14 വര്‍ഷമായി എറണാകുളത്ത് താമസിക്കുന്ന മുകേഷ് ജെയിനിന് വന്‍ ഹവാല ബന്ധം; തട്ടിപ്പില്‍ ഇനി ആളുകള്‍ കുടുങ്ങിയേക്കും; തമ്മനത്തെ വില്‍സണെ അടക്കം കുടുക്കി ട്രാപ്പ്; കശുവണ്ടി വ്യവസായിയുടെ പരാതി നിര്‍ണ്ണായകമായി; ഇഡിയെ കുടുക്കിയത് മനോജ് എബ്രഹാമിന്റെ വിജിലന്‍സ് കരുതല്‍
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എടുത്ത കേസ് ഒഴിവാക്കുന്നതിന് രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട ഏജന്റുമാര്‍ എറണാകുളം വിജിലന്‍സ് സംഘത്തിന്റെ പിടിയിലാകുന്നത് നിര്‍ണ്ണായക നീക്കങ്ങളിലൂടെ. എറണാകുളം തമ്മനം സ്വദേശി വില്‍സണ്‍ (36), രാജസ്ഥാന്‍ സ്വദേശി മുരളി മുകേഷ് (54) എന്നിവര്‍ രണ്ടുലക്ഷം രൂപ കൈപ്പറ്റുമ്പോഴാണ് പിടിയിലായത്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതിയിലും ഇടപെടാന്‍ വിജിലന്‍സ് തീരുമാനിച്ചിരുന്നു. ഈ തീരുമാന പ്രകാരമായിരുന്നു അറസ്റ്റ്. കേസില്‍ ഇഡി ഉദ്യോഗസ്ഥനാണ് ഒന്നാം പ്രതി. അസിസ്ന്റ് ഡയറക്ടറായ ശേഖര്‍ കുമാര്‍ ഒന്നാം പ്രതി.
കശുവണ്ടി വ്യവസായിയായ കൊട്ടാരക്കര സ്വദേശിയാണ് പരാതിക്കാരന്‍. കശുവണ്ടി വ്യവസായ സ്ഥാപനത്തിന് വിറ്റുവരവ് കൂടുതലാണെന്നും വ്യാജ രേഖ ഉപയോഗിച്ച് ഈ പണം വിദേശത്ത് ഉപയോഗിക്കുന്നത് കണ്ടെത്തിയെന്നും കാണിച്ച് പരാതിക്കാരന് കൊച്ചി ഇഡി ഓഫീസില്‍നിന്ന് 2024-ല്‍ സമന്‍സ് ലഭിച്ചിരുന്നു. പരാതിക്കാരന്‍ ഇഡി ഓഫീസില്‍ ഹാജരായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പുമുതലുള്ള ബിസിനസുകളുടെ രേഖകളും കണക്കുകളും കാണിക്കാനും അല്ലെങ്കില്‍ കേസെടുക്കുമെന്നും അറിയിച്ചു.
ഇതിനുശേഷം ഇഡി ഓഫീസിലെ ഏജന്റെന്ന് പരിചയപ്പെടുത്തി വില്‍സണ്‍ പരാതിക്കാരനെ പല തവണ ഫോണില്‍ ബന്ധപ്പെട്ടു. പിന്നീട് നേരില്‍ക്കണ്ട് ഇഡി കേസില്‍നിന്ന് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെന്ന് അറിയിച്ചു. ഇഡി ഓഫീസുമായുള്ള ബന്ധം തെളിയിക്കുന്നതിന് ഓഫീസില്‍നിന്ന് വീണ്ടും സമന്‍സ് അയപ്പിക്കാമെന്ന് വില്‍സണ്‍ പറഞ്ഞു. അതുപ്രകാരം ഇക്കഴിഞ്ഞ 14-ന് പരാതിക്കാരന് വീണ്ടും സമന്‍സ് ലഭിച്ചു.
അന്ന് ഇഡി ഓഫീസിനു സമീപംവെച്ച് പരാതിക്കാരനെ വില്‍സണ്‍ കാണുകയും കേസ് ഒത്തുതീര്‍പ്പാക്കാന്‍ 50 ലക്ഷം രൂപ വീതം നാലു തവണകളായി രണ്ടുകോടി രൂപ ഒരു സ്വകാര്യ ബാങ്കിന്റെ മുംബൈയിലുള്ള അക്കൗണ്ടില്‍ ഇടാനും ആവശ്യപ്പെട്ടു. മാത്രമല്ല രണ്ടുലക്ഷം രൂപ പണമായി വില്‍സനെ ഏല്‍പ്പിക്കണമെന്നും ബാങ്ക് അക്കൗണ്ടില്‍ പണമിടുമ്പോള്‍ 50,000 രൂപ അധികമായി ഇടണമെന്നും പറഞ്ഞു. ഇതിനായി അക്കൗണ്ട് നമ്പരും കൈമാറി. വിവരം എറണാകുളം വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ പരാതിക്കാരനറിയിച്ചു. ഇതോടെ വിജിലന്‍സ് ഇടപടെല്‍ തുടങ്ങി.
വ്യാഴാഴ്ച വൈകീട്ട് 3.30-ന് പനമ്പിള്ളിനഗറില്‍ വെച്ച് പരാതിക്കാരനില്‍നിന്ന് രണ്ടുലക്ഷം രൂപ വാങ്ങവേ ഏജന്റായ വില്‍സണെ വിജിലന്‍സ് സംഘം പിടികൂടി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് രാജസ്ഥാന്‍ സ്വദേശി മുരളി മുകേഷിന്റെ പങ്ക് ബോധ്യമായത്. തുടര്‍ന്ന് മുരളി മുകേഷിനെയും കൊച്ചിയില്‍നിന്ന് അറസ്റ്റ് ചെയ്തു. ഇതോടെയാണ് തട്ടിപ്പില്‍ കൂടുതല്‍ വ്യക്തത വന്നത്. കേസില്‍ വിപുലമായ അന്വേഷണം വിജിലന്‍സ് നടത്തും. കൈക്കൂലി നല്‍കി കാര്യം സാധിക്കുന്നതിന് താല്പര്യമില്ലാതിരുന്ന പരാതിക്കാരന്‍ ഈ വിവരം എറണാകുളം വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.
14 വര്‍ഷമായി എറണാകുളത്ത് താമസിക്കുന്ന മുകേഷ് ജെയിനിന് വന്‍ ഹവാല ബന്ധങ്ങളുണ്ടെന്നാണ് വിജിലന്‍സ് നിഗമനം. തട്ടിപ്പില്‍ ഏതാനുംപേര്‍കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരെ വരുംദിവസങ്ങളില്‍ അറസ്റ്റ് ചെയ്യുമെന്നും വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ , 8592900900 എന്ന നമ്പരിലോ, വാട്‌സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ്സ് അഭ്യര്‍ത്ഥിച്ചു