ഒരേ നമ്പറില്‍ നിന്ന് രണ്ടുപേരുടെയും ഫോണിലേക്ക് കോള്‍ വന്നു; താനൂരില്‍ നിന്നും കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനികളുടെ ടവര്‍ ലൊക്കേഷന്‍ നിലവില്‍ കോഴിക്കോട്; വിളിച്ചത് എടവണ്ണ സ്വദേശി? അന്വേഷണം തുടരുന്നു; മകള്‍ക്ക് പരീക്ഷ പേടി ഇല്ലായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ്

കാണാതായ പ്ലസ്ടു വിദ്യാര്‍ഥിനികള്‍ക്കായി അന്വേഷണം ഊര്‍ജിതം

Update: 2025-03-06 10:05 GMT

മലപ്പുറം: മലപ്പുറം താനൂരില്‍ പരീക്ഷയെഴുതാന്‍ സ്‌കൂളിലേക്ക് പുറപ്പെട്ട പ്ലസ് ടു വിദ്യാര്‍ഥിനികള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. കുട്ടികളുടെ കോള്‍ റെക്കോര്‍ഡുകള്‍ വിശദമായി പരിശോധിക്കുകയാണ്. ഒരു നമ്പറില്‍ നിന്ന് രണ്ടുപേരുടെയും ഫോണിലേക്ക് കോള്‍ വന്നതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ ടവര്‍ ലൊക്കേഷന്‍ നിലവില്‍ കോഴിക്കോടാണ്.

കുട്ടികളുടെ ഫോണിലേക്ക് വന്ന കോള്‍ എടവണ്ണ സ്വദേശിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത സിംകാര്‍ഡില്‍ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ നിലവില്‍ മഹാരാഷ്ട്രയാണെന്നും താനൂര്‍ സിഐ ടോണി ജെ മറ്റം പറഞ്ഞു. താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനികളായ അശ്വതി, ഫാത്തിമ ഷഹ്ദ എന്നിവരെയാണ് ബുധനാഴ്ച മുതല്‍ കാണാതായത്.

ബുധനാഴ്ച പരീക്ഷയ്ക്കായി വീട്ടില്‍നിന്ന് ഇരുവരും സ്‌കൂളിലേക്ക് പോയിരുന്നു. എന്നാല്‍, ഇരുവരും പരീക്ഷയ്ക്ക് ഹാജരായിരുന്നില്ല. തുടര്‍ന്ന് അധ്യാപകര്‍ വീട്ടില്‍ വിളിച്ച് കാര്യം തിരക്കിയതോടെയാണ് പരീക്ഷയ്ക്കായി വീട്ടില്‍നിന്ന് ഇറങ്ങിയതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് മാതാപിതാക്കള്‍ താനൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

വിദ്യാര്‍ഥിനികളുടെ കൈവശം മൊബൈല്‍ ഫോണുകളുണ്ടെങ്കിലും ഇത് സ്വിച്ച് ഓഫ് ആണ്. സംഭവത്തില്‍ താനൂര്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തിവരികയാണ്. മകള്‍ക്ക് പരീക്ഷ പേടി ഇല്ലായിരുന്നുവെന്നും, ഉടനെ ഇരുവരും തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാണാതായ ഫാത്തിമ ഷഹദയുടെ അച്ഛന്‍ പറഞ്ഞു. കോഴിക്കോട് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

Tags:    

Similar News