രണ്ട് മക്കളുടെ അമ്മയായ യുവതിക്ക് മറ്റൊരാളോട് പ്രണയം; നാട്ടില്‍ മടങ്ങിയെത്തി കാമുകനെ കണ്ടെത്തി വിവാഹം കെങ്കേമമായി നടത്തിക്കൊടുത്ത് ഭര്‍ത്താവ്; ഇവരുടെ വിവാഹം നടത്താനുള്ള കാരണം വ്യക്തമാക്കി യുവാവ്

ഭാര്യയുടെ കാമുകനെ കണ്ടെത്തി വിവാഹം നടത്തിക്കൊടുത്ത് ഭര്‍ത്താവ്

Update: 2025-03-28 07:08 GMT

ലഖ്‌നൗ: ഭാര്യയുടെ കാമുകനെ കണ്ടെത്തി ഇരുവരുടെയും വിവാഹം നടത്തിക്കൊടുത്ത് യുവാവ്. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലാണ് സംഭവം നടന്നത്. തനിക്ക് സംഭവിക്കാവുന്ന ദോഷങ്ങള്‍ ഒഴിവാക്കാന്‍ അവരുടെ വിവാഹം നടത്താന്‍ തീരുമാനിച്ചുവെന്നാണ് യുവാവ് പറഞ്ഞത്. മീററ്റില്‍ നടന്ന കൊലപാതകം അടക്കം ചൂണ്ടിക്കാട്ടിയാണ് യുവാവിന്റെ പ്രതികരണം

സന്ത് കബീര്‍ നഗറിലെ കട്ടര്‍ ജോട്ട് ഗ്രാമത്തില്‍ നിന്നുള്ള ബബ്ലു 2017 ലാണ് രാധികയെ വിവാഹം കഴിച്ചത്. ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. മറ്റൊരു സംസ്ഥാനത്ത് കൂലിപ്പണിക്കാരനായി ജോലി ചെയ്യുന്ന ബബ്ലു, തന്റെ ഗ്രാമത്തില്‍ നിന്നുള്ള വികാസുമായി ഒന്നര വര്‍ഷത്തോളമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി. അവളോട് പറയാതെ ഗ്രാമത്തിലേക്ക് മടങ്ങുകയും ഭാര്യയും കാമുകനും തമ്മിലെ ബന്ധം സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് വിവരം ഗ്രാമത്തിലെയും കുടുംബത്തിലെയും മുതിര്‍ന്നവരെ അറിയിച്ചു.

ബന്ധവുമായി ബന്ധപ്പെട്ട് ഇയാള്‍ ഭാര്യയുമായി കലഹിക്കുകയോ തര്‍ക്കമുണ്ടാക്കുകയോ ചെയ്തില്ല. ഭാര്യയുടെയും കാമുകന്റെയും വിവാഹത്തിന് സമ്മതമാണെന്ന് അറിയിക്കുകയും വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കൈയെടുക്കുകയും ചെയ്തു. ഗ്രാമത്തിലെ ശിവക്ഷേത്രത്തില്‍ ഹിന്ദു ആചാരപ്രകാരം രാധിക കാമുകനായ വികാസിനെ വിവാഹം കഴിച്ചു. ചടങ്ങുകള്‍ക്കെല്ലാം ബബ്ലു സാക്ഷിയായി.

തുടര്‍ന്ന് വിവാഹം രജിസ്റ്റര്‍ ചെയ്ത് നിയമപരമാക്കി. അതേസമയം മക്കളെ തനിക്ക് വേണമെന്ന് ബബ്ലു അറിയിക്കുകയും രാധിക സമ്മതിക്കുകയും ചെയ്തു. മക്കളെ താന്‍ ഒറ്റയ്ക്ക് വളര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു. തനിക്ക് അപകടം സംഭവിക്കുന്നത് ഒഴിവാക്കാനാണ് പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചതെന്ന് ബബ്ലു വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

സമീപകാലത്ത് ഭര്‍ത്താക്കന്മാര്‍ ഭാര്യമാരാല്‍ കൊല്ലപ്പെടുന്നത് നമ്മള്‍ കണ്ടു. മീററ്റില്‍ സംഭവിച്ചത് കണ്ടതിനുശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. രണ്ടുപേര്‍ക്കും സമാധാനപരമായി ജീവിക്കാന്‍ ഭാര്യയെ അവളുടെ കാമുകനെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചു. താനും രാധികയും വിവാഹമോചിതരല്ലാത്തതിനാല്‍ വിവാഹത്തിന്റെ നിയമസാധുതയെക്കുറിച്ചുള്ള ചോദ്യത്തിന്, ഗ്രാമവാസികളുടെ സാന്നിധ്യത്തിലാണ് ഇത് നടന്നതെന്നും കുടുംബാംഗങ്ങളാരും എതിര്‍ത്തില്ലെന്നും ബബ്ലു പറഞ്ഞു.

ഈ മാസം ആദ്യം മീററ്റില്‍ വെച്ച് മുന്‍ നാവിക ഉദ്യോഗസ്ഥനായ സൗരഭിനെ മയക്കുമരുന്ന് നല്‍കി ഭാര്യയും കാമുകനും കൊലപ്പെടുത്തിയിരുന്നു. ഔരിയയില്‍, 22 കാരിയായ പ്രഗതി യാദവും കാമുകനും ഭര്‍ത്താവ് ദിലീപിനെ കൊലപ്പെടുത്തി.

Similar News