ബോബി ചെമ്മണ്ണൂരിന്റെ മേപ്പാടി 'ആയിരം ഏക്കര്‍' റിസോര്‍ട്ടില്‍ തീപിടിത്തം; റസ്റ്ററന്റും കള്ളുഷാപ്പും കത്തി; ഭക്ഷണം കഴിച്ചിരുന്നവര്‍ ഇറങ്ങിയോടി; അപകടകാരണം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക നിഗമനം

ബോബി ചെമ്മണ്ണൂരിന്റെ മേപ്പാടി 'ആയിരം ഏക്കര്‍' റിസോര്‍ട്ടില്‍ തീപിടിത്തം

Update: 2025-05-16 12:01 GMT

കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള 'ബോച്ചെ തൗസന്റ് ഏക്കറി'ല്‍ തീപ്പിടിത്തം. ഫാക്ടറിക്കു പിറകിലെ റസ്റ്റോറന്റും കള്ളുഷാപ്പും പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് തീപ്പിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഉച്ചയ്ക്കുശേഷമാണ് തീപ്പിടിത്തമുണ്ടായത്. തീ പൂര്‍ണമായും അണച്ചു. ഓലകൊണ്ട് മേഞ്ഞ ഹട്ടുകളില്‍നിന്ന് തീ വ്യാപിക്കുകയായിരുന്നു. ഹട്ടുകള്‍ പൂര്‍ണമായും കത്തി. കല്‍പ്പറ്റയില്‍ നിന്ന് അഗ്‌നിശമനസേനയെത്തിയാണ് തീയണച്ചത്. തീപിടിക്കുന്നതുകണ്ട് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആളുകള്‍ ഓടിയതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല.

തേയില ഫാക്ടറിക്ക് പുറകിലുള്ള കള്ള് ഷാപ്പിലാണ് ഉച്ചയോടെ തീപിടിച്ചത്. ഗ്യാസ് ചോര്‍ന്നതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ആളുകളെ പെട്ടെന്ന് തന്നെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചതിനാല്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല.

സംഭവം നടക്കുമ്പോള്‍ ധാരാളം വിനോദ സഞ്ചാരികള്‍ സ്ഥലത്തുണ്ടായിരുന്നു. പെട്ടെന്ന് തന്നെ എല്ലാവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വന്‍ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.കഴിഞ്ഞ ദിവസം വയനാട്ടിലെ ഒരു റിസോര്‍ട്ടില്‍ ടെന്റ് തകര്‍ന്നുവീണ് വിനോദസഞ്ചാരിയായ യുവതി മരിച്ചിരുന്നു. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്.

മേപ്പാടി 900 കണ്ടിയിലാണ് അപകടം നടന്നത്. മരത്തടികള്‍ കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നുവീണത്. 900 വെഞ്ചേഴ്‌സ് എന്ന റിസോര്‍ട്ടില്‍ നിര്‍മ്മിച്ചിരുന്ന ടെന്റാണ് തകര്‍ന്ന് വീണത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു സുരക്ഷയും ഇല്ലാത്ത ടെന്റാണ് തകര്‍ന്നുവീണത്. ദ്രവിച്ച മരത്തടികള്‍ കൊണ്ടാണ് ടെന്റ് ഉണ്ടാക്കിയിരുന്നത്.

Similar News