പ്രമുഖരുടെ വ്യാജ വീഡിയോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഉണ്ടാക്കുന്നു; വ്യാജ പരസ്യങ്ങള്‍ സജീവം; ഓഹരി വ്യാപാര സ്ഥാപനങ്ങളുടെ പേരില്‍ നിക്ഷേപക തട്ടിപ്പ് വ്യാപകം; ജാഗ്രതാ നിര്‍ദ്ദേശവുമായി കേരളാ പോലീസ്; ഇടപാടുകാരില്‍ സംശയം തോന്നുമ്പോള്‍ തന്നെ സൈബര്‍ പോലീസിനെ ബന്ധപ്പെടണം

Update: 2025-01-27 14:13 GMT

തിരുവനന്തപുരം: പ്രമുഖ ഓഹരി വ്യാപാര സ്ഥാപനങ്ങളുടെ പേരില്‍ നിക്ഷേപ തട്ടിപ്പ് വര്‍ദ്ധിക്കുന്നുവെന്ന മുന്നറിയിപ്പുമായി കേരളാ പോലീസ്. കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്തതുകൊണ്ടുള്ള വ്യാജ പരസ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങളില്‍ ഈ മേഖലയിലെ പ്രമുഖരുടെ വ്യാജ വീഡിയോ Artificial intelligence സഹായത്തോടെ നിര്‍മ്മിച്ച് പ്രചരിപ്പിച്ചാണ് ഇവര്‍ വിശ്വാസം നേടിയെടുക്കുന്നത്. അതുകൊണ്ട് കരുതലോടെ വേണം നീങ്ങാനെന്നാണ് നിര്‍ദ്ദേശം. ജഡ്ജിമാരും പുരോഗഹിതരും അടക്കം തട്ടിപ്പില്‍ ഇരയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളാ പോലീസ് ജാഗ്രത കര്‍ശനമാക്കും.

ഇത്തരം പരസ്യങ്ങളില്‍ താല്പര്യം പ്രകടിപ്പിക്കുന്നവരെ ട്രേഡിംഗ് പഠിപ്പിക്കാന്‍ എന്ന വ്യാജേന whatsapp / telegram ഗൂപ്പില്‍ അംഗങ്ങള്‍ ആക്കുകയും ചെയ്യുന്നു. Institution trading /IPO ഇന്‍വെസ്റ്റ്‌മെന്റ് എന്നീ വ്യാജേന തട്ടിപ്പുകാര്‍ കൃത്രിമമായി നിര്‍മിച്ച വ്യാജ വെബ്‌സൈറ്റുകളില്‍ അക്കൗണ്ട് തുടങ്ങാന്‍ നിര്‍ബന്ധിക്കുകയും നിക്ഷേപകരെ കൊണ്ട് നിക്ഷേപിപ്പിക്കുകയും ചെയ്യുന്നുവെന്ന് പോലീസ് കണ്ടെത്തി. ഇതില്‍ ആരും വീഴരുത്. തട്ടിപ്പ് തോന്നിയാല്‍ പോലീസിനെ അറിയിക്കുകയും വേണം. ഇതിന് വേണ്ടിയാണ് മുന്നറിയിപ്പ് നിര്‍ദ്ദേശം നല്‍കുന്നത്.

തുടക്കത്തില്‍ നിക്ഷേപിച്ച തുക പിന്‍വലിക്കാന്‍ കഴിയുന്നതോടെ സ്ഥാപനത്തിന്റെ വിശ്വാസ്യത വര്‍ദ്ധിക്കുന്നു. തുടര്‍ന്ന് കൂടുതല്‍ വിലക്കിഴിവുള്ള സ്റ്റോക്ക് ട്രേഡ് ചെയ്യുന്നതിനും/ IPO വാങ്ങുന്നതിനും കൂടുതല്‍ നിക്ഷേപം നടത്തുന്നു. സ്റ്റോക്ക് വില്‍ക്കാന്‍ അനുവദിക്കാതെയും ദീര്‍ഘകാലത്തേക്ക് സ്റ്റോക്കുകള്‍ കൈവശം വയ്ക്കുവാനും തട്ടിപ്പുകാര്‍ നിക്ഷേപകരെ നിര്‍ബന്ധിക്കുന്നു. നിക്ഷേപം പിന്‍വലിക്കാന്‍ കൂടുതല്‍ തുക ആവശ്യപ്പെകയും ചെയ്യുന്നു. ഒടുവില്‍ ഇത് ഒരു സാമ്പത്തിക തട്ടിപ്പാണെന്ന് നിക്ഷേപകര്‍ തിരിച്ചറിയുന്നുവെന്ന് പോലീസ് വിശദീകരിക്കുന്നു. ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ ഇത്തരം തട്ടിപ്പിന് ഇരയാവുകയോ ചെയ്താല്‍ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ സൈബര്‍ പൊലീസിനെ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം.

പല തരത്തിലുള്ള തട്ടിപ്പുകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പുറത്തു വന്നത്. കുന്നംകുളം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ബി ആര്‍ ഡി ഗ്രൂപ്പ് തങ്ങളുടെ മൂന്ന് കമ്പനികളുടെ ഓഹരികളില്‍ പണം നിക്ഷേപിച്ചാല്‍ 18 ശതമാനം ആദായം നല്‍കാമെന്ന ഉറപ്പില്‍ ആയിരക്കണക്കിന് നിക്ഷേപകരെ പറ്റിച്ച വാര്‍ത്തയാണ് ഇതില്‍ ഏറ്റവും പുതിയത്. ആദ്യത്തെ രണ്ടു വര്‍ഷത്തോളം കൃത്യമായി ആദായം നല്‍കി നിക്ഷേപകരുടെ വിശ്വാസം ആര്‍ജിച്ച ശേഷം പിന്നീട് ഓഹരിയോ, ആദായമോ, ബോണസോ ഒന്നുമില്ലാത്ത നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങി. ഓഹരി വിപണിയില്‍ തങ്ങളുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്യുമെന്നും ഇവര്‍ ഉപഭോക്താക്കളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.സാധാരണയായി തട്ടിപ്പുകാര്‍ അവലംബിക്കുന്ന മാതൃകയില്‍, ആളുകളെ ചേര്‍ത്ത് പണം കൈപറ്റിയ ശേഷം മുങ്ങുന്ന മാതൃകയാണ് ബി ആര്‍ ഡി ഗ്രൂപ്പും അവലംബിച്ചത്.

പല പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നുണ്ടെന്ന വ്യാജേനയായിരുന്നു പണപ്പിരിവ്. ആറ് ലക്ഷം മുതല്‍ പണം നഷ്ട്ടപെട്ട ഒരുപാട് നിക്ഷേപകര്‍ തൃശ്ശൂരില്‍ തന്നെയുണ്ട്. പലരും റിട്ടയര്‍മെന്റില്‍ ലഭിച്ച പണമായിരുന്നു ഇത്തരത്തില്‍ നിക്ഷേപിച്ചിരുന്നത്. പല പ്രവശ്യം ആവര്‍ത്തിച്ച് പരാതി കൊടുത്തിട്ടും പോലീസ് കേസുകള്‍ വേണ്ട വിധത്തില്‍ അന്വേഷിക്കുന്നില്ലെന്ന പരാതി ബി ആര്‍ ഡി ഗ്രൂപ്പിലെ നിക്ഷേപകര്‍ക്കുണ്ട്. അമിത പലിശ മോഹിച്ച് നിക്ഷേപിച്ച പലരുടെയും ജീവിതം ഇപ്പോള്‍ പ്രതിസന്ധിയിലാണ്. തൃശ്ശൂരില്‍ മാത്രമല്ല ബി ആര്‍ ഡി ഗ്രൂപ്പ് മറ്റ് സ്ഥലങ്ങളിലും ഇതുപോലുള്ള തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു. ബി ആര്‍ ഡി ഗ്രൂപ്പിനെതിരെ ഒരുമിച്ച് സംഘടിച്ചിരുന്നവരില്‍ ചിലര്‍ക്ക് മാത്രം പണം കൊടുത്ത് അവരെ ചിതറിപ്പിക്കുന്ന രീതിയും ഇവര്‍ അവലംബിക്കുന്നുണ്ടെന്നു നിക്ഷേപകര്‍ ആരോപിക്കുന്നു.

കണക്കില്‍പ്പെടാത്ത പണം നിക്ഷേപിച്ച പലര്‍ക്കും തങ്ങളുടെ പണം നഷ്ടപ്പെട്ടുവെന്ന് കേസ് കൊടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലുമാണ്. 'ഇന്‍വെസ്റ്റേഴ്‌സ് ടീം ഫോര്‍ ജസ്റ്റിസ്' എന്നൊരു സംഘടനാ രൂപീകരിച്ചാണ് തട്ടിപ്പിനിരയായവര്‍ ഇപ്പോള്‍ ഒരുമിച്ചു തങ്ങളുടെ പണം തിരിച്ചു ലഭിക്കാന്‍ പൊരുതുന്നത്. എന്‍ എസ് ഇയുടെയും സെബിയുടെയും ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും ഇത്തരം പദ്ധതികളില്‍ വീണ്ടും ആളുകള്‍ പണം നിക്ഷേപിക്കുന്നത് തട്ടിപ്പുകാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേരളാ പോലീസും നിരീക്ഷണവും ജാഗ്രതയും കൂട്ടുന്നത്.

Tags:    

Similar News