ആക്രി സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഓട്ടോ വിളിച്ചു; വാഹനത്തില്‍ കയറ്റിയത് രണ്ട് എസി യൂണിറ്റും ഒരു മോട്ടോറും; 'ആക്രി'യുമായി ഓട്ടോ നേരെ വിട്ടത് പൊലീസ് സ്റ്റേഷനിലേക്ക്; കള്ളനെ കുടുക്കിയ ഓട്ടോ ഡ്രൈവര്‍ക്ക് പൊലീസിന്റെ അനുമോദനം
കള്ളനെ കുടുക്കി പോലീസ് സ്റ്റേഷനിലെത്തിച്ച ഡ്രൈവര്‍ക്ക് അഭിനന്ദനം
കൊച്ചി: മോഷ്ടാവിനെ 'തൊണ്ടിമുതലുമായി' പോലീസ് സ്റ്റേഷനിലെത്തിച്ച ഓട്ടോ ഡ്രൈവര്‍ക്ക് പൊലീസിന്റെ അഭിനന്ദനം. ആലുവയില്‍ ഓട്ടോ ഓടിയ്ക്കുന്ന ഉളിയന്നൂര്‍ കുഞ്ഞുണ്ണിക്കര മരങ്ങാട്ട് വീട്ടില്‍ സുധീറാണ് എസി മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച മോഷ്ടാവിനെ ഓട്ടോയില്‍ കയറ്റി പോലീസ് സ്റ്റേഷനിലെത്തിച്ചത്. 24ന് രാത്രിയാണ് സംഭവം. സുധീറിനെ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന അനുമോദന പത്രം നല്‍കി ആദരിച്ചു.
കുറച്ച് ആക്രി സാധനങ്ങള്‍ കമ്പനിപ്പടിയിലേക്ക് കൊണ്ട് പോകണമെന്ന് പറഞ്ഞാണ് ഒരാള്‍ സുധീറിനെ ഓട്ടം വിളിച്ചത്. രണ്ട് എസി യൂണിറ്റും ഒരു മോട്ടോറുമായിരുന്നു കൊണ്ടുപോകാനുണ്ടായിരുന്നത്. സംശയം തോന്നിയ സുധീര്‍ ഓട്ടം പോകാന്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടു.
സുധീര്‍ ആവശ്യപ്പെട്ട തുക നല്‍കാന്‍ അയാള്‍ തയ്യാറായിരുന്നു. കൂടുതല്‍ തുകയ്ക്ക് 'ആക്രി' എടത്തലയില്‍ എടുക്കാന്‍ ആളുണ്ടെന്ന് പറഞ്ഞ് സുധീര്‍ സാധനങ്ങളും കയറ്റി അയാളെയും കൂട്ടി ഊടുവഴികളിലൂടെ യാത്ര ചെയ്ത് പോലീസ് സ്റ്റേഷനിലേക്ക് ഓട്ടോ ഓടിച്ചു കയറ്റി ഉദ്യോഗസ്ഥരോട് വിവരം പറയുകയായിരുന്നു.
പോലീസുദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ തമിഴ്നാട് ഗാന്ധിനഗര്‍ സ്വദേശി സുരേഷ് കുമാറാണ് ഇയാളെന്നും എ.സി യൂണിറ്റും മോട്ടോറും ആലുവയില്‍ നിന്ന് മോഷ്ടിച്ചതാണെന്നും സമ്മതിച്ചു. കൂടാതെ നജാത്ത് ഹോസ്പിറ്റലിലും നേരത്തെ ഇയാള്‍ മോഷണം നടത്തിയതായി കണ്ടെത്തി. വടകര പോലീസ് സ്റ്റേഷനിലും കേസുണ്ട്.
സുധീര്‍ സമൂഹത്തിന് മാതൃകയാണെന്നും ധീരമായ പ്രവൃത്തിയെ അനുമോദിക്കുന്നുവെന്നും ഡോ. വൈഭവ് സക്സേന പറഞ്ഞു. ആലുവ സ്‌കൂബ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് സുധീര്‍.