ജൂസ് ചാലഞ്ചിനു മുന്‍പായി പാരസെറ്റമോളിനെക്കുറിച്ച് ഗ്രീഷ്മ ഗൂഗിളില്‍ തിരഞ്ഞു; പനി ആയതിനാലെന്ന് പ്രതിഭാഗം വാദം; ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ - ഫൊറന്‍സിക് തെളിവുകളും കുറ്റം തെളിയിക്കുന്നുവെന്ന് പ്രോസിക്യൂഷന്‍; ഷാരോണ്‍ വധക്കേസില്‍ വിധി 17ന്

ഷാരോണ്‍ വധക്കേസില്‍ വിധി 17ന്

Update: 2025-01-03 16:37 GMT

തിരുവനന്തപുരം പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി ഈ മാസം 17നു വിധി പറയും. കാമുകനെ കളനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിലാണ് കോടതി വിധി പറയുക. കാമുകനായ ഷാരോണ്‍ രാജിനെ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രണയബന്ധത്തില്‍നിന്നു പിന്മാറാത്തതാണ് കൊലപാതത്തില്‍ കലാശിച്ചത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് വിധി പറയുന്നത്.

ഷാരോണിന്റെ കാമുകി ഗ്രീഷ്മയും അവരുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായരുമാണ് പ്രതികള്‍. ഒന്നാം പ്രതിയായ ഗ്രീഷ്മ വിഷം കൊടുത്തതിനും കൊലപാതകത്തിനുമാണ് വിചാരണ നേരിട്ടത്. തെളിവ് നശിപ്പിച്ചതിനാണ് അമ്മയ്ക്കും അമ്മാവനുമെതിരെ കേസ്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം ഇന്ന് പൂര്‍ത്തിയായി. തുടര്‍ന്നാണ് വിധി പറയാനായി ഈമാസം പതിനേഴിലേക്ക് നെയ്യാറ്റിന്‍കര അഡീഷണ്‍ സെഷന്‍സ് ജഡ്ജ് എ.എം ബഷീര്‍ കേസ് മാറ്റിയത്.

മൂന്നു ദിവസമായി നടന്ന വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് വിധി പറയാനായി കേസ് മാറ്റിയത്. ഗ്രീഷ്മയ്ക്കെതിരെ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും തെളിവു നശിപ്പിച്ച കുറ്റം തെളിഞ്ഞതായും പ്രോസിക്യൂട്ടര്‍ പറഞ്ഞു.

ഷാരോണിനെ കൊലപ്പെടുത്തുന്നതിനായി ഗ്രീഷ്മ ജൂസില്‍ വിഷം ചേര്‍ത്ത് 'ജൂസ് ചാലഞ്ച്' നടത്തിയിരുന്നു. അന്ന് ജൂസിന് കയ്പ്പായതിനാല്‍ ഷാരോണ്‍ പൂര്‍ണമായി ഉപയോഗിച്ചില്ല. പിന്നീടാണ് കഷായത്തില്‍ വിഷം ചേര്‍ത്തത്. ജൂസ് ചാലഞ്ചിനു മുന്‍പായി പാരസെറ്റമോളിനെക്കുറിച്ച് ഗ്രീഷ്മ ഗൂഗിളില്‍ തിരഞ്ഞത് പനി ആയതുകൊണ്ടാണെന്ന് പ്രതിഭാഗം വാദിച്ചു. ആത്മഹത്യാ പ്രവണതയുള്ള ഗ്രീഷ്മ ആത്മഹത്യ ചെയ്യുന്നതിനാണ് വിഷയത്തെക്കുറിച്ച് സെര്‍ച്ച് ചെയ്തത്. ഗ്രീഷ്മ മുഖം കഴുകാനായി ശുചിമുറിയില്‍ കയറിയ സമയം തിളപ്പിച്ചാറ്റിയ കഷായം ഷാരോണ്‍ രാജ് കുടിച്ച ശേഷം വീട്ടില്‍നിന്നു പോയി എന്നാണ് പ്രതിഭാഗം വാദിച്ചത്.

ഈ വാദങ്ങള്‍ കെട്ടുകഥകള്‍ ആണെന്നും ഡിജിറ്റല്‍ തെളിവുകളുടെയും മെഡിക്കല്‍ തെളിവുകളുടെയും ഫൊറന്‍സിക് തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കപ്പെടുന്നതായും പ്രോസിക്യൂഷന്‍ വാദിച്ചു. 2022 ഒക്ടോബര്‍ പത്തിനാണ് ഷാരോണ്‍ രാജ് വിഷം ഉള്ളില്‍ചെന്ന് അവശനിലയിലായത്. ഷാരോണ്‍ രാജിനെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയെന്നാണ് കേസ്.

വിഷത്തിന്റെ പ്രവര്‍ത്തനരീതി അന്നു രാവിലെ ഗൂഗിള്‍ സെര്‍ച്ചിലൂടെ ഗ്രീഷ്മ മനസ്സിലാക്കി. 11 ദിവസം കഴിഞ്ഞാണ് മെഡിക്കല്‍ കോളജ് ഐസിയുവില്‍ ഷാരോണ്‍ രാജ് മരിച്ചത്. സാഹചര്യ തെളിവുകളെയാണ് പ്രോസിക്യൂഷന്‍ ആശ്രയിക്കുന്നത്. ഷാരോണിന്റെ മരണമൊഴിയും, ഗ്രീഷ്മ ചതിച്ചതായി ഷാരോണ്‍ സുഹൃത്ത് റെജിനോട് പറഞ്ഞതും കേസില്‍ നിര്‍ണായകമായി.

Tags:    

Similar News