ആ കുട്ടിയെ കൊച്ചച്ഛന്‍ നിരന്തരം പീഡിപ്പിച്ചുവെന്ന് പോലീസ് പറയുന്നത് കേട്ട് നിസംഗതയോടെ ഇരുന്ന അമ്മ; മകളെ പുഴയില്‍ എറിഞ്ഞു കൊന്നത് ഭര്‍ത്താവിന്റെ കുടുംബം തന്നെ ഒറ്റപ്പെടുത്തിയത് കൊണ്ടെന്നാണ് അമ്മയുടെ മൊഴി; കുട്ടിയില്‍ നിന്നു അകറ്റുന്നതായി തോന്നി; ഭര്‍ത്താവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങി; തന്നെ ഒഴിവാക്കിയാല്‍ കുട്ടി എങ്ങനെ ജീവിക്കും എന്ന് ആശങ്കയിലെ ക്രൂരത; ആ അമ്മ പോലീസിനോട് പറഞ്ഞത്
കൊച്ചി: അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ മൂന്നുവയസുകാരി ലൈംഗിക ചൂഷണത്തിനിരയായെന്നു വ്യക്തമായത് പോലീസിന്റെ പഴുതടച്ച അന്വേഷണത്തില്‍. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവിനെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ അച്ഛന്റെ ഇളയ അനുജനാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരേ പോക്സോ വകുപ്പ് ചുമത്തുകയും ചെയ്തു. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ബുധനാഴ്ച വൈകുന്നേരമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തില്‍ കുറ്റം നിഷേധിച്ച ഇയാള്‍ പിന്നീട് കുറ്റസമ്മതം നടത്തുകയായിരുന്നു. 19ന് വൈകുന്നേരമാണ് മൂന്ന് വയസുകാരിയെ അമ്മ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലായിരുന്ന ഇവരെ ഇന്നലെ അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. വിശദമായ ചോദ്യം ചെയ്യലില്‍ ചിലത് ഇവരും വെളിപ്പെടുത്തിയിട്ടുണ്ട്.
പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മകള്‍ നിരന്തര പീഡനത്തിന് ഇരയായിരുന്നതായി അമ്മ അറിഞ്ഞിരുന്നില്ലെന്ന് വിവരം. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലിനു ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ചോദ്യം ചെയ്യല്‍ ഇന്നും തുടരും. കസ്റ്റഡിയില്‍ വാങ്ങിയുള്ള ചോദ്യം ചെയ്യലിനിടെയാണ് കുട്ടി നിരന്തരം പീഡനത്തിന് ഇരയായിരുന്നുവെന്ന വിവരം അമ്മയെ പൊലീസ് അറിയിച്ചത്. നിസംഗതയോടെയാണ് ഇക്കാര്യം അമ്മ കേട്ടിരുന്നത്. പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ച അടുത്ത ബന്ധുവിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണസംഘം ഇന്ന് അപേക്ഷ നല്‍കിയേക്കും. ഇയാളെ ഇന്നലെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. മകളെ പുഴയില്‍ എറിഞ്ഞു കൊന്നത് ഭര്‍ത്താവിന്റെ കുടുംബം തന്നെ ഒറ്റപ്പെടുത്തിയത് കൊണ്ടെന്നാണ് അമ്മയുടെ മൊഴി. കുട്ടിയില്‍ നിന്നുപോലും തന്നെ അകറ്റുന്നതായി തോന്നി. ഭര്‍ത്താവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങി. തന്നെ ഒഴിവാക്കിയാല്‍ കുട്ടി എങ്ങനെ ജീവിക്കും എന്ന് ആശങ്കയുണ്ടായി എന്നും അമ്മ പറയുന്നു. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം, താന്‍ അറിഞ്ഞിട്ടില്ലെന്നാണ് അമ്മയുടെ മൊഴി. അതേസമയം, ചോദ്യം ചെയ്യല്‍ ഇന്നും തുടരും.
തനിക്ക് അബദ്ധം പറ്റിയെന്നു പറഞ്ഞ് പ്രതി പൊട്ടിക്കരഞ്ഞതായാണു പോലീസ് നല്‍കുന്ന വിവരം. ഇതോടെ ഇന്നലെ രാവിലെ പുത്തന്‍കുരിശ് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസന്വേഷിക്കാന്‍ 22 അംഗ സ്‌പെഷല്‍ സംഘത്തെ ജില്ലാ പോലീസ് മേധാവി എം. ഹേമലത നിയോഗിച്ചു. മൂന്നുവയസുകാരി നേരിട്ടത് ക്രൂരമായ ലൈംഗികപീഡനങ്ങളായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ വഴക്ക് മുതലെടുത്താണ് പ്രതി കുട്ടിയെ ചൂഷണത്തിനിരയാക്കിയതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. തന്നോടുള്ള അടുപ്പം മുതലാക്കി കുട്ടിയെ വീട്ടില്‍ വച്ച് നിരന്തരം ചൂഷണം ചെയ്തതായി പ്രതി പോലീസിനോട് സമ്മതിച്ചു. കൊല്ലപ്പെടുന്ന ദിവസം രാവിലെയും ഉപദ്രവം നേരിട്ടതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിലേറെയായി കുട്ടിയെ ഇയാള്‍ ചൂഷണം ചെയ്തുവരുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇയാള്‍ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ക്ക് അടിമയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. കൊല്ലപ്പെട്ട കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയതിനു പിന്നാലെ ഫോറന്‍സിക് സര്‍ജന്‍ പോലീസിനു കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംശയം തോന്നിയവരെ പോലീസ് നിരീക്ഷിച്ചുതുടങ്ങിയിരുന്നു. കുട്ടിയുടെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുമ്പോഴും ബന്ധുക്കളെയടക്കം പോലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായതിനു പിന്നാലെ അന്നു രാത്രിതന്നെ പിതാവിന്റെ അടുത്ത ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തു. വീട്ടിലെ സ്ത്രീകളുടെയും മൊഴി രേഖപ്പെടുത്തി. ആദ്യഘട്ടത്തില്‍ പ്രതിയെ ചോദ്യംചെയ്തു വിട്ടയച്ചു. തുടര്‍ന്ന് 21ന് മറ്റു രണ്ട് ബന്ധുക്കള്‍ക്കൊപ്പം വീണ്ടും വിളിച്ചുവരുത്തി വിശദമായി ചോദ്യംചെയ്തു. ആദ്യഘട്ടത്തില്‍ കുറ്റം നിഷേധിച്ച ഇയാള്‍ പിന്നീട് വിശദമായ ചോദ്യം ചെയ്യലില്‍ പോലീസിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ സംശയങ്ങള്‍ക്ക് പിന്നാലെ വിശദമായ ശാസ്ത്രീയ പരിശോധനകളും കൂടിയായപ്പോള്‍ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന കാര്യം പോലീസ് ഉറപ്പിച്ചു. കുട്ടിയുടെ ശരീരത്തില്‍ പലയിടങ്ങളില്‍ മുറിവുകളുണ്ടായിരുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു പിന്നാലെ ലഭിച്ച സൂചനകള്‍ പോലീസ് ആദ്യം പുറത്തുവിട്ടില്ല. ചൊവ്വാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെ പോലീസ് കേസില്‍ അന്വേഷണം തുടങ്ങി. സാഹചര്യങ്ങള്‍ വിലയിരുത്തി പിന്നീട് അടുത്ത ബന്ധുക്കളായ രണ്ടുപേരിലേക്ക് പോലീസ് അന്വേഷണം കേന്ദ്രീകരിച്ചു. ഇതില്‍ ഒരാള്‍ പറഞ്ഞ കാര്യങ്ങളും വിശ്വസനീയമായിരുന്നു. മറ്റെയാള്‍ കുടുങ്ങുകയും ചെയ്തു. പ്രതി കുട്ടിയുമായി കൂടുതല്‍ അടുപ്പത്തിലായിരുന്നുവെന്നും അമ്മയെ കുട്ടിയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ശ്രമിച്ചിരുന്നുവെന്നും മാതാവിന്റെ മൊഴിയുള്ളതായും സൂചനയുണ്ട്. കുട്ടിയെ ഇയാളാണ് പലപ്പോഴും അങ്കണവാടിയില്‍നിന്ന് വിളിച്ചുകൊണ്ടുപോയിരുന്നതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടത്തിലായിരുന്നു ഞെട്ടിക്കുന്ന കണ്ടെത്തലുകളുണ്ടായത്. കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്ത് ഒന്നര വര്‍ഷത്തോളമാണ് പ്രതി ക്രൂരപീഡനം നടത്തിയത്. അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുന്നതിന് തൊട്ടു മുന്‍പാണ് പെണ്‍കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം വിവരങ്ങള്‍ പൊലീസിനു ലഭിച്ചത്. മൃതദേഹത്തിലെ ആദ്യഘട്ട പരിശോധനയില്‍ തന്നെ കുഞ്ഞ് ക്രൂര പീഡനത്തിന് ഇരയായതായി കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് സര്‍ജന്‍ കണ്ടെത്തുകയായിരുന്നു.