ചാവടിമുക്കിലെ ലഹരി മാഫിയയെ തുറന്നു കാട്ടിയ അനുവിനെ അവശനാക്കി; രണ്ടു മാസം മുമ്പ് താഴെവെട്ടൂരില്‍ ഷാജഹാനെ കൊന്നതും രാസലഹരിക്കാര്‍; അമേരിക്കന്‍ ക്രിമിനലിന്റെ ഒളിത്താവളം ലഹരി മാഫിയുടെ വിളയാട്ടു കേന്ദ്രം; സ്‌കൂള്‍ വളപ്പില്‍ പ്രിന്‍സിപ്പളിനും രക്ഷയില്ല; ഇലകമണ്ണിലും കച്ചവടം സജീവം; വര്‍ക്കലയെ രക്ഷിച്ചേ മതിയാകൂ

Update: 2025-03-20 05:46 GMT

തിരുവനന്തപുരം: സ്‌കൂളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം പ്രഥമാധ്യാപകനെ മര്‍ദിച്ച 18കാരന്‍ ലഹരിക്കടിമയെന്ന് സൂചന. വര്‍ക്കല ഇലകമണ്‍ ഹരിഹരപുരം സെയ്ന്റ് തോമസ് യുപി സ്‌കൂളിലെ പ്രഥമാധ്യാപകന്‍ ജെ. അന്‍സലാം ഹിലാരിക്കാണ് മര്‍ദനമേറ്റത്. ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. സ്‌കൂള്‍ കഴിയുന്ന സമയത്തായിരുന്നു യുവാവിന്റെ പരാക്രമം. സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു അക്രമം. സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി ഉപയോഗം വ്യാപകമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ലഹരി ഉപയോഗം കാരണമുണ്ടാകുന്ന അക്രമങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ച് വരുന്നതിനിടെയാണ് പുതിയ സംഭവം.

സ്‌കൂള്‍വളപ്പില്‍ അതിക്രമിച്ചു കയറിയായിരുന്നു യുവാവിന്റെ പരാക്രമം. സ്‌കൂള്‍ വാഹനത്തില്‍ ഉണ്ടായിരുന്ന കുട്ടികളുടെ ബാഗുകള്‍ യുവാവ് ബലം പ്രയോഗിച്ചു പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ചപ്പോളാണ് പ്രഥമാധ്യാപകനായ അന്‍സലാം ഹിലാരിയെ യുവാവ് ആക്രമിക്കുന്നത്. സ്‌കൂളിന്റെ വാതിലും ജനലും ചവിട്ടി തകര്‍ക്കാന്‍ ശ്രമിക്കുകയും പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ഡോര്‍ ഗ്ലാസ് യുവാവ് ഇടിച്ചുപൊട്ടിക്കുകയും ചെയ്തു. ഈസമയം വാഹനത്തിലും പരിസരത്തും സ്‌കൂള്‍ കുട്ടികള്‍ ഉണ്ടായിരുന്നു. കഷ്ടിച്ചാണ് കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. വര്‍ക്കല തീരം കേന്ദ്രീകരിച്ചുള്ള മാഫിയയാണ് ഈ സ്‌കൂളിലും മയക്കു മരുന്ന് വിതരണം നടത്തുന്നത്. നിരവധി പേര്‍ ഇതിന്റെ ഇരകളാണ്. പ്രിന്‍സിപ്പളിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിരോധം നടത്തി. ഇതിലുള്ള പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

തകര്‍ന്നുവീണ ഗ്ലാസിന്റെ ചില്ലുകൊണ്ട് ആക്രമിക്കാന്‍ യുവാവ് തുനിഞ്ഞെന്നും അന്‍സലാം ഹിലാരി പറഞ്ഞു. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ യുവാവിനെ പിടികൂടി അയിരൂര്‍ പോലീസില്‍ ഏല്‍പ്പിച്ചു. തലയ്ക്കും നെഞ്ചിനും മര്‍ദനമേറ്റ അന്‍സലാം ഹിലാരിയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ പരാക്രമം അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ഇടയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ ശക്തമാക്കണമെന്ന ആവശ്യം ഉയരുകയാണ്. നാട്ടുകാരും പ്രതിരോധം ശക്തമാക്കും. ടൂറിസത്തിന്റെ മറവില്‍ ഈ മേഖലയില്‍ ലഹരി മാഫിയ സജീവമാണ്. ഇവര്‍ കുട്ടികളേയും ലക്ഷ്യമിടുന്നതു. ഇതിന് തടസ്സം നില്‍ക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതാണ് രീതി.

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര കുറ്റാവാളിയെ വര്‍ക്കലയില്‍ നിന്നും പിടികൂടിയിരുന്നു. അമേരിക്കയുടെ പ്രധാന നോട്ടപ്പുള്ളിയായിരുന്നു ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുകാരന്‍. സ്ഥരമായി വര്‍ക്കലയില്‍ എത്തിയിരുന്ന ഇയാള്‍ ഹോം സ്‌റ്റേ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടവും മറ്റും നടത്തിയിരുന്നു. ഈ സംഘത്തിലുള്ളവരാണോ സ്‌കൂളില്‍ പ്രശ്‌നമുണ്ടാക്കിയതെന്ന് സംശയമുണ്ട്. എന്നാല്‍ ലഹരിയുടെ കാണാകയങ്ങളിലേക്ക് പോലീസ് അന്വേഷണം കൊണ്ടു പോകുന്നില്ല. ഇതിന് പിന്നില്‍ ഉന്നത ഇടപെടലുണ്ടെന്നാണ് സൂചന. വലിയ സാമ്പത്തിക കരുത്താണ് വര്‍ക്കലയിലെ ലഹരി മാഫിയയ്ക്കുള്ളത്. ഉന്നത രാഷ്ട്രീയക്കാരുമായും അടുത്ത ബന്ധമുണ്ട്. അതുകൊണ്ട് തന്നെ ലഹരിക്കാര്‍ക്കെതിരെ നടപടിക്കിറങ്ങിയാല്‍ പണി കിട്ടുമോ എന്ന ഭയം പോലീസിനുമുണ്ട്.

ലഹരി വില്‍പനയെ എതിര്‍ത്താല്‍ അടിയും വെട്ടും ഉറപ്പാണെന്ന് നാട്ടുകാരും പറയുന്നു. ലഹരി മാഫിയകള്‍ പിടിമുറുക്കിയ ഇവിടെ ഗ്രാമവാസികള്‍ ആശങ്കയുടെ മുള്‍മുനയിലാണ് കഴിയുന്നത്. പലയിടങ്ങളിലും കുട്ടികളെ സ്‌കൂളിലയക്കാന്‍പോലും രക്ഷാകര്‍ത്താക്കള്‍ മടിക്കുന്നു. കഞ്ചാവ് വില്‍പനയും അതിന്റെ ഉപഭോഗവും വലിയതോതില്‍ ഗ്രാമത്തില്‍ പിടിമുറുക്കിക്കഴിഞ്ഞു. ലഹരി വില്‍പനക്കാര്‍ ഏതു കോണിലുമുണ്ട്. വിവിധതരം ലഹരി വസ്തക്കള്‍ ഏതുസമയത്തും യഥേഷ്ടം ലഭിക്കുമെന്ന സാഹചര്യമാണ്. വില്‍പനയെ എതിര്‍ത്താല്‍ ആക്രമണം ഉറപ്പാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

ചെമ്മരുതിയിലെ ചാവടിമുക്കില്‍ ലഹരി മാഫിയയുടെ ആക്രമണമുണ്ടായെങ്കിലും പോലീസ് ഫലപ്രദമായി ഇടപെട്ടില്ല. ചാവടിമുക്ക് മേഖലയില്‍ കഞ്ചാവും മയക്കുമരുന്നുകളും വ്യാപകമായി വില്‍പന നടക്കുന്നെന്നും വിദ്യാര്‍ഥികളില്‍ ലഹരി ഉപഭോഗം വര്‍ധിക്കുന്നെന്നും വ്യാപക പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പ്രദേശവാസിയായ അനു എന്ന യുവാവ് സ്‌കൂള്‍ അധികൃതര്‍ക്കും പൊലീസ്-എക്‌സൈസ് ഉദ്യാഗസ്ഥര്‍ക്കും പരാതി നല്‍കിയത്. ഇതിലുള്ള വൈരാഗ്യത്തില്‍ യുവാവിനെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. അനു മുഖത്ത് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയും തേടിയിരുന്നു.

തുടര്‍ന്ന് എക്‌സൈസ് സംഘം മേഖലയില്‍ മിന്നല്‍ റെയ്ഡ് നടത്തി ചാവടിമുക്കിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒന്നേകാല്‍ കിലോ മയക്കുമരുന്ന് പിടികൂടി. എന്നാല്‍, പ്രതിയെ പിടികൂടാനായില്ല. ഇതും മാഫിയയുടെ സ്വാധീനം കാരണമാണ്. വര്‍ക്കലയില്‍ ലഹരിസംഘങ്ങളെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയതിന്റെ പകയില്‍ വയോധികനെ വെട്ടിക്കൊന്നു സംഭവവും ഡിസംബറിലുണ്ടായി. താഴെവെട്ടൂര്‍ സ്വദേശി ഷാജഹാന്‍ (60) ആണ് കൊല്ലപ്പെട്ടത്. തീരദേശ മേഖലയില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വര്‍ധിച്ചു വരുന്നതായി ഷാജഹാനും ബന്ധുവായ മത്സ്യത്തൊഴിലാളിയും ചേര്‍ന്ന് വര്‍ക്കല പൊലീസിനെ അറിയിച്ചിരുന്നു.

പരാതി നല്‍കിയതിലെ വൈരാഗ്യം കാരണം ലഹരി മാഫിയ സംഘം ഷാജഹാന്റെ ബന്ധുവായ മത്സ്യ തൊഴിലാളിയെ മര്‍ദിച്ചിരുന്നു. ഇത് സംബന്ധിച്ചും വര്‍ക്കല പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് ആറംഗസംഘം വയോധികനെ ആക്രമിച്ചത്. ഷാജഹാന്‍ കടല്‍ത്തീരത്ത് കൂടി ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കവേ പതിയിരുന്ന സംഘം മാരകായുധങ്ങളുമായി ആക്രമിച്ച് കൊല്ലുകയായിരുന്നു.

Similar News