ബ്രിട്ടനിലെ ഏറ്റവും വലിയ കൂട്ടക്കൊല ചെയ്ത റിക്കോര്‍ഡ് ഉണ്ടാക്കാന്‍ വീട്ടുകാരെ കൊന്ന ശേഷം അടുത്തുള്ള സ്‌കൂളിലേക്ക് പോയ കൗമാരക്കാരന്‍ പിടിയിലായത് തലനാരിഴക്ക്; 49 വര്‍ഷം തടവിന് വിധിച്ച് കോടതി
ലണ്ടന്‍: ബ്രിട്ടീഷ് കൗമാരത്തിന്റെ വഴിപിഴച്ച പോക്കിന് ഉത്തമ ഉദാഹരണമായി നിക്കോളാസ് പ്രോസ്പെര്‍ എന്ന കൗമാരക്കാരന്‍. തന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്തതിനു ശേഷം മറ്റ് 30 കുട്ടികളെ കൂടി കൊല്ലാന്‍ ഒരുങ്ങിയ ഇയാളുടെ ലക്ഷ്യം ബ്രിട്ടനിലെ ഏറ്റവും വലിയ കൂട്ടക്കൊല ചെയ്ത് റെക്കോര്‍ഡിടുക എന്നതായിരുന്നത്രെ. ഏതായാലും ഇപ്പോള്‍ 49 വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി ഇയാള്‍ക്ക് വിധിച്ചിരിക്കുന്നത്.
തോക്കുമായി ബന്ധപ്പെട്ട നിയമങ്ങളിലെ പഴുതുപയോഗിച്ച് ഒരു ഷോട്ട്ഗണും 100 കാട്രിഡ്ജും സ്വന്തമാക്കിയ ഇയാള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ബ്രിട്ടന്‍ സാക്ഷ്യം വഹിച്ചേക്കാമായിരുന്ന ഏറ്റവും വലിയ കൊലപാതക പരമ്പരക്ക് ഒരുങ്ങുകയായിരുന്നു. തന്റെ കുടുംബാംഗങ്ങളെ കൊന്നതിനു ശേഷം ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ ഇയാളുടെ കൈകളില്‍ രക്തം പുരണ്ടിരുന്നത് ഇന്നലെ പുറത്തുവിട്ട വീഡിയോ ദൃശ്യത്തില്‍ കാണാം.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 13 ന് സ്വന്തം മാതാവിനു നേരെ വെടിയുതിര്‍ത്തു കൊണ്ടായിരുന്നു ഇയാള്‍ കൊലപാതക പരമ്പരക്ക് തുടക്കം കുറിച്ചത്. 48 കാരിയായ ജൂലിയാനെ ഫാല്‍ക്കനെ വെടിവെച്ചു കൊന്നതിനു ശേഷം തന്റെ സഹോദരങ്ങളായ 16 ഉം 13 ഉം വയസ്സുള്ള കൈല്‍ പ്രോസ്പ്പറെയും ജിലില്ല പ്രോസ്പറേയും ഇയാള്‍ കൊന്നു. ല്യൂട്ടണിലുള്ള തന്റെ വസതിയില്‍ വെച്ചായിരുന്നു ഇയാള്‍ ഈ ക്രൂരകൃത്യങ്ങള്‍ ചെയ്തത്. അതിനു ശേഷമായിരുന്നു, എല്ലാവരെയും കൊല്ലാനായി ഇയാള്‍ സ്‌കൂളിലേക്ക് തിരിച്ചത്. പകുതിവഴിയില്‍ പഠനം ഉപേക്ഷിച്ച വ്യക്തിയാണ് അന്ന് 18 വയസ്സുണ്ടായിരുന്ന ഇയാള്‍.
നാലും അഞ്ചും വയസ്സുള്ള കുട്ടികള്‍ പഠിക്കുന്ന ഒരു ക്ലാസ്സ് മുറിയിലെത്തി അവിടെയുള്ള മുപ്പതോളം കുട്ടികളെയും അധ്യാപകരെയും വെടിവെച്ചു കൊല്ലുക എന്നതായിരുന്നു ഇയാളുടെ സ്വപ്നം. സെയിന്റ് ജോസഫ്‌സ് കത്തോലിക് പ്രൈമറി സ്‌കൂള്‍ ആയിരുന്നു അതിനായി ഇയാള്‍ തിരഞ്ഞെടുത്തത്. ലോകത്തിലെ ഏറ്റവും ക്രൂരനായ സ്‌കൂള്‍ കൊലപാതകി എന്ന സ്ഥാനമായിരുന്നത്രെ അയാള്‍ ആഗ്രഹിച്ചിരുന്നത്.
കോടതി മുറിയില്‍ പോലും തീരെ പശ്ചാത്താപമില്ലാതെ നിന്ന അയാള്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. കുറഞ്ഞത് 49 വര്‍ഷങ്ങള്‍ എങ്കിലും കഴിയാതെ അയാള്‍ക്ക് പുറത്ത് വരാന്‍ കഴിയില്ല. ല്യൂട്ടണിലെ പൊതു സമൂഹത്തിന് വലിയൊരു നാശമാണ് ഇയാള്‍ ഉണ്ടാക്കിയിരിക്കുന്നതെന്നായിരുന്നു കോടതി നിരീക്ഷിച്ചത്. ബുദ്ധിപരമായ കണക്കുകൂട്ടലുകളോടെയായിരുന്നു ഇയാള്‍ നീങ്ങിയത് എന്നും കോടതി നിരീക്ഷിച്ചു.