിലുണ്ട്.

480 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം സമര്‍പ്പിച്ചിരിക്കുന്നത്. കൊലയ്ക്ക് കാരണമായത് ചെന്താമരയുടെ കുടുംബം തകര്‍ത്തതിലുള്ള പകയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ചെന്താമരയുടെ വസ്ത്രത്തില്‍ സുധാകരന്റെയും ലക്ഷ്മിയുടെയും രക്തക്കറ കണ്ടെത്തിയതായി കുറ്റപത്രത്തിലുണ്ട്. കേസില്‍ ഏക ദൃക്സാക്ഷിയായ ഗിരീഷിന്റെ മൊഴി നിര്‍ണായകമായി. ലക്ഷ്മിയെ കൊലപ്പെടുത്തുന്നത് കണ്ടെന്നാണ് ഇയാളുടെ മൊഴി.

132 സാക്ഷികളും 30 ലധികം ശാസ്ത്രീയ തെളിവുകളുമാണുള്ളത്. കൊലയ്ക്ക് ഉപയോഗിച്ച കൊടുവാളില്‍ നിന്ന് മരിച്ചവരുടെ ഡിഎന്‍എയും കണ്ടെത്തിയിട്ടുണ്ട്. കൊടുവാളിന്റെ പിടിയില്‍ നിന്നും പ്രതി ചെന്താമരയുടെ ഡിഎന്‍എയും കണ്ടെടുത്തിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

കൂടാതെ ചെന്താമരയുടെ വസ്ത്രത്തില്‍ സുധാകരന്റെയും ലക്ഷ്മിയുടെയും രക്തക്കറയും കണ്ടെത്തിയിരുന്നു. പ്രതി മാനസിക രോഗിയല്ലെന്ന് തെളിയിക്കുന്ന രേഖകളും കുറ്റപത്രത്തിലുണ്ട്.

ജനുവരി 27 നാണ് പോത്തുണ്ടി സ്വദേശി സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ അയല്‍വാസിയായ ചെന്താമര വെട്ടി കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ 2019 ല്‍ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ സമയത്താണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. അരുംകൊലയ്ക്ക് ശേഷം പോത്തുണ്ടി മലയില്‍ ഒളിച്ചിരുന്ന പ്രതി രാത്രി വിശപ്പ് സഹിക്കാനാവാതെ ഇവിടെ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് പൊലീസ് പിടിയിലായത്.

Tags:    

Similar News