മഠത്തിലെ സ്ഥിര സന്ദർശകയായ 15-കാരിയെ നിരവധി തവണ കൂട്ടബലാത്സംഗത്തിനിരയാക്കി; ഗര്‍ഭിണിയായതോടെ അലസിപ്പിക്കാൻ നീക്കം; വഴങ്ങിയില്ലെങ്കിൽ കൊന്ന് കുഴിച്ച് മൂടുമെന്ന ഭീഷണി; കുഴിയെടുത്ത് കാത്തുനിന്ന പ്രതികളിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ സഹോദരങ്ങളായ പ്രതികൾ അറസ്റ്റിൽ; ഒരാൾക്കായി അന്വേഷണം ഊർജ്ജിതം

Update: 2025-07-25 13:14 GMT

ഭുവനേശ്വര്‍: 15-കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ ശേഷം ജീവനോടെ കുഴിച്ചിടാൻ ശ്രമിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. ഒഡീഷയിലെ ജഗത്‌സിങ്പുര്‍ ജില്ലയിലാണ് സംഭവം. ബനാഷ്ബാര ഗ്രാമത്തില്‍നിന്നുളള ഭാഗ്യധര്‍ ദാസ്, പഞ്ചാനന്‍ ദാസ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. കേസിൽ തുളു ബാബു എന്നയാൾ ഒളിവിലാണ്. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

പ്രതികൾ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പിതാവ് നൽകിയ പരാതിയിൽ പറയുന്നത്. പെൺകുട്ടി ഇപ്പോൾ അഞ്ച് മാസം ഗർഭിണിയാണെന്നാണ് വിവരം. അറസ്റ്റിലായ പ്രതികൾ ഒരു മഠത്തിലാണ് ജോലി ചെയ്തിരുന്നത്. ഇവിടെ പെൺകുട്ടി സ്ഥിര സന്ദർശകയായിരുന്നു. ഈ കാലയളിവിലാണ് പെൺകുട്ടിയെ ഇവർ പീഡനത്തിനിരയാക്കിയത്. ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ കുറ്റകൃത്യം മറച്ചുവെയ്ക്കാനായി പെണ്‍കുട്ടിയെ ജീവനോടെ കുഴിച്ചുമൂടാനും പ്രതികള്‍ ശ്രമം നടത്തിയതായാണ് ആരോപണം.

ഗര്‍ഭമലസിപ്പിക്കാനവശ്യമായ സഹായങ്ങള്‍ ചെയ്യാമെന്ന് പ്രതികള്‍ പെണ്‍കുട്ടിക്ക് വാഗ്ദാനം നല്‍കി. ഗര്‍ഭിണിയായ സമയത്ത് പെണ്‍കുട്ടിയെ പ്രതികള്‍ വിളിച്ചുവരുത്തി. ഗര്‍ഭമലസിപ്പിച്ചില്ലെങ്കില്‍ ജീവനോടെ കൊന്ന് കുഴിച്ചുമൂടുമെന്ന് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയെ കുഴിച്ചുമൂടാനായി ഒരു കുഴിയും പ്രതികള്‍ എടുത്തിരുന്നു. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി തന്റെ അച്ഛനോട് നടന്ന കാര്യങ്ങള്‍ തുറന്നുപറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ കുജങ് പോലീസ് കേസെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി. മൂന്ന് പേർക്കെതിരെയാണ് ബലാത്സംഗ കുറ്റവും പോക്സോ നിയമവും ചുമത്തി കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ചയാണ് സഹോദരന്മാർ അറസ്റ്റിലായത്. മൂന്നാമത്തെ പ്രതി ഒളിവിലാണെന്നും ഇയാൾക്കായി അന്വേഷണം ഊര്ജിതമാക്കിയതായും പോലീസ് പറയുന്നു.

Tags:    

Similar News