കഫേ തുടങ്ങിയതിന്റെ കടബാധ്യത തീര്‍ക്കണം; കോഫി ഷോപ് തുടങ്ങാന്‍ പണം കണ്ടെത്തണം; ബംഗളൂരുവില്‍നിന്ന് എം.ഡി.എം.എ എത്തിച്ച്, വാടകവീട്ടില്‍വെച്ച് ചെറുപാക്കറ്റുകളാക്കി വില്‍പന; പിടിയിലായത് അറിയാതെ 'സാധനം' ചോദിച്ച് യുവാവിന് തുരുതുരെ വിളി

പിടിയിലായത് അറിയാതെ 'സാധനം' ചോദിച്ച് യുവാവിന് തുരുതുരെ വിളി

Update: 2025-03-16 14:11 GMT

കൊച്ചി: കടബാധ്യത തീര്‍ക്കുന്നതിനും സ്വന്തമായി കോഫി ഷോപ് തുടങ്ങുന്നതിനും പണം കണ്ടെത്താന്‍ ലഹരിക്കച്ചവടം നടത്തിയ യുവാവ് മുളവുകാട് പൊലീസിന്റെ പിടിയില്‍ പാലക്കാട് മണ്ണാര്‍ക്കാട് കല്ലന്‍ചോല സ്വദേശി മുഹമ്മദ് ഷബീബാണ് (25) അറസ്റ്റിലായത്. പ്രതിയില്‍നിന്ന് ഒരു ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കഫേ തുടങ്ങിയതിന്റെ കടം വീട്ടാനാണ് ലഹരി കച്ചവടം തുടങ്ങിയതെന്നാണ് പ്രതിയുടെ മൊഴി. കൊച്ചിയില്‍ സ്വന്തമായൊരു കോഫി ഷോപ്പ് തുടങ്ങാനാണ് ലഹരി ഇടപാട് നടത്തിയതെന്നും ഷബീബ് പറഞ്ഞു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാളെ ബോള്‍ഗാട്ടി ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടുവര്‍ഷമായി ഇടപ്പള്ളിയിലെ കോഫി ഷോപ്പില്‍ ജോലി ചെയ്തുവരുകയായിരുന്നു ഷബീബ്. ബംഗളൂരുവില്‍നിന്ന് എം.ഡി.എം.എ എത്തിച്ച്, വാടകവീട്ടില്‍വെച്ച് ചെറുപാക്കറ്റുകളാക്കി വില്‍പന നടത്തുകയായിരുന്നു.

ഇയാളുടെ ഫോണിലേക്ക് മയക്കുമരുന്ന് ആവശ്യപ്പെട്ട് നിരവധിപേരുടെ വിളി എത്തിയിരുന്നു. പ്രതിയുടെ ഗൂഗിള്‍ പേ പരിശോധിച്ചതില്‍ മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട് ധാരാളം സാമ്പത്തിക ഇടപാടുകള്‍ നടന്നതായി പൊലീസ് കണ്ടെത്തി. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിന് ഊര്‍ജിത ശ്രമം ആരംഭിച്ചിട്ടുണ്ട്.

രണ്ടുവര്‍ഷമായി കൊച്ചിയിലുള്ള ഷബീബ് കലൂരില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. കട നടത്തിക്കൊണ്ടുപോവുന്നതിനിടയില്‍ വന്ന കടം വീട്ടാനാണ് ലഹരി കച്ചവടത്തിലേക്ക് കടന്നതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. യുവാവില്‍നിന്ന് എംഡിഎംഎ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തും.

ബെംഗളൂരുവില്‍നിന്നാണ് ഷബീബ് ലഹരി കേരളത്തിലെത്തിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയിലാണ് ഇയാള്‍ ലഹരിമരുന്ന് വില്പന നടത്തിയിരുന്നത്. ഷബീബിന്റെ യുപിഐ ഇടപാടുകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ഇതില്‍ ലഹരി വില്പനയുമായി ബന്ധപ്പെട്ട ഒട്ടേറെ പണമിടപാടുകളുണ്ട് എന്നാണ് പോലീസ് പറയുന്നത്.

ഷബീബിനെ പിടികൂടിയപ്പോഴും നിരവധി പേര്‍ ഇയാളുടെ ഫോണിലേക്ക് വിളിക്കുന്നുണ്ടായിരുന്നു. എംഡിഎംഎ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഈ വിളികള്‍ വന്നത്. ഇതുള്‍പ്പെടെ യുവാവിനെതിരെയുള്ള തെളിവായി പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇയാള്‍ക്ക് ലഹരി കൈമാറിയവരേയും ഇയാളില്‍നിന്ന് ലഹരി വാങ്ങിയവരേയും കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പോലീസിന്റെ ശ്രമം.

Tags:    

Similar News