മാസ്‌ക് ധരിച്ച കള്ളന്‍ ഏഷ്യാക്കാരുടെ വീടുകള്‍ തെരഞ്ഞുപിടിച്ച് സ്വര്‍ണം മോഷ്ടിക്കുന്നു; യോര്‍ക്ക്ഷയറിലെ കള്ളനെ തേടി അന്വേഷണം
ലണ്ടന്‍: യോര്‍ക്ക്ഷയറിലെ ഒരു മോസ്‌ക്കില്‍ പ്രാര്‍ത്ഥനയ്ക്കെത്തുന്നവരുടെ സ്വര്‍ണ്ണം മോഷ്ടിക്കപ്പെടുമെന്ന ഭയത്തിലാണ് വിശ്വാസികള്‍. പത്തോളം മോഷണങ്ങള്‍ക്കിടയില്‍ ഒരെണ്ണത്തില്‍ സി സി ടി വിയില്‍ കുടുങ്ങിയ മോഷ്ടാവിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഒരു വീട്ടില്‍ നിന്നും 1 ലക്ഷം പൗണ്ടിലേറെ വിലയുള്ള സ്വര്‍ണ്ണാഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. മറ്റൊരിടത്ത് നടന്ന മോഷണത്തില്‍, വിഭാര്യനായ വീട്ടുടമയുടെ ഭാര്യയുടെ മരണ സര്‍ട്ടിഫിക്കറ്റും കള്ളന്‍ മോഷ്ടിച്ചു. വിവാഹ സമയത്ത് വധുവിന് സ്വര്‍ണ്ണാഭരണങ്ങള്‍ സമ്മാനിക്കുന്ന രീതിയുള്ളതിനാണ് കള്ളന്‍ ഇസ്ലാമത വിശ്വാസികളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
വന്‍ തുകകള്‍ മൂല്യം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കൈവശം വയ്ക്കുന്നു എന്നതിനാലാണ് ഏഷ്യന്‍ വംശജരെ മോഷ്ടാക്കള്‍ ഉന്നം വയ്ക്കുന്നതെന്ന് പോലീസും പറയുന്നു. ജനുവരി 21 നും മാര്‍ച്ച് 16 നും ഇടയിലായി യോര്‍ക്കിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ നടന്ന പത്ത് മോഷണക്കേസുകളാണ് ഇപ്പോള്‍ പോലീസ് അന്വേഷിക്കുന്നത്. യോര്‍ക്ക് മോസ്‌ക്ക് ആന്‍ഡ് ഇസ്ലാമിക് സെന്റര്‍ ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കിയിട്ടില്ലെങ്കിലും തങ്ങളുടെ അംഗങ്ങളും മോഷണത്തിന് ഇരകളായതായി സമ്മതിച്ചിട്ടുണ്ട്.