ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ഏറ്റുമുട്ടലില്‍ കരസേനാ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍ക്ക് വീരമൃത്യു; മൂന്ന് സൈനികര്‍ക്ക് പരിക്ക്; 24 മണിക്കൂറിനിടെ മൂന്ന് ഏറ്റുമുട്ടലുകള്‍

ഭീകരര്‍ക്കായി തിരച്ചില്‍ തുടരുന്നു

Update: 2024-11-10 15:24 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ മേഖലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ നായിബ് സുബേദാര്‍ രാഗേഷ് കുമാറാണ് കൊല്ലപ്പെട്ടത്. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് മൂന്ന് ഭീകരരാണ് ഒളിച്ചിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ഏറ്റുമുട്ടലുകളാണ് കശ്മീരിലുണ്ടായത്. ശനിയാഴ്ച രാത്രി ബാരാമുള്ളയിലാണ് ഏറ്റുമുട്ടലാരംഭിക്കുന്നത്. രാവിലെവരെ തുടര്‍ന്ന ബാരാമുള്ളയിലെ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. പിന്നാലെ ശ്രീനഗറിലും ഏറ്റുമുട്ടല്‍ ആരംഭിച്ചു.

സുരക്ഷാ സേനയുടെയും ജമ്മു കശ്മീര്‍ പോലീസിന്റെയും സംയുക്ത പട്രോളിങ്ങിനിടെയാണ് ശ്രീനഗറിലെ സബര്‍വന്‍ വനമേഖലയില്‍ ഏറ്റുമുട്ടലാരംഭിച്ചത്. പിന്നാലെ കിഷ്ത്വാറിലും ആക്രമണമാരംഭിച്ചു. കിഷ്ത്വാര്‍ ജില്ലയിലെ ചാസ് മേഖലയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്. ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തിലാണ് സുരക്ഷാസേന ഇവിടെയെത്തിയത്. ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

രണ്ട് ഡിഫന്‍സ് ഗാര്‍ഡുകളെ വ്യാഴാഴ്ച ഭീകരര്‍ തട്ടിക്കൊണ്ടുപോയി വെടിവെച്ചു കൊന്നിരുന്നു. ഈ ഭീകരര്‍ സുരക്ഷാസേനയുടെ പിടിയിലായതായി കിഷ്ത്വാര്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കശ്മീരില്‍ വിവിധ പ്രദേശങ്ങളിലായി നുഴഞ്ഞുകയറ്റ ശ്രമങ്ങളുണ്ടാവുന്നുണ്ട്.

ജമ്മുവിലെ കിഷ് ത്വാറിലും ശ്രീനഗറിലെ ഹര്‍വാനിലും സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. മേഖലയില്‍ കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം വില്ലേജ് ഡീഫന്‍സ് ഗാര്‍ഡിലെ അംഗങ്ങളായ നാട്ടുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ഈ ഭീകരരാണെന്നാണ് സേന പറയുന്നത്.

Tags:    

Similar News