ഡിജിപിയുടെ വാഹനം വില്‍ക്കാനെന്ന പേരില്‍ ഓണ്‍ലൈനില്‍ പരസ്യം നല്‍കും; ഡി ജി പിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്‌സാപ്പ് അക്കൗണ്ട് നിര്‍മ്മിച്ച് തട്ടിയത് ലക്ഷങ്ങള്‍; കേരളത്തിനകത്തും പുറത്തുമായി 35 പരാതികള്‍: മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
ഡിജിപിയുടെ വാഹനം വില്‍ക്കാനെന്ന പേരില്‍ തട്ടിപ്പ്; യുവാക്കള്‍ അറസ്റ്റില്‍
കൊച്ചി: കേരള ഹൈക്കോടതി ഡി ജി പിയുടെ വാഹനം വില്‍പ്പനയ്‌ക്കെന്ന പേരില്‍ ഓണ്‍ലൈനിലൂടെ ലക്ഷങ്ങള്‍ തട്ടിയ യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. ഡിജിപിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്‌സാപ്പ് അക്കൗണ്ട് ഉണ്ടാക്കി വെബ്‌സൈറ്റുകളില്‍ നല്‍കി അഡ്വാന്‍സ് പണംവാങ്ങി ആയിരുന്നു തട്ടിപ്പ്. കേരളത്തിനകത്തും പുറത്തുമായി നിരവധി പേര്‍ യുവാക്കളുടെ തട്ടിപ്പിന് ഇരയായാതയാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം സ്വദേശികളായ അച്ചു എസ്, അമല്‍ ഷാജി, വിമല്‍ വി എന്നിവരാണ് പിടിയിലായത്.
നിരവധി പേരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ ഇവര്‍ കൈക്കലാക്കിയതായി പൊലീസ് പറഞ്ഞു. കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലിസാണ് പ്രതികളെ പിടികൂടിയത്. കാര്‍ വാങ്ങനെത്തുന്നവരോട് വാഹനത്തിന് ആവശ്യക്കാരേറെയെന്നും ഉടന്‍ അഡ്വാന്‍സ് നല്‍കി ഉറപ്പിക്കണമെന്നും പറയും. 2000 രൂപ മുതല്‍ അഡ്വാന്‍സ് തുകയായി കൈപ്പറ്റുകയും ചെയ്യും. പണം കൈപ്പറ്റി കഴിഞ്ഞാല്‍ മുങ്ങുന്നതാണ് ഇവരുടെ രീതി.
കേരളത്തിനകത്തും പുറത്തുനിന്നുമായി 35ഓളം പരാതികളാണ് ഇവര്‍ക്കെതിരെ ലഭിച്ചത്. തട്ടിപ്പിനായി ഫോട്ടോ ഉപയോഗിച്ച കേരള ഹൈക്കോടതി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും പരാതി നല്‍കി. ഇതോടെ കൊച്ചി സിറ്റി സൈബര്‍ ക്രൈം പൊലീസ് വന്‍ സൈബര്‍ തസ്‌കര സംഘത്തെ വലയിലാക്കുക ആിരുന്നു. ഒരു വര്‍ഷത്തിനിടെ പതിനഞ്ച് ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് പ്രതികള്‍ നടത്തിയതായാണ് പ്രാഥമിക സൂചന.
ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസ് അടക്കം വിവിധ വെബ്‌സൈറ്റുകളില്‍ ഡിജിപിയുടെ എന്ന പേരില്‍ കാര്‍ വില്‍പനയ്ക്കായി പരസ്യം നല്‍കും. ആരെങ്കിലും വലയില്‍ വീണാല്‍ പിന്നീടുള്ള സംഭാഷണം ഡിജിപിയുടെ ചിത്രം വച്ചുളള വാട്‌സാപ്പിലാണ്. ഡിജിപി എന്ന പേരില്‍ വിശ്വാസ്യത ആര്‍ജിച്ച ശേഷമാണ് തട്ടിപ്പ്. ആഡംബര ജീവിതത്തിനായാണ് പ്രതികള്‍ തട്ടിപ്പ് പണം ഉപയോഗിച്ചിരുന്നത്. പണമുപയോഗിച്ച് വിലകൂടിയ ബൈക്കുകളും കാറുകളും വാങ്ങിയിരുന്നു. തിരുവനന്തപുരത്ത് നിന്നാണ് പ്രതികള്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും നിരവധി ഫോണുകളും സിം കാര്‍ഡുകളും പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റ് ചെയ്ത സമയം ഇവരുടെ കൈയില്‍ നിരവധി മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും ഉണ്ടായിരുന്നു. ഇവര്‍ക്കെതിരെ 35 ഓളം പരാതികള്‍ എന്‍സിആര്‍പി പോര്‍ട്ടലില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊച്ചി സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് പി ആറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അജിത് രാജ് പി, അരുണ്‍ ആര്‍, അജിത് ബാലന്ദ്രന്‍, സിപിഒ ബിന്ദോഷ് സദന്‍ എന്നിവരടങ്ങിയ ടീമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇത്തരത്തിലുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി സൈബര്‍ പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.