ബാബാ സിദ്ദിഖിയുടെ കൊലപാതകം: പ്രധാന പ്രതിയും ഷൂട്ടര്‍മാരില്‍ ഒരാളുമായ ശിവകുമാര്‍ ഗൗതം പിടിയില്‍; ചോദ്യം ചെയ്യലില്‍ ലോറന്‍സ് ബിഷ്ണോയി സംഘവുമായുള്ള ബന്ധം സമ്മതിച്ചതായി വിവരം

നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍

Update: 2024-11-10 17:14 GMT

ന്യൂഡല്‍ഹി: ബാബ സിദ്ദിഖി വധക്കേസിലെ പ്രധാന പ്രതിയും ഷൂട്ടര്‍മാരില്‍ ഒരാളുമായ ശിവകുമാര്‍ ഗൗതത്തെ ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഇയാള്‍ നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചോദ്യംചെയ്യലില്‍ ലോറന്‍സ് ബിഷ്ണോയി സംഘവുമായുള്ള ബന്ധം ശിവ്കുമാര്‍ സമ്മതിച്ചതായാണ് പോലീസില്‍ നിന്നുള്ള വിവരം. ലോറന്‍സ് ബിഷ്ണോയുടെ കാനഡയിലാണെന്ന് കരുതുന്ന അന്‍മോള്‍ വിഷ്ണോയിയുടെ നിര്‍ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നാണ് ശിവകുമാര്‍ വെളിപ്പെടുത്തിയത്.

ശിവകുമാറിന് താമസസൗകര്യം ഒരുക്കിയതിന്റെയും നേപ്പാളിലേക്ക് കടക്കാന്‍ സഹായിച്ചതിന്റെയും പേരില്‍ അനുരാഗ് കശ്യപ്, ഗ്യാന്‍ പ്രകാശ് ത്രിപാഠി, ആകാശ് ശ്രീവാസ്തവ, അഖിലേശേന്ദ്ര പ്രതാപ് സിങ് എന്നീ നാലുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒക്ടോബര്‍ 12-നാണ് എന്‍.സി.പി. നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ ബാബാ സിദ്ദിഖി ബാന്ദ്രയില്‍വെച്ച് മൂന്ന് പേരുടെ വെടിയേറ്റു മരിച്ചത്. നേരത്തെ രണ്ട് ഷൂട്ടര്‍മാര്‍ ഉള്‍പ്പെടെ 20 ആളുകളെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയ ശേഷം ഒളിവിലായിരുന്ന പ്രതിയെ ഉത്തര്‍പ്രദേശ് പോലീസിന്റെയും മുംബൈ പോലീസിന്റെയും സംയുക്ത ദൗത്യത്തിലൂടെയാണ് പിടികൂടിയത്.

ലോറന്‍സ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ള ആളാണ് ശിവകുമാര്‍ എന്നാണ് പോലീസ് പറയുന്നത്. സംഘത്തില്‍നിന്നുള്ള എല്ലാ നിര്‍ദേശങ്ങളും ഇയാള്‍ വഴിയായിരുന്നു പങ്കുവെച്ചിരുന്നത്. ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് ശേഷം സംഘത്തിലെ സഹായിയെ കാണാനായി ഇയാള്‍ മധ്യപ്രദേശിലെ ഓംകാരേശ്വറിലേക്ക് പോയിരുന്നു. ഇവിടെവെച്ച് പ്രതിയെ പിടികൂടാന്‍ മുംബൈ പോലീസ് ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല.

2022-ല്‍ പഞ്ചാബി ഗായകനും രാഷ്ട്രീയക്കാരനുമായ സിദ്ധു മൂസേവാലയുടെ കൊലപാതകത്തിലും ഏപ്രിലില്‍ മുംബൈയിലെ നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവയ്പ്പിലും അന്‍മോല്‍ ബിഷ്ണോയിയുടെ പേര് ഉയര്‍ന്നുവന്നിരുന്നു. ദേശീയ അന്വേഷണ ഏജന്‍സിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇയാളെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News