ട്രംപിന്റെ ഹോട്ടലിന് മുന്നില്‍ പൊട്ടിത്തെറിച്ച സൈബര്‍ ട്രക്ക് ഓടിച്ചതും മുന്‍ യുഎസ് സൈനികന്‍; മാത്യു ലിവല്‍സ്‌ബെര്‍ഗര്‍ സൈന്യത്തില്‍ ജോലി ചെയ്തത് 19 വര്‍ഷത്തോളം; ന്യൂഓര്‍ലിയന്‍സിലെ കൂട്ടക്കുരുതി നടത്തിയതും മുന്‍ യുഎസ് സൈനികന്‍; മാത്യുവും ഷംസുദ്ദീനും ജോലി ചെയ്തത് ഒരേ സൈനിക താവളത്തില്‍: ഇരുസംഭവങ്ങളും തമ്മില്‍ ബന്ധം സംശയിച്ച് എഫ്ബിഐ

ന്യൂഓര്‍ലിയന്‍സ്-ലാസ് വെഗാസ് ഭീകരാക്രമണങ്ങള്‍ തമ്മില്‍ ബന്ധം?

Update: 2025-01-02 11:41 GMT

വാഷിങ്ടന്‍: മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് സംഭവങ്ങള്‍. യുഎസിലെ ലൂസിയാന സംസ്ഥാനത്തെ ന്യൂ ഓര്‍ലിയന്‍സില്‍ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റി നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത് 15 പേര്‍. കൂട്ടക്കൊല നടത്തിയത് ട്രക്കില്‍ ഐഎസ് പതാകയുമായി എത്തിയ 42 കാരനായ യുഎസ് സേനയിലെ മുന്‍ ഐടി വിദഗ്ധനായ ഷംസുദ്ദീന്‍ ജബാര്‍ എന്നു പൊലീസ്. ഇതിന് പിന്നാലെയാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ലാസ് വെഗാസിലെ ഹോട്ടലിന് മുന്നില്‍ ടെസ്ല സൈബര്‍ട്രക്ക് പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേറ്റുകയും ചെയ്തത്. ഹോട്ടലിന്റെ പ്രധാന വാതിലിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കാണ് പൊട്ടിത്തെറിച്ചത്. ന്യൂ ഓര്‍ലിയന്‍സ്-ലാസ് വെഗസ് സംഭവങ്ങള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? എഫ്ബിഐ അന്വേഷണത്തില്‍, ഞെട്ടിക്കുന്ന ബന്ധമാണ് കണ്ടെത്തിയിരിക്കുന്നത്.

ട്രംപ് അന്താരാഷ്ട്ര ഹോട്ടലിന് പുറത്തെ സൈബര്‍ട്രക്ക് സ്‌ഫോടനത്തിന് ഉത്തരവാദിയായ പ്രതിയും ന്യൂഓര്‍ലിയന്‍സില്‍ കൂട്ടക്കുരുതി നടത്തിയ ഭീകരനും ഒരേ സൈനിക താവളത്തില്‍ സേവനം ചെയ്തവരാണ്. കൊളറാഡോ സ്പ്രിങ്‌സില്‍ നിന്നുളള 37 കാരനായ മാത്യു ലിവല്‍സ്‌ബെര്‍ഗറിന്റെ വസതിയില്‍ പൊലീസ് റെയ്ഡ് നടത്തി. മാത്യു ലിവല്‍സ്‌ബെര്‍ഗര്‍ 19 വര്‍ഷത്തോളം സൈന്യത്തില്‍ സ്‌പെഷ്യല്‍ ഫോഴ്‌സസില്‍ ആയിരുന്നു. പ്രതിക്ക് സൈനിക പശ്ചാത്തലം ഉണ്ടെന്ന് മാത്രമല്ല, ഷംസുദ്ദീന്‍ ജബ്ബാര്‍ സേവനം അനുഷ്ടിച്ച അതേ സൈനിക കേന്ദ്രത്തിലാണ് ഇയാളും ഉണ്ടായിരുന്നത്. ഇരുപ്രതികളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികയായിരുന്നു.



 തന്റെ പേരുമായി ചേര്‍ത്ത് കൊളറാഡോ സ്പ്രിങ്‌സില്‍ സൈബര്‍ ട്രക്ക് സ്‌ഫോടന കേസ് പ്രതിക്ക് നിരവധി മേല്‍വിലാസങ്ങള്‍ ഉണ്ടായിരുന്നു. ബുധനാഴ്ച രാത്രിയാണ് എഫ്ബിഐ ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ഈ സമുച്ചയത്തിലെ താമസക്കാരെ തല്‍ക്കാലത്തേക്ക് സ്ഥലത്ത് നിന്ന് മാറ്റി.

സൈബര്‍ ട്രക്ക് ലാസ് വെഗാസില്‍ രാവിലെ 7.30 നാണ് എത്തിയത്. ഹോട്ടലിന്റെ വാലറ്റ് ഏരിയയിലാണ് രാവിലെ 8.40 ന് സ്‌ഫോടനം ഉണ്ടായത്.

ടെസ്ല സൈബര്‍ ട്രക്ക് ഡ്രൈവര്‍ മാത്രമാണ് കൊല്ലപ്പെട്ടത്. ആദ്യം വാഹനം തീപിടിക്കുകയും തുടര്‍ന്ന് പൊട്ടിത്തെറിക്കുകയുമായിരുന്നു.വളരെ വലിയ ശബ്ദത്തോടെയാണ് വാഹനം പൊട്ടിത്തെറിച്ചതെന്നാണ് ഹോട്ടലില്‍ ഉണ്ടായിരുന്നവര്‍ പറയുന്നത്. ന്യൂ ഓര്‍ലിയന്‍സില്‍ പുതുവത്സര ആഘോഘത്തിനിടെ ട്രക്ക് ഇടിച്ചുകയറ്റി ജനക്കൂട്ടത്തിന് നേരെ വെടിവയ്പ്പ് നടത്തിയ സംഭവവുമായി ഇതിന് ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.




രണ്ടാക്രമണങ്ങളിലും ഉപയോഗിച്ച കാറുകള്‍ 'ടൂറോ' വഴി വാടകയ്ക്ക് എടുത്ത ഇലക്ട്രിക് വാഹനങ്ങളായിരുന്നു. രണ്ടാക്രമണങ്ങളും വെറും യാദൃശ്ചിക സംഭവങ്ങള്‍ മാത്രമാണെങ്കിലോ? അതിനുള്ള സാധ്യതയുx ഷെരീഫ് കെവിന്‍ മാക് മാഹില്‍ തള്ളിക്കളയുന്നില്ല. പൊട്ടിത്തെറിച്ച ട്രക്കില്‍ നിന്നും സ്‌ഫോടക വസ്തുക്കളും ഗ്യാസ് സിലിണ്ടറും ഇന്ധനവും എല്ലാം കണ്ടെടുത്തിരുന്നു. എങ്ങനെയാണ് സ്‌ഫോടത വസ്തുക്കള്‍ പൊട്ടിത്തെറിച്ചതെന്ന് അന്വേഷണത്തില്‍ അത് ഡ്രൈവര്‍ തന്നെ നിയന്ത്രിച്ചതാകാമെന്നാണ് കരുതുന്നത്.

ഡൊണള്‍ഡ് ട്രംപിന്റെ അടുത്ത ആളായ മസ്‌കിന് ഒരുസന്ദേശം നല്‍കാനാവാം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കാര്‍ കമ്പനിയുടെ വാഹനം സ്‌ഫോടനത്തിനായി തിരഞ്ഞെടുത്തതെന്നും സംശയം ഉയരുന്നു. ട്രംപിന്റെ ഹോട്ടലിന് മുന്നിലാണ് സ്‌ഫോടനം നടന്നതും. ന്യൂഏര്‍ലിയന്‍സ്- ലാസ് വെഗാസ് ഭീകാക്രമണങ്ങള്‍ തമ്മില്‍ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിരിക്കാമെന്ന് മസ്‌കും അഭിപ്രായപ്പെട്ടു.

Tags:    

Similar News