ഡെലിവറി ജീവനക്കാരുടെ വേഷത്തിലെത്തി; ജീവനക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ജ്വല്ലറിയുടെ ഉള്ളിൽ പ്രവേശിച്ചു; ആറ് മിനിറ്റ് കൊണ്ട് കവർന്നത് 20 കിലോ വെള്ളിയും 25 ഗ്രാം സ്വർണ്ണവും, 30,000രൂപയും; ജ്വല്ലറി ജീവനക്കാരന് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കും; വീഡിയോ വൈറൽ

Update: 2025-07-25 11:33 GMT

ലക്‌നൗ: സ്വിഗ്ഗി, ബ്ലിങ്കിറ്റ് ഡെലിവറി ജീവനക്കാരുടെ വേഷത്തിലെത്തിയ മോഷ്ടാക്കൾ പട്ടാപ്പകല്‍ ജ്വല്ലറിയിൽ നിന്നും ആഭരണങ്ങൾ കൊള്ളയടിച്ചു കടന്നു. വ്യാഴാഴ്ച 3.30ഓടെയാണ് സംഭവം. 30 ലക്ഷം രൂപയുടെ ആഭരണങ്ങളുമായാണ് പ്രതികൾ കടന്നു കളഞ്ഞത്. ജ്വല്ലറി ഉടമ ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് സംഭവം. ഈ സമയം ഒരു ജീവനക്കാരൻ മാത്രമാണ് ജ്വല്ലറി കടയിലുണ്ടായിരുന്നത്. ഇയാളെ ഭീഷണിപ്പെടുത്തിയാണ് ഡെലിവറി ഏജന്‍റുമാരുടെ വേഷത്തിലെത്തിയ മോഷ്ടാക്കൾ ആഭരണങ്ങൾ കവർന്നത്. ഇവർ പരസ്പരം സംസാരിക്കുന്നതും ജീവനക്കാരനെ തല്ലുന്നതും ദൃശ്യങ്ങളില്‍ കാണാം. കവർച്ചയുടെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ബൈക്കിലെത്തിയ രണ്ട് പേരാണ് കവർച്ച നടത്തിയത്. ഇവർ തോക്ക് ചൂണ്ടി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയാണ് കടയ്ക്കുള്ളിൽ പ്രവേശിച്ചത്. വെറും ആറ് മിനിറ്റിനുള്ളില്‍ ജ്വല്ലറിയിലെ വിലപിടിപ്പുള്ള ആഭരണങ്ങളുമായി ഇവര്‍ കടന്ന് കളഞ്ഞു. കടയുടെ ഉടമ കൃഷ്ണ കുമാർ ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പുറത്ത് പോയ സമയത്തായിരുന്നു സംഭവം. കടയിൽ നിന്നും ആഭരണങ്ങൾ എടുത്ത് ബാഗിൽ വെക്കുന്നതിനിടെ ഇവർ ജീവനക്കാനെ മർദ്ദിക്കുന്നതും.

പരസ്പരം സംസാരിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. മോഷ്ടാക്കൾ കടയില്‍ നിന്നും പുറത്തിറങ്ങി ബൈക്കിൽ കയറി പോയതിന് പിന്നാലെ ജീവക്കാരന്‍ പുറത്തിറങ്ങി സഹായം ആഭ്യർഥിക്കുന്നത്. ജീവനക്കാരൻ ഉടൻ തന്നെ ഉടമയെ വിവരം അറിയിച്ചു. കട ഉടമയാണ് പോലീസിൽ അറിയിക്കുന്നത്. 20 കിലോ വെള്ളിയും 25 ഗ്രാം സ്വർണ്ണവും, 30,000രൂപയും കൊള്ളയടിച്ചതായി ജീവനക്കാരൻ പോലീസിൽ മൊഴി നൽകി. പോലീസ് സംഭവസ്ഥലം പരിശോധിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം കവർച്ചയിൽ ജീവനക്കാരന് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.

രണ്ട് വർഷങ്ങൾക്ക് മുൻപാണ് കൃഷ്ണ കുമാർ ജ്വല്ലറി കട ആരംഭിക്കുന്നത്. വൈകുന്നേരം 3.30 നും 3.36 നും ഇടയിലാണ് കവർച്ച നടന്നത്. സംഭവം അന്വേഷിക്കാൻ അഞ്ച് സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. കടയിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. സംഭവസമയത്ത് അവിടെയുണ്ടായിരുന്ന ജീവനക്കാരന്റെ പങ്കിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്നും സാഹിബാബാദ് എസിപി ശ്വേത യാദവ് പറഞ്ഞു.

Tags:    

Similar News