പത്ത് ദിവസത്തിനുള്ളില്‍ രാജിവയ്ക്കണം; ഇല്ലെങ്കില്‍ ബാബ സിദ്ദിഖിയേപ്പോലെ കൊല്ലപ്പെടുമെന്ന് യോഗി ആദിത്യനാഥിന് ഭീഷണി; അന്വേഷണവുമായി എടിഎസ്; പിന്നാലെ ഉല്ലാസ് നഗറില്‍ നിന്നും യുവതി പിടിയില്‍; മാനസികാരോഗ്യ പരിശോധന നടത്തും

യോഗി ആദിത്യനാഥിന് വധഭീഷണി; യുവതി പിടിയില്‍

Update: 2024-11-03 11:00 GMT

മുംബൈ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി ലഭിച്ച സംഭവത്തില്‍ ഉല്ലാസ് നഗര്‍ സ്വദേശിനിയായ യുവതി പിടിയില്‍. ഫാത്തിമ ഖാന്‍ എന്ന 24കാരിയാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ താനെയിലുള്ള ഉല്ലാസ് നഗര്‍ സ്വദേശിയായ യുവതിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. വധഭീഷണിയെ തുടര്‍ന്ന് അധികൃതര്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് (എടിഎസ്) മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് പ്രാദേശിക പൊലീസ് സംഘവുമായി ചേര്‍ന്ന് എടിഎസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉല്ലാസ് നഗറില്‍ യുവതിയെ കണ്ടെത്തിയത്. എടിഎസ് സംഘം യുവതിയുടെ വീട്ടിലെത്തി അന്വേഷണം നടത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച ശേഷം കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രാദേശിക പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ബിരുദധാരിയായ ഫാത്തിമ ഖാന്‍ മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. 10 ദിവസത്തിനകം രാജിവെച്ചില്ലെങ്കില്‍ മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖിയെപ്പോലെ യോഗി ആദിത്യനാഥും കൊല്ലപ്പെടുമെന്നായിരുന്നു ഭീഷണി. ശനിയാഴ്ച വൈകുന്നേരമാണ് മുംബൈ പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്. മുംബൈ പോലീസ് ട്രാഫിക് കണ്‍ട്രോള്‍ സെല്ലിലേയ്ക്ക് ഒരു അജ്ഞാത നമ്പറില്‍ നിന്ന് സന്ദേശം ലഭിക്കുകയായിരുന്നു.

കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഫാത്തിമയെ മുംബൈയില്‍ എത്തിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. യുവതിയുടെ മാനസികാവസ്ഥ വിലയിരുത്തുന്നതിന് മാനസികാരോഗ്യ പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം.

പത്തുദിവസത്തിനകം രാജിവച്ചില്ലെങ്കില്‍ മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖിയെപ്പോലെ യോഗിയും കൊല്ലപ്പെടുമെന്നായിരുന്നു ഭീഷണി.മുംബയ് പൊലീസ് ട്രാഫിക് കണ്‍ട്രോള്‍ സെല്ലിന് അജ്ഞാത നമ്പറില്‍ നിന്നാണ് സന്ദേശം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ബിരുദം നേടിയ യുവതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് കരുതുന്നത്.

ഭീഷണിയെത്തുടര്‍ന്ന് യോഗിയുടെ സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.ഇക്കഴിഞ്ഞ ഒക്ടോബര്‍ 12ന് മകന്‍ സീഷന്‍ സിദ്ദിഖിന്റെ ഓഫീസിന് പുറത്ത് വച്ച് മൂന്ന് പേര്‍ ചേര്‍ന്നാണ് ബാബ സിദ്ദിഖിയെ വെടിവച്ച് കൊന്നത്. ബിഷ്‌ണോയി സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. തങ്ങള്‍ ബിഷ്‌ണോയിയുടെ സംഘത്തില്‍ പെട്ടവരാണെന്നാണ് കേസില്‍ അറസ്റ്റിലായര്‍ പൊലീസിന് മൊഴിനല്‍കിയത്. തങ്ങളുടെ ശത്രുവായ സല്‍മാന്‍ ഖാനുമായുള്ള അടുപ്പമാണ് വധിക്കാന്‍ കാരണമെന്നും അവര്‍ പറഞ്ഞിരുന്നു.

ഈ സംഭവത്തിനുശേഷം സല്‍മാന്‍ ഖാനെതിരെ നിരവധി തവണ വധഭീഷണി ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷയും ശക്തിപ്പെടുത്തിയിരുന്നു.ഭീഷണികള്‍ ഏറിയതോടെ അടുത്തിടെ ബുള്ളറ്റ് പ്രൂഫടക്കം അത്യന്താധുനിക സുരക്ഷാ സന്നാഹങ്ങള്‍ ഉള്ള രണ്ടുകാറുകള്‍ സല്‍മാന്‍ തന്റെ വാഹന ശേഖരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Tags:    

Similar News