സൈബര്‍ ആക്രണം മനാഫ് നടത്തിയില്ലെന്ന് വ്യക്തം; ശ്രമിച്ചത് ആ കുടുംബത്തെ ആക്രമണങ്ങളില്‍ നിന്നും പ്രതിരോധിക്കാന്‍; ലോറി ഉടമയെ സാക്ഷിയാക്കാന്‍ പോലീസ് തീരുമാനം; അര്‍ജുന് വേണ്ടി നിലകൊണ്ട മനാഫിനെ ഒടുവില്‍ ആശ്വാസം; കേസ് ഒഴിവാകും

മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല

Update: 2024-10-05 03:22 GMT

കോഴിക്കോട്: മനാഫിനെ പ്രതിയാക്കില്ല. ഷിരൂരിലെ മണ്ണിടിച്ചിലില്‍ പെട്ട് മരിച്ച അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയിലെടുത്ത കേസില്‍ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കും. അര്‍ജുന്റെ കുടുംബത്തിനെതിരായ സൈബര്‍ ആക്രമണത്തില്‍ മനാഫിന് പങ്കില്ലെന്ന് വ്യക്തമായതോടെയാണ് ഇത്. മനാഫിനെതിരെ കേസെടുത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കേസിനെ കുറിച്ച് പ്രതികരിക്കവേ മനാഫ് വിതുമ്പുകയും ചെയ്തു. വലിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയ ഈ വിഷയത്തില്‍ നടത്തിയത്.

മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മനാഫിന്റെ പേര് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. എഫ്‌ഐആറില്‍ നിന്ന് മനാഫിനെ ഒഴിവാക്കുമെന്നാണ് പൊലീസ് പറയുന്നത്. സൈബര്‍ ആക്രമണ പരാതിയില്‍ മനാഫിനെ സാക്ഷിയാക്കും. സൈബര്‍ ആക്രമണം നടത്തിയ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ചില യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുക്കാനും പൊലീസ് തീരുമാനിച്ചു.

ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിലെ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തുകൊണ്ടാണ് പൊലീസ് കേസെടുത്തത്. സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയ പേജുകള്‍ പരിശോധിക്കുമെന്നും ഇന്ന് കുടുംബത്തിന്റെ മൊഴി എടുക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു. കോഴിക്കോട് കമ്മീഷണര്‍ക്കാണ് അര്‍ജുന്റെ സഹോദരി അഞ്ജു പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്.

സഹിക്കാനാകാത്ത വിധത്തിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്നാണ് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നത്. ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്റെ കുടുംബം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മനാഫ് മാധ്യമങ്ങളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ വിശദീകരിച്ചിരുന്നു.

തുടര്‍ന്ന് പ്രതികരണവുമായി മനാഫും രംഗത്തെത്തിയിരുന്നു. സൈബര്‍ ആക്രമണം രൂക്ഷമായതോടെ മനാഫ് വാര്‍ത്താസമ്മേളനം നടത്തി അര്‍ജുന്റെ കുടുംബത്തോട് നിരുപാധികം മാപ്പു പറഞ്ഞു. അര്‍ജുന്റെ കുടുംബത്തിനെതിരായി നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകരുതെന്നും ഇത്തരം വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മനാഫ് ആവശ്യപ്പെട്ടിരുന്നു. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്നും മനാഫ് പറഞ്ഞു.

മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചത്. തന്നെ ശിക്ഷിച്ചാലും കുടുംബത്തോടൊപ്പം നില്‍ക്കുമെന്നും മനാഫ് പ്രതികരിച്ചു. യൂട്യൂബ് ചാനല്‍ എല്ലാവര്‍ക്കും പരിശോധിക്കാം. മാപ്പ് പറഞ്ഞതോടെ എല്ലാം അവസാനിച്ചെന്നാണ് കരുതിയത്. സങ്കടമുണ്ടെന്നും വലിയ മാനസിക സംഘര്‍ഷത്തിലാണെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News