മോഷ്ടിച്ച ബൈക്കില്‍ കറങ്ങിനടന്ന് പെട്രോള്‍ പമ്പുകളില്‍ കവര്‍ച്ച; പമ്പ് ജീവനക്കാരനില്‍ നിന്ന് പണമടങ്ങുന്ന ക്യാഷ്ബാഗ് തട്ടിപ്പറിച്ചു; മോഷണ സംഘത്തിലെ രണ്ടുപ്രതികള്‍ പിടിയില്‍
പമ്പുകളില്‍ നിന്ന് പണം കവരുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍
തിരുവനന്തപുരം: മോഷ്ടിച്ച ബൈക്കില്‍ കറങ്ങിനടന്ന് പെട്രോള്‍ പമ്പുകളില്‍ നിന്ന് പണം കവരുന്ന സംഘത്തിലെ രണ്ടുപേര്‍ പോലീസ് പിടിയില്‍. ചെങ്കല്‍ മരിയാപുരം പുളിയറ വിജയ ബംഗ്ലാവില്‍ ബിച്ചു എന്ന് വിളിക്കുന്ന ബിജിത്ത് (23), കഴക്കൂട്ടം കടകംപള്ളി കരിക്കകം ഇലങ്കം റോഡില്‍ ആര്യ നിവാസില്‍ ആനന്ദന്‍ (18 ) എന്നിവരാണ് നെയ്യാറ്റിന്‍കര പോലീസിന്റെ പിടിയിലായത്. പേട്ടയില്‍ നിന്ന് മോഷ്ടിച്ച ബൈക്കിലെത്തിയാണ് കവര്‍ച്ച നടത്തിയത്. പിടിയിലായവര്‍ ബൈക്ക് മോഷണം ഉള്‍പ്പെടെയുള്ള നിരവധി കേസുകളിലെ പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി.
ഇക്കഴിഞ്ഞ 23, 24 തീയതികളിലായിരുന്നു കേസിനാസ്പദമായ സംഭവം. 23-ാം തീയതി പുലര്‍ച്ചെ മൂന്നുമണിക്ക് പൊഴിയൂര്‍ ഉച്ചക്കട ഗോപൂസ് ഫ്യൂവല്‍ പെട്രോള്‍ പമ്പില്‍ എത്തിയ പ്രതികള്‍ 500 രൂപയ്ക്ക് ചില്ലറ ആവശ്യപ്പെട്ടു. ജീവനക്കാരന്‍ മേശ തുറന്ന് ചില്ലറ എടുക്കുന്ന സമയത്ത് മോഷ്ടാക്കള്‍ മേശയില്‍നിന്ന് നോട്ടുകെട്ട് എടുത്ത് കടന്നുകളയുകയായിരുന്നു. 24-ാം തീയതി പുലര്‍ച്ചെ ഒരുമണിയോടെ നെയ്യാറ്റിന്‍കരയിലെ മോര്‍ഗന്‍ പമ്പില്‍ എത്തിയ സംഘം, പമ്പ് ജീവനക്കാരന്റെ കയ്യില്‍ നിന്ന് 20,000 രൂപ അടങ്ങുന്ന ക്യാഷ്ബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെട്ടു.
അതേദിവസം വിഴിഞ്ഞം മുക്കോലയിലെ ഐഒസി പമ്പില്‍നിന്നും പ്രതികള്‍ ജീവനക്കാരന്റെ ബാഗില്‍നിന്ന് 7500 രൂപയും കവര്‍ന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. 2004-ല്‍ നെയ്യാറ്റിന്‍കര ആശുപത്രി കാന്റീന്‍ പരിസരത്തുനിന്നും ബൈക്ക് കവര്‍ന്ന കേസില്‍ ഉള്‍പ്പെടെ നിരവധി മോഷണക്കേസിലെ പ്രതികളാണ് പിടിയിലായവരെന്ന് നെയ്യാറ്റിന്‍കര പോലീസ് വ്യക്തമാക്കി.
ബൈക്കുകള്‍ കവര്‍ന്നശേഷം മോഷണ വണ്ടികളില്‍ കറങ്ങി നടന്നാണ് ഇവര്‍ തുടര്‍ന്നുള്ള മോഷണങ്ങള്‍ നടത്തിയത്. സംഘത്തിലെ മറ്റൊരു പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഇയാള്‍ വൈകാതെ പോലീസിന്റെ പിടിയിലാകുമെന്നും നെയ്യാറ്റിന്‍കര ഡിവൈഎസ്പി എസ്. ഷാജി പറഞ്ഞു.