കളളത്താക്കോലിട്ട് പൂട്ടു തുറന്നു; പെട്ടി ഓട്ടോയുമായി കടന്നു; കുമ്പഴ മത്സ്യമാര്‍ക്കറ്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പെട്ടി ഓട്ടോ മോഷ്ടിച്ച് കടത്തിയ കേസില്‍ ബന്ധുക്കളായ മോഷ്ടാക്കള്‍ പോലീസ് പിടിയില്‍
പത്തനംതിട്ട: കുമ്പഴ മത്സ്യമാര്‍ക്കറ്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പെട്ടി ഓട്ടോ മോഷ്ടിച്ച് കടത്തിയ കേസില്‍ പ്രതികള്‍ പത്തനംതിട്ട പോലീസിന്റെ പിടിയിലായി. ബന്ധുക്കളായ മലയാലപ്പുഴ അട്ടച്ചാക്കല്‍ ഈസ്റ്റ് താന്നിമൂട്ടില്‍ വീട്ടില്‍ സുനില്‍ തോമസ്(39), ജോബി തോമസ് (45) എന്നിവരാണ് അറസ്റ്റിലായത്. 15 ന് രാത്രി 11 ഓടെയാണ് ഇരുവരും ചേര്‍ന്ന് വാഹനം മോഷ്ടിച്ചുകൊണ്ടുപോയത്. കുമ്പഴ കിഴക്കേ മുറിയില്‍ മോഹന്‍ ജോര്‍ജിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ളതാണ് രണ്ടര ലക്ഷം രൂപ വിലവരുന്ന പെട്ടി ഓട്ടോ.
വാഹനം മോഷണം പോയതിനെ തുടര്‍ന്ന് 19ന് മോഹന്‍ ജോര്‍ജ് പോലീസില്‍ പരാതി നല്‍കി. കുമ്പഴ മാര്‍ക്കറ്റിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം വിശദമായി പരിശോധിച്ചു. ദൃശ്യങ്ങളില്‍ നിന്നും രണ്ടു പേര്‍ വാഹനം കൊണ്ടു പോകുന്നതായി മനസ്സിലായി. സ്ഥലത്തെയും പരിസരങ്ങളുടെയും സിസിടിവി പരിശോധിച്ചതില്‍ കുമ്പഴയില്‍ നിന്നും കോന്നി ഭാഗത്തേക്ക് വാഹനം കൊണ്ടുപോകുന്നതായാണ് വ്യക്തമായത്. വഴിയിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും, വാഹനം ചെങ്ങറയിലെ ഒഴിഞ്ഞ സ്ഥലത്ത് കിടക്കുന്നതായി കണ്ടെത്തുകയും ചെയ്തു.
ആ ഭാഗത്തെ ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ രണ്ടുപേര്‍ പെട്ടി ഓട്ടോയില്‍ യാത്ര ചെയ്യുന്നതായും ഒരാള്‍ തിരികെ വരുന്നതായും കണ്ടെത്തി. സിസിടിവിയില്‍ നിന്നും കിട്ടിയ ഫോട്ടോയും വീഡിയോയും സമീപത്തെ കടകളിലും മറ്റുമുള്ള ആളുകളെ കാണിച്ച് ജോബി തോമസിനെ തിരിച്ചറിഞ്ഞു. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നത് ബന്ധുവായ സുനില്‍ തോമസ് ആണെന്നും പോലീസിന് ബോധ്യപ്പെട്ടു. ഇവരെ ഉടനടി അന്വേഷിച്ച് പിടികൂടി, വിശദമായി ചോദ്യം ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് സാക്ഷികളെ കാട്ടി തിരിച്ചറിഞ്ഞു. തുടര്‍ന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. സുനില്‍ തോമസിന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ വാഹനം ചെങ്ങറയില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തു.
ജോബി തോമസിന്റെ കുറ്റസമ്മതമൊഴിപ്രകാരം, 15 ന് രാത്രി 11 മണിക്ക് മാര്‍ക്കറ്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന പെട്ടി ഓട്ടോയുടെ ലോക്ക് കള്ളത്താക്കോല്‍ കൊണ്ട് സുനില്‍ തുറന്ന് ഓടിച്ചു പോയതായും ഇയാള്‍ സൈഡില്‍ ഇരുന്ന് യാത്ര ചെയ്തതായും വാഹനം ചെങ്ങറയില്‍ കൊണ്ടിട്ടതായും വ്യക്തമായി. സാക്ഷിമൊഴികളില്‍ നിന്നും കാര്യങ്ങള്‍ പോലീസിന് ബോധ്യപ്പെട്ടിരുന്നു.
പത്തനംതിട്ട ഡിവൈ.എസ്.പി എസ്. ന്യൂമാന്റെ നിര്‍ദ്ദേശാനുസരണം പോലീസ് ഇന്‍സ്പെക്ടര്‍ കെ സുനിമോന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി മോഷ്ടാക്കളെ മണിക്കൂറുകള്‍ക്കുള്ളില്‍ പത്തനംതിട്ട പോലീസ് പിടികൂടിയത്. അന്വേഷണ സംഘത്തില്‍ എസ്ഐമാരായ അലോഷ്യസ്, രാജേഷ് കുമാര്‍, സിപിഓമാരായ ഷിബു, സുമന്‍ എന്നിവരാണ് ഉണ്ടായിരുന്നത്. സുനില്‍ പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ഈവര്‍ഷം രജിസ്റ്റര്‍ ചെയ്ത മറ്റൊരു ക്രിമിനല്‍ കേസില്‍ കൂടി പ്രതിയാണ്.