പാലക്കാട് ജില്ലയില്‍ മാങ്കൂട്ടത്തില്‍ ഓപ്പറേഷന്‍ അറിഞ്ഞത് രണ്ടു പോലീസുകാര്‍ മാത്രം; അതിരഹസ്യമായ 'ഓപ്പറേഷന്‍ പൂങ്കുഴലി'യ്ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമോ? ഇത്രയും നാടകീയത ആവശ്യമായിരുന്നോ എന്ന ചോദ്യവും സജീവം; മാങ്കൂട്ടത്തിലിനെ ജയിലില്‍ അടച്ചത് തന്ത്രങ്ങളിലൂടെ

Update: 2026-01-12 01:28 GMT

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നില്‍ പോലീസിന്റെ അതിരഹസ്യമായ 'ഓപ്പറേഷന്‍ പൂങ്കുഴലി' വിജയിക്കുമ്പോള്‍, ഇത്രയും നാടകീയത ആവശ്യമായിരുന്നോ എന്ന ചോദ്യം ഉയരുന്നു. നിലവില്‍ രണ്ട് കേസുകളില്‍ നിയമ പരിരക്ഷയുള്ള ഒരു ജനപ്രതിനിധിയെ അര്‍ധരാത്രി ഹോട്ടല്‍ മുറി വളഞ്ഞ് കസ്റ്റഡിയിലെടുത്തത് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ശക്തമാണ്.

ഹോട്ടല്‍ ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചുവെച്ചും, വാര്‍ത്ത പുറത്താകാതെ നോക്കിയും പോലീസ് നടത്തിയ നീക്കങ്ങള്‍ ഒരു ക്രിമിനലിനെ പിടികൂടുന്നത് പോലെയായിരുന്നു. ഇതിനകം രണ്ട് കേസുകളില്‍ കോടതിയെ സമീപിച്ചിട്ടുള്ള രാഹുല്‍ ഒളിവില്‍ പോകാന്‍ സാധ്യതയില്ലെന്നിരിക്കെ, പുലര്‍ച്ചെ നടത്തിയ ഈ 'നാടകീയ അറസ്റ്റ്' രാഹുലിന്റെ രാഷ്ട്രീയ എതിരാളികളെ തൃപ്തിപ്പെടുത്താനാണെന്ന വിമര്‍ശനം പ്രതിപക്ഷം ഉന്നയിക്കുന്നു. എന്നാല്‍, നിര്‍ബന്ധിത ഗര്‍ഭഛിദ്രവും സാമ്പത്തിക ചൂഷണവും ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് പുതിയ പരാതിയിലുള്ളത്. ചാറ്റ് വിവരങ്ങളും ഡിഎന്‍എ തെളിവുകളും ശേഖരിച്ച പോലീസ്, രാഹുല്‍ വാദിക്കുന്ന 'ഉഭയസമ്മത' വാദം പൊളിക്കാനുള്ള ഒരുക്കത്തിലാണ്. കുഞ്ഞ് വേണമെന്ന് നിര്‍ബന്ധിക്കുകയും പിന്നീട് ഗര്‍ഭഛിദ്രത്തിലേക്ക് തള്ളിവിടുകയും ചെയ്തുവെന്നത് കേസിനെ സങ്കീര്‍ണ്ണമാക്കുന്നു.

ഹൈക്കോടതിയിലും വിചാരണ കോടതിയിലും മറ്റ് കേസുകള്‍ നിലനില്‍ക്കെ, പോലീസ് കാണിച്ച ഈ അമിതവേഗം രാഷ്ട്രീയ ആയുധമാണോ അതോ നീതി നടപ്പാക്കലോ എന്നത് കോടതിയില്‍ തെളിയും. ജാമ്യത്തിനായി രാഹുല്‍ ശ്രമിക്കുമ്പോള്‍, കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. പാലക്കാട്: മൂന്നാം ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് നീങ്ങിയത് എല്ലാ പഴുതുകളും അടച്ച്. പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് അര്‍ധരാത്രിയാണ് പോലീസ് രാഹുലിനെ കസ്റ്റഡിയില്‍ എടുത്തത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ലൈംഗികപീഡന കേസില്‍ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. രണ്ടാമത്തെ കേസില്‍ വിചാരണ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മൂന്നാമതും ഒരു യുവതി രാഹുലിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ക്രൂരമായ ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭഛിദ്രവും സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളാണ് യുവതി ഇ-മെയില്‍ വഴി നല്‍കിയിരിക്കുന്ന പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

പത്തനംതിട്ട തിരുവല്ല സ്വദേശിനിയാണ് പരാതിക്കാരി എന്നാണ് വിവരം. പാലക്കാട്ടെ കെപിഎം റീജന്‍സി ഹോട്ടലിലെ 2002-ാം നമ്പര്‍ മുറിയില്‍നിന്നും ശനിയാഴ്ച അര്‍ധരാത്രി 12.30-ഓടെയാണ് പ്രത്യേക പോലീസ് സംഘം രാഹുലിനെ കസ്റ്റഡിയില്‍ എടുത്തത്. പാലക്കാട്ടെ നൂറണി ഗ്രാമത്തിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് രാഹുല്‍ ഇവിടെ ഹോട്ടലില്‍ തങ്ങിയിരുന്നത്.

ബലാത്സംഗ പരാതി വന്നതിന് പിന്നാലെ രാഹുലിനോട് താമസിച്ചിരുന്ന ഫ്ലാറ്റില്‍നിന്നും ഒഴിയണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷം, മണ്ഡലത്തില്‍ എത്തുമ്പോഴെല്ലാം കെപിഎം ഹോട്ടലിലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ താമസിച്ചിരുന്നത്. പുതിയ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രത്യേക സംഘം രാഹുലിനെ രഹസ്യമായി നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ ഹോട്ടലില്‍ എത്തിയപ്പോള്‍ അന്വേഷണ സംഘവും രഹസ്യമായി അവിടെ എത്തിയിരുന്നു.

രാഹുലിനെ കസ്റ്റഡിയില്‍ എടുക്കാനായി ഡിവൈഎസ്പി മുരളിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഹോട്ടലില്‍ എത്തിയത്. രഹസ്യമായി നിരീക്ഷിച്ചിരുന്നെങ്കിലും രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ എടുക്കാനാണ് തങ്ങള്‍ പോകുന്നത് എന്ന വിവരം അന്വേഷണ സംഘത്തെ നയിച്ചിരുന്ന ഡിവൈഎസ്പി മുരളിക്കും അദ്ദേഹത്തിന് ഇക്കാര്യത്തിന് നിയോഗിച്ച പാലക്കാട് എസ്പിക്കുമല്ലാതെ ജില്ലയിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കൊന്നും തന്നെ അറിയുമായിരുന്നില്ല.

Tags:    

Similar News