രാജ്യദ്രോഹ കേസില്‍ പ്രതിയായ ഒരാള്‍ക്ക് എന്തിനു സന്യാസദീക്ഷ നല്‍കി? നടി മമതയ്ക്ക് ദീക്ഷ നല്‍കിയ ആചാര്യന്‍ ലക്ഷ്മി നാരായണ്‍ ത്രിപാഠിയെ പുറത്താക്കി കിന്നര്‍ അഖാഡ സ്ഥാപകന്‍; അധികാരമില്ല, നിയമനടപടി സ്വീകരിക്കുമെന്ന് ലക്ഷ്മിനാരായണ ത്രിപാഠി
നടി മമതയ്ക്ക് സന്യാസദീക്ഷ നല്‍കിയ ആചാര്യനെ പുറത്താക്കി
പ്രയാഗ്രാജ്: ബോളിവുഡ് നടി മമത കുല്‍ക്കര്‍ണി (52) മഹാകുംഭമേളയില്‍ പുണ്യസ്‌നാനം നടത്തി സന്യാസം സ്വീകരിച്ചതു വിവാദത്തില്‍. മമതയ്ക്ക് സന്യാസദീക്ഷ നല്‍കിയ മഹാമണ്ഡലേശ്വര്‍ ലക്ഷ്മി നാരായണ്‍ ത്രിപാഠിയെ തല്‍സ്ഥാനത്തുനിന്നു നീക്കം ചെയ്തതായി കിന്നര്‍ അഖാഡയുടെ സ്ഥാപകന്‍ എന്നവകാശപ്പെടുന്ന ഋഷി അജയ് ദാസ് അറിയിച്ചു. എന്നാല്‍, ഋഷി അജയ് ദാസിന് അതിന് അധികാരമില്ലെന്നും അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ത്രിപാഠി പ്രതികരിച്ചു.
മമത കുല്‍ക്കര്‍ണി കഴിഞ്ഞ 24ന് ആണ് യാമൈ മമത നന്ദഗിരി എന്ന പേരു സ്വീകരിച്ച് സന്യാസിനിയായത്. രാജ്യദ്രോഹക്കേസില്‍ പ്രതിയായ ആള്‍ക്ക് സന്യാസദീക്ഷ നല്‍കിയത് സനാതനധര്‍മത്തിനും രാജ്യതാല്‍പര്യങ്ങള്‍ക്കും നിരക്കുന്നതല്ലെന്നും അജയ്ദാസ് പറഞ്ഞു.
സന്യാസം സ്വീകരിച്ച മുന്‍ ബോളിവുഡ് നടി മമത കുല്‍ക്കര്‍ണിയെയും മഹാമണ്ഡലേശ്വര്‍ പദവിയില്‍ നിന്നും കിന്നര്‍ അഖാഡ നീക്കി. താരത്തിന്റെ സിനിമാ പശ്ചാത്തലവും വിവാദങ്ങളും ക്രിമിനല്‍ കേസുകളും അഖാഡയില്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മമതയെ സ്ഥാനത്ത് നിന്ന് നീക്കിയത്.
അതേ സമയം സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ 2017ല്‍ അജയ്ദാസിനെ അഖാഡയില്‍നിന്നു പുറത്താക്കിയതാണെന്നും ജൂണാ അഖാഡയുമായി ബന്ധപ്പെട്ടാണ് തന്റെ പ്രവര്‍ത്തനമെന്നും മഹന്ത് ഹരിഗിരിയാണ് ആധ്യാത്മിക ഗുരുവെന്നും ലക്ഷ്മി നാരായണ്‍ ത്രിപാഠി വിശദീകരിച്ചു. മമത കുല്‍ക്കര്‍ണിയുടെ പേരില്‍ നിലവില്‍ കേസൊന്നുമില്ലെന്നും പറഞ്ഞു.
എന്നാല്‍ മമതയുടെ മുന്‍കാല ജീവിതം ചൂണ്ടിക്കാട്ടി വിമര്‍ശനവുമായി പലരും രംഗത്തെത്തിയിരുന്നു. യഥാര്‍ത്ഥ സന്യാസി ചൈതന്യമുളളവര്‍ക്ക് മാത്രമേ മഹാമണ്ഡലേശ്വര്‍ പദവി നല്‍കാവൂ എന്ന് ബാഗേശ്വര്‍ ധാമിലെ പീതാധേശ്വര്‍ പണ്ഡിറ്റ് ധീരേന്ദ്ര ശാസ്ത്രി വിമര്‍ശിച്ചിരുന്നു. ബാഹ്യ സ്വാധീനത്തില്‍ ഒരാളെ എങ്ങനെ സന്യാസിയൊ മഹാമണ്ഡലേശ്വരിയൊ ആക്കും? തനിക്ക് ഇതുവരെ മഹാമണ്ഡലേശ്വരനാകാന്‍ കഴിഞ്ഞിട്ടില്ലെന്നും ശാസ്ത്രി പറഞ്ഞു.
ഏറെക്കാലമായി സിനിമാമേഖലയില്‍നിന്നു വിട്ടുനില്‍ക്കുന്ന മമത വിവാഹത്തിനു ശേഷം കെനിയയിലാണു താമസിച്ചിരുന്നത്. 25 വര്‍ഷത്തിനുശേഷം ജനുവരി ആദ്യമാണ് മമത ഇന്ത്യയിലെത്തിയത്. മമതയ്ക്കും ഭര്‍ത്താവ് വിക്കി ഗോസാമിക്കും എതിരെയുള്ള 2,000 കോടി രൂപയുടെ ലഹരിമരുന്ന് കേസ് ബോംബെ ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റില്‍ റദ്ദാക്കിയിരുന്നു. 2016 ല്‍ താനെയില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ നടിക്കും ഭര്‍ത്താവിനും പങ്കുണ്ടെന്നായിരുന്നു കേസ്.
മഹാകുംഭമേളയില്‍ പുണ്യസ്‌നാനം നടത്തിയ ശേഷം കിന്നര്‍ അഖാഡയുടെ സന്യാസദീക്ഷ സ്വീകരിക്കുകയായിരുന്നു മമത. ഇനി താന്‍ യാമൈ മമത നന്ദഗിരി എന്ന പേരില്‍ അറിയപ്പെടുമെന്ന് മമത കുല്‍ക്കര്‍ണി പ്രഖ്യാപിച്ചിരുന്നു.
1991 ല്‍ സിനിമയിലെത്തിയ മമത കുല്‍ക്കര്‍ണിയുടെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്ന് സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും നായകന്‍മാരായ കരണ്‍ അര്‍ജുന്‍ ആയിരുന്നു. ഇതിനൊപ്പം 90 കളിലെ നിരവധി ബോളിവുഡ് ഹിറ്റ് സിനിമകളിലെ നായികയായി തിളങ്ങിയിട്ടുണ്ട് മമത. അതിനൊപ്പം ബാസി, വക്ത് ഹമാരാ ഹെ, ക്രാന്തിവീര്‍, ആന്ദോളന്‍, സബ്‌സെ ബഡാ കിലാഡി തുടങ്ങിയ ഹിറ്റ് സിനിമകളിലും മമത കുല്‍ക്കര്‍ണി തിളങ്ങിയിരുന്നു. 1999 ല്‍ കുഞ്ചാക്കോ ബോബന്‍ നായകനായ 'ചന്ദാമാമ' എന്ന ചിത്രത്തിലൂടെ മലയാളത്തിലും അവര്‍ മുഖം കാണിച്ചിരുന്നു.