പണത്തെ ചൊല്ലിയുള്ള തര്‍ക്കം; ഗുല്‍ജാറിനെ മര്‍ദ്ദിച്ച ശേഷം ദേഷ്യത്തില്‍ നടന്നു പോയ അഹദുല്‍ ഇസ്ലാം; പക തീര്‍ക്കാന്‍ പിറകെ ഓട്ടോയില്‍ എത്തി ഇടിച്ചിട്ടു; വീണ അസമുകാരന്റെ ശരീരത്തിലൂടെ ഓട്ടോ കയറ്റി ഇറക്കി; നാട്ടുകൊരുടെ മൊഴി നിര്‍ണ്ണായകമായി; കിഴിശ്ശേരിയിലേത് അപകടമല്ല; ആ കൊലയില്‍ അറസ്റ്റും

Update: 2025-03-20 05:17 GMT

മലപ്പുറം: കിഴിശ്ശേരിയില്‍ ഗുഡ്‌സ് ഓട്ടോയിലെത്തിയയാള്‍ ഇതര സംസ്ഥാനത്തൊഴിലാളിയെ ഇടിച്ചിട്ട് കടന്നതിന് പിന്നില്‍ ഗൂഡാലോചന സംശയിച്ച് പോലീസ്. ഗുരുതര പരുക്കേറ്റ തൊഴിലാളി മരിച്ചു. ഗുഡ്‌സ് ഓട്ടോയില്‍ കടന്നയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി. കിഴിശ്ശേരി ആലിന്‍ചുവട് താമസിക്കുന്ന അസം സ്വദേശി അഹദുല്‍ ഇസ്ലാം ആണ് മരിച്ചത്. കിഴിശ്ശേരി നീരുട്ടക്കലില്‍ താമസിക്കുന്ന ഗുല്‍ജാര്‍ ഹുസൈന്‍ (30) ആണ് പൊലീസ് പിടിയിലായത്. ഇയാള്‍ പലതവണ വാഹനം ഇടിപ്പിച്ചതായാണു പൊലീസിനു ലഭിച്ച വിവരം. ഇതാണ് കൊലപാതകമാണെന്നു സംശയിക്കാന്‍ കാരണം.

ഗുരുതര പരുക്കേറ്റ യുവാവിനെ നാട്ടുകാര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് നടത്തിയ തിരച്ചിലില്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് ഗുല്‍സറിനെ വലയിലാക്കിയത്. ഇയാള്‍ ഗുഡ്‌സ് ഓട്ടോയില്‍ മത്സ്യവില്‍പന നടത്തുന്ന തൊഴിലാളിയാണ്. അപകടമരണമെന്ന് കരുതിയ സംഭവമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അസം സ്വദേശി അഹദുല്‍ ഇസ്‌ലാമിനെ ഗുഡ്‌സ് ഓട്ടോറിക്ഷ ഇടിക്കുന്നത്. എന്നാല്‍ റോഡില്‍ വീണ യുവാവിന്റെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അസം സ്വദേശിയായ ഗുല്‍ജാര്‍ ഹുസൈനെ അരീക്കാട് വെച്ച് അറസ്റ്റ് ചെയ്യുന്നത്.

ഇരുവരും തമ്മില്‍ നേരത്തെ പണവുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നിരുന്നു. ഇതിനിടെ പ്രതിയായ ഗുല്‍ജാര്‍ ഹുസൈനെ മരിച്ച അഹദുല്‍ ഇസ്‌ലാം മര്‍ദിച്ചു. ഇതിന്റെ പ്രതികാരമായാണ് ഗുല്‍ജാര്‍ ഹുസൈന്‍ അഹദുല്‍ ഇസ്‌ലാമിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയതെന്ന് കൊണ്ടോട്ടി പൊലീസ് അറിയിച്ചു. അഹദുല്‍ ഇസ്ലാമും ഗുല്‍ജാര്‍ ഹുസൈനും തമ്മില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് പണത്തെ ചൊല്ലി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതെന്ന് പോലീസ് പറയുന്നു. ഇതിനുപിന്നാലെയാണ് അഹദുല്‍ റോഡിലൂടെ നടന്നുപോയത്. ഓട്ടോയിലെത്തിയ പ്രതി യുവാവിനെ പിറകിലൂടെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.

അതിന് ശേഷം പക തീര്‍ക്കാനായി ദേഹത്ത് കൂടി ഓട്ടോ കയറ്റി ഇറക്കുകയും ചെയ്തു. തര്‍ക്കത്തെ തുടര്‍ന്ന് പെട്ടെന്നുണ്ടായ പ്രകോപനമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. പ്രതി അഹദുല്‍ ഇസ്ലാമിനെ ഇടിച്ചുവീഴ്ത്തിയ ശേഷം പലതവണ വാഹനം കയറ്റി ഇറക്കിയെന്ന് പൊലീസ് വ്യക്തമാക്കി. പിന്നിലൂടെ എത്തിയ ഓട്ടോ ഇടിച്ച് അപകടമുണ്ടായെന്നായിരുന്നു ആദ്യം പൊലീസ് കരുതിയത്.

എന്നാല്‍ അഹദുലിനെ ഇടിച്ച് തെറിപ്പിച്ച ശേഷം പല തവണ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിനോട് വെളിപ്പെടുത്തിയതോടെ കേസിന്റെ സ്വഭാവം മാറി. പ്രതിയായ ഗുല്‍ജാര്‍ ഹുസൈന്‍ 15 വര്‍ഷമായി കൊണ്ടോട്ടിയില്‍ താമസിച്ചുവരികയാണ്. ഭാര്യയും മൂന്നുമക്കളും ഇയാളോടൊപ്പം കൊണ്ടോട്ടിയിലുണ്ട്.

Similar News