ഹൈദരാബാദില്‍ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം; 17 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്; രക്ഷാപ്രവര്‍ത്തനം തുടരുന്നു; അപകടം വീടുകളും കച്ചവട സ്ഥാപനങ്ങളും തിങ്ങി നിറഞ്ഞ തെരുവില്‍

ഹൈദരാബാദില്‍ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം

Update: 2025-05-18 07:12 GMT

ഹൈദരാബാദ്: ഹൈദരാബാദില്‍ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം. ഗുല്‍സാര്‍ ഹൗസിലുണ്ടായ തീപിടിത്തത്തില്‍ 17 മരിച്ചു എന്നാണ് റിപ്പോര്‍ട്ട്. ചാര്‍മിനാറിന് അടുത്ത് ഗുല്‍സാര്‍ ഹൗസിന് സമീപത്താണ് തീപിടിത്തം ഉണ്ടായത്. പുലര്‍ച്ചെ ആറുമണിക്ക് തീപടര്‍ന്നു പിടിച്ചു എന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് പൊള്ളലേറ്റവരേയും പുക ശ്വസിച്ച് അബോധാവസ്ഥയിലായവരേയും ആശുപത്രിയല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

15-ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഒസ്മാനിയ ജനറല്‍ ആശുപത്രി (ഒജിഎച്ച്) റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ (ആര്‍എംഒ) വിജയ് കുമാര്‍ യാദവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വീടുകളും കച്ചവട സ്ഥാപനങ്ങളും തിങ്ങി നിറഞ്ഞ തെരുവിലാണ് തീപിടിത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ സംഭവസ്ഥലത്തേക്ക് എത്തിയപ്പോഴേക്കും തീ ആളിപ്പടര്‍ന്നിരുന്നു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പതിനൊന്നോളം ഫയര്‍ഫോഴ്‌സ് സംഘം തീ അണയ്ക്കുന്നതിനായി സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാണെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു.

അഞ്ച് പേരെ ഗുരുതര പരുക്കുകളോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ജ്വല്ലറികള്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്, താമസിയാതെ മുകളിലെ മൂന്ന് നിലകളിലേക്കും തീ വ്യാപിക്കുകയായിരുന്നു. മുകളിലത്തെ നിലയിലെ മുറികളില്‍ താമസിച്ചിരുന്നവരാണ് മരിച്ചവരില്‍ കൂടുതല്‍ പേരും. തീപിടുത്തത്തെ തുടര്‍ന്ന് എയര്‍ കണ്ടീഷണറിന്റെ കംപ്രസറുകള്‍ പൊട്ടിത്തെറിച്ചതും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. കെട്ടിടത്തിലേക്കു വഴിയില്ലാതിരുന്നത് കാരണം തീ അണയ്ക്കല്‍ വൈകിയിരുന്നു.

സംഭവത്തില്‍ ദുഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും പരുക്കേറ്റവര്‍ക്കു മികച്ച ചികിത്സ ഉറപ്പാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍േദശം നല്‍കി. ഇത്തരം സംഭവങ്ങള്‍ വളരെ ദുഃഖകരമാണെന്നും കേന്ദ്ര സര്‍ക്കാരുമായും പ്രധാനമന്ത്രിയുമായും സംസാരിക്കുമെന്നും ഈ സംഭവത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡി പറഞ്ഞു.

Similar News