അടുക്കളിയില്‍ നിന്ന് ഭക്ഷണം ഉണ്ടാക്കുമ്പോള്‍ വാതിലില്‍ മുട്ടുന്ന ശബ്ദം; ജയന്തി കണ്ടത് മഴക്കോട്ട് ധരിച്ച രണ്ട് കണ്ണുകള്‍ മാത്രം കാണാനാകുന്ന ഒരാളെ; കത്തിക്കാട്ടി ഭീഷണിപ്പെടുത്തി കൊണ്ടുപോയത് മൂന്ന് പവനും 45,000 രൂപയും

Update: 2025-07-15 23:42 GMT

പാലക്കാട്: വടക്കഞ്ചേരി പൊത്തപ്പാറയില്‍ അക്രമം നടത്തി സ്ത്രീയെ ഭീഷണിപ്പെടുത്തി മോഷണം നടത്തിയ കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബാബുവിന്റെ ഭാര്യയായ ജയന്തിയാണ് അക്രമത്തിന് ഇരയായത്. സംഭവത്തില്‍ അരലക്ഷം രൂപയും മൂന്നു പവന്‍ സ്വര്‍ണമാലയും മോഷണം പോയതായി അറിയുന്നു. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. ശക്തമായ മഴയിലായിരുന്നു സമയം. അത്താഴം തയ്യാറാക്കുന്നതിനിടെ അടുക്കളയില്‍ ജോലിയിലായിരുന്ന ജയന്തി വീടിന്റെ പ്രധാന വാതിലില്‍ ശക്തമായി മുട്ടുന്ന ശബ്ദം ശ്രദ്ധിച്ചു. തുടര്‍ന്ന് മഴക്കോട്ടുപയോഗിച്ച് ശരീരം മറച്ച് രണ്ട് കണ്ണുകള്‍ മാത്രം തെളിഞ്ഞ് കാണാവുന്ന വിധത്തിലുള്ള അജ്ഞാതന്‍ വീടിനകത്തേക്ക് കയറുകയായിരുന്നു.

കയ്യിലുണ്ടായിരുന്ന കത്തി കാണിച്ചയാള്‍ ജയന്തിയെ ഭീഷണിപ്പെടുത്തി. പണവും സ്വര്‍ണവും എവിടെയെന്ന് ചോദിച്ച മോഷ്ടാവ് ഇത് കാണിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയത്തിനിടയിലും ജാഗ്രതയോടെ ജയന്തി അടുത്ത മുറിയിലേക്ക് ഓടിയ് കയറി വാതില്‍ അടച്ചാണ് രക്ഷപ്പെട്ടത്. ഇതിനിടെ മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 45,000രൂപയും മൂന്ന് പവന്‍ സ്വര്‍ണമാലയും കവര്‍ന്നു. അലമാരയിലെ വസ്ത്രങ്ങള്‍ വാരിവലിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

വടക്കഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സമീപ പ്രദേശങ്ങളില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം പുരോഗമിപ്പിക്കുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Tags:    

Similar News