ഭഗവന്‍ റാമിന് തായ് വാന്‍കാരുമായി ബന്ധമെന്ന് തിരിച്ചറിഞ്ഞു; ഈ വീഡിയോ കോളില്‍ എല്ലാം തെളിയിച്ചു; സ്വന്തം നാട്ടിലെ മൊബൈല്‍ കണക്ഷന്‍ എടുത്ത് ഇന്ത്യയില്‍ എത്തി; വാട്‌സാപ്പും മറ്റും ഉപയോഗിച്ച് ആശയ വിനിമയം; പൊലീസ് തിരഞ്ഞാല്‍ ലോഗ് ഇന്‍ വിവരങ്ങളെല്ലാം വിദേശത്തേത്; പൊക്കിയത് രണ്ട് വമ്പന്‍ സ്രാവുകളെ; ഡോക്ടര്‍ ദമ്പതികളെ പറ്റിച്ചവരെ കണ്ടെത്തിയത് ആലപ്പുഴ പോലീസ് മികവ്

Update: 2025-02-19 02:39 GMT

ആലപ്പുഴ: ചേര്‍ത്തല സ്വദേശികളായ ഡോക്ടര്‍ ദമ്പതിമാരില്‍ നിന്ന് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ 7.65 കോടി രൂപ തട്ടിയ കേസില്‍ തയ്‌വാന്‍കാരായ മുഖ്യപ്രതികളിലേക്ക് കേരളാ പോലീസ് എത്തുന്നത് സൈബര്‍ അന്വേഷണ മികവില്‍. ദമ്പതിമാരില്‍നിന്ന് നാല്‍പതോളം ഇടപാടുകളിലായി പണം സ്വീകരിച്ച അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. വാട്‌സാപ്പില്‍ ചാറ്റുചെയ്ത വ്യക്തിയിലേക്ക് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം എത്തിയതാണ് നിര്‍ണ്ണായകമായത്.

അന്താരാഷ്ട്രതലത്തില്‍ സൈബര്‍ക്രൈം കുറ്റകൃത്യങ്ങള്‍ നടത്തുന്ന തയ്‌വാനിലെ പിങ്‌ചെന്‍ സ്വദേശികളായ വാങ് ചുന്‍-വെയ് (26), ഷെന്‍ വെയ്-ഹോ (35) എന്നിവരെയാണു ആലപ്പുഴ പോലീസ് തന്ത്രപരമായി അറസ്റ്റ് ചെയതത്. ആദ്യം അറസ്റ്റിലായ പ്രതികളിലൂടെയാണ് ആലപ്പുഴ സൈബര്‍ പോലീസ് ഇവരിലേക്കെത്തിയത്. പ്രതികളെ തിരിച്ചറിഞ്ഞ് അന്വേഷണം നടത്തുന്നതിനിടെയാണ് വിദേശീയരായ ചില പ്രതികള്‍ സാബര്‍മതി സെന്‍ട്രല്‍ ജയിലിലുണ്ടെന്ന വിവരം കിട്ടിയത്. അഹമ്മദാബാദ് പോലീസ് മറ്റൊരു കേസില്‍ അറസ്റ്റുചെയ്തവരായിരുന്നു ഇവര്‍. ഇക്കൂട്ടത്തില്‍ ചേര്‍ത്തലയിലെ കേസില്‍ ഉള്‍പ്പെട്ടവരും ഉണ്ടായിരുന്നു. ഇതോടെ പോലീസിന് കാര്യങ്ങള്‍ വ്യക്തമായി. ചോദ്യ ചെയ്യലില്‍ വിദേശികളുടെ ഇടപെടലും തെളിഞ്ഞു.

തുടര്‍ന്ന് ഇവരെ കേരള പോലീസ് കസ്റ്റഡിയിലെടുത്തു. കുറത്തികാട് എസ്.ഐ. മോഹിത്തിന്റെ നേതൃത്വത്തില്‍ സാബര്‍മതി ജയിലില്‍നിന്ന് പ്രതികളെ തീവണ്ടിമാര്‍ഗം ചൊവ്വാഴ്ച വൈകുന്നേരം ആലപ്പുഴയിലെത്തിച്ചു. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ കസ്റ്റഡിയില്‍ വാങ്ങും. ഇതിന് ശേഷം വിശദമായി ചോദ്യം ചെയ്യും. സമാനമായ പല തട്ടിപ്പ് കേസിനും ഇതോടെ തുമ്പുണ്ടാകുമെന്നാണ് വിലയിരുത്തല്‍. വിവിധ കമ്പനികളുടെ പ്രതിനിധികളാണെന്നു പറഞ്ഞ് വ്യാജരേഖകള്‍ കാണിച്ചും ഉയര്‍ന്ന ലാഭം വാഗ്ദാനംചെയ്തുമാണ് ഡോക്ടര്‍ ദമ്പതിമാരെ കബളിപ്പിച്ചത്.

തായ്വാന്‍ പൗരന്മാര്‍ രാജ്യത്തെ പ്രധാന സാമ്പത്തിക തട്ടിപ്പുസംഘത്തിലെ അംഗങ്ങളാണ്. കഴിഞ്ഞ വര്‍ഷം ഗുജറാത്ത് പൊലീസിന്റെ പിടിയിലാകുമ്പോള്‍ ഇവര്‍ക്കെതിരെ പത്തോളം സംസ്ഥാനങ്ങളിലായി അഞ്ഞൂറിലേറെ പരാതികളുണ്ടായിരുന്നു. ഡല്‍ഹിയില്‍നിന്നും ബംഗുളൂരുവില്‍നിന്നുമാണ് അഹമ്മദാബാദ് പൊലീസിന്റെ സൈബര്‍ ക്രൈം സെല്‍ വിദേശ പൗരന്മാരെ പിടികൂടിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കമീഷന്‍ നല്‍കി വാടകയ്ക്കെടുത്ത അക്കൗണ്ടുകളാണ് പണമിടപാടുകള്‍ക്കായി ഉപയോഗിച്ചിരുന്നത്. വാങ് ചുന്‍വെയ് ഹിമാചല്‍ പ്രദേശിലാണ് ബിരുദപഠനം പൂര്‍ത്തിയാക്കിയത്. രാജ്യത്തിനകത്തും പുറത്തും നിരന്തരം സന്ദര്‍ശിച്ച് തട്ടിപ്പുകള്‍ നടത്തുന്നതായിരുന്നു ഇവരുടെ രീതി.

സംഭവത്തില്‍ മറ്റൊരു പ്രതിയെ ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. കര്‍ണാടക തുമകുരു ജില്ലയിലെ മധുഗിരി സ്വദേശി ഭഗവാന്‍ റാം ഡി. പട്ടേലിനെ (22) ആണ് ബെംഗളൂരു യെലഹങ്കയില്‍നിന്ന് ജില്ലാ ക്രൈംബ്രാഞ്ച് പിടിച്ചത്. സംഘത്തിലെ നാലുപേരെ കഴിഞ്ഞ ജൂലായ് ആദ്യം ചേര്‍ത്തല പോലീസ് അറസ്റ്റു ചെയ്തിരുന്നു. സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്ത വലിയ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകേസിലൊന്നാണിത്. ചേര്‍ത്തല പോലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. വാട്‌സാപ്പ് വഴി ലിങ്ക് അയച്ചുനല്‍കി ഗ്രൂപ്പില്‍ ചേര്‍ത്താണ് നിക്ഷേപവും ലാഭവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറിയിരുന്നത്. നിക്ഷേപത്തുക തിരികെ ആവശ്യപ്പെട്ടതോടെ രണ്ടുകോടിരൂപകൂടി നല്‍കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഇതോടെയാണ് പരാതി നല്‍കിയത്. രാജ്യാന്തര ബന്ധമുണ്ടോ എന്നു സംസ്ഥാന സൈബര്‍ സെക്യൂരിറ്റി വിങ് പ്രത്യേകം നിരീക്ഷിക്കുന്ന കേസിലാണു വിദേശ പൗരന്‍മാര്‍ പിടിയിലായത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ അധിക ചുമതലയുള്ള ആലപ്പുഴ ഡിവൈഎസ്പി എം.ആര്‍.മധുബാബുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. തട്ടിയെടുക്കുന്ന പണം ക്രിപ്‌റ്റോ കറന്‍സിയായി മാറ്റുന്നതാണ് രീതി. ഭഗവാന്‍ റാമാണു ഡോക്ടര്‍ ദമ്പതികളുമായി വാട്‌സാപ് ചാറ്റ് നടത്തി പണം തട്ടിയെടുത്തത്.

പിടിയിലായ തയ്വാന്‍ സ്വദേശികള്‍ക്കു നേരത്തെ പിടിയിലായ ഭഗവാന്‍ റാമുമായി ബന്ധമുണ്ടെന്നതിനു തെളിവായി വിഡിയോ കോള്‍, വാട്‌സാപ് ചാറ്റ് തെളിവുകള്‍ പൊലീസിനു ലഭിച്ചു. സംഘത്തിലുള്ളവരൊന്നും ഫോണില്‍ നേരിട്ടു സംസാരിച്ചിരുന്നില്ല. എല്ലാ ആശയവിനിമയവും വാട്‌സാപ്പും മറ്റും വഴിയായിരുന്നു. തയ്വാന്‍ സ്വദേശികള്‍ ഗുജറാത്ത് ജയിലില്‍ ഉണ്ടെന്നറിഞ്ഞു കഴിഞ്ഞ മാസം അവിടെയെത്തിയ പൊലീസ് സംഘം ഭഗവാന്‍ റാമിനെക്കൊണ്ട് ഇവര്‍ക്കു വിഡിയോ കോള്‍ വിളിപ്പിച്ചിരുന്നു. 'ബ്രോ' എന്നു വിളിച്ചു സംസാരിച്ചു തുടങ്ങിയ ശേഷം ഭഗവാന്‍ റാം പൊലീസിന്റെ പിടിയിലാണെന്നു ദൃശ്യത്തില്‍ കണ്ടതോടെ മറുവശത്തുള്ളയാള്‍ ചുമരില്‍ തലയിടിച്ചു നിരാശ പ്രകടിപ്പിച്ചു. രണ്ടു തയ്വാന്‍കാരെയും ഭഗവാന്‍ റാമിനെക്കൊണ്ടു പൊലീസ് വിളിപ്പിച്ചിരുന്നു.

ഒരു തരത്തിലും തങ്ങളെ കണ്ടുപിടിക്കാന്‍ കഴിയാത്ത വിധമായിരുന്നു പ്രതികളുടെ ഫോണ്‍ ഉപയോഗം. സ്വന്തം നാട്ടിലെ മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുത്ത ശേഷമാണ് ഇവര്‍ ഇന്ത്യയില്‍ എത്തിയത്. ശേഷം വാട്‌സാപ്പും മറ്റും ഉപയോഗിച്ചു. പൊലീസ് തിരഞ്ഞാല്‍ ലോഗ് ഇന്‍ വിവരങ്ങളെല്ലാം വിദേശത്തേത് ആയിരിക്കും എന്നതായിരുന്നു ഇവര്‍ പ്രയോഗിച്ച ബുദ്ധി. ഇപ്പോള്‍ സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയായ എ.സുനില്‍രാജ് ജില്ലാ ക്രൈം ബ്രാഞ്ചില്‍ ആയിരുന്നപ്പോഴാണ് അന്വേഷണം ചേര്‍ത്തല പൊലീസില്‍നിന്ന് ഏറ്റെടുത്തതും 5 പ്രതികളെ പിടികൂടിയതും. കുറത്തികാട് സിഐ പി.കെ.മോഹിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ തിരഞ്ഞു ഗുജറാത്തില്‍ പോയത്. എസ്‌ഐമാരായ മോഹന്‍ കുമാര്‍, സജി, സിപിഒമാരായ സിദ്ദിഖുല്‍ അക്ബര്‍, ശരത്ലാല്‍, വിഷ്ണു എന്നിവരാണു സംഘത്തിലെ മറ്റുള്ളവര്‍.

Tags:    

Similar News