'ഭര്‍ത്താവുമായുള്ള ശാരീരികബന്ധത്തില്‍ തൃപ്തിയില്ല'; ഭര്‍ത്താവ് സ്വയം മുറിവേല്‍പ്പിച്ച് മരിച്ചെന്ന് ആദ്യ മൊഴി; ഫോണില്‍ നിര്‍ണായക തെളിവുകള്‍; ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം; മൂന്ന തവണ കത്തികൊണ്ട് നെഞ്ചില്‍ കുത്തിയെന്ന് മൊഴി
ഭര്‍ത്താവിനെ കുത്തിക്കൊന്നു, ഭാര്യ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഭര്‍ത്താവിനെ കുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയായി ചിത്രീകരിക്കാന്‍ യുവതിയുടെ ശ്രമം. ഡല്‍ഹിയിലെ നിഹാല്‍ വിഹാറില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് ഷാഹിദി(32)നെയാണ് ഭാര്യ കൊലപ്പെടുത്തിയത്. സംഭവത്തില്‍ 25-കാരിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ജൂലായ് 20-ന് വൈകീട്ടാണ് യുവതി ഭര്‍ത്താവിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റനിലയില്‍ യുവതി തന്നെയാണ് ഭര്‍ത്താവിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, അപ്പൊഴേയ്ക്കും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
അതേസമയം, ഭര്‍ത്താവ് സ്വയം മുറിവേല്‍പ്പിച്ച് മരിച്ചതാണെന്നായിരുന്നു യുവതിയുടെ ആദ്യമൊഴി. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ സാമ്പത്തികബാധ്യതയുണ്ടെന്നും ഇതേത്തുടര്‍ന്നാണ് ഭര്‍ത്താവ് ജീവനൊടുക്കിയതെന്നും യുവതി പോലീസിനോട് പറഞ്ഞു. സംഭവം ആത്മഹത്യയായി ചിത്രീകരിക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാല്‍, പോലീസ് യുവതിയുടെ മൊബൈല്‍ഫോണ്‍ വിവരങ്ങളും മറ്റും പരിശോധിച്ചതോടെ ചില തെളിവുകള്‍ ലഭിക്കുകയും ചോദ്യംചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയുമാണുണ്ടായത്. ശാരീരികമായി തൃപ്തിപ്പെടുത്തിയില്ലെന്ന കാരണത്താലാണ് ഭര്‍ത്താവിനെ കുത്തിക്കൊന്നതെന്നാണ് യുവതി ചോദ്യം ചെയ്യലില്‍ പറഞ്ഞത്.
രണ്ടര വര്‍ഷം മുന്‍പാണ് ദമ്പതിമാര്‍ വിവാഹിതരായത്. ഭര്‍ത്താവുമായുള്ള ശാരീരികബന്ധത്തില്‍ തൃപ്തിയില്ലെന്നും ഇതേത്തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നുമാണ് യുവതിയുടെ കുറ്റസമ്മതം. മാത്രമല്ല, ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ഭര്‍ത്താവിന് വന്‍ സാമ്പത്തികബാധ്യതയുണ്ടായെന്നും ഉത്തര്‍പ്രദേശിലുള്ള ഒരു ബന്ധുവുമായി ഭര്‍ത്താവിന് അടുപ്പമുണ്ടെന്നും യുവതി നല്‍കിയ മൊഴിയിലുണ്ടായിരുന്നു. എന്നാല്‍, പോലീസ് ഉത്തര്‍പ്രദേശിലെത്തി ബന്ധുവില്‍ നിന്നുള്‍പ്പെടെ വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ യുവതിയുടെ മൊഴി കള്ളമാണെന്ന് ബോധ്യമായി. ഇതിനിടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവാവിന്റെ ശരീരത്തിലുള്ള മുറിവുകള്‍ സ്വയം ഏല്‍പ്പിച്ച രീതിയിലുള്ളവയല്ലെന്ന് വ്യക്തമായി. ഇതിനു പിന്നാലെ പോലീസ് യുവതിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതോടെയാണ് നിര്‍ണായകമായ മറ്റുതെളിവുകളും കണ്ടെടുത്തത്.
'ചാറ്റുകള്‍ നീക്കംചെയ്യുന്നത് എങ്ങനെ', 'അലുമിനിയം ഫോസ്ഫൈഡ് പോലെയുള്ള വിഷം ഉപയോഗിച്ചാല്‍ എങ്ങനെ മരിക്കും' തുടങ്ങിയവയാണ് യുവതിയുടെ ഇന്റര്‍നെറ്റ് തിരച്ചില്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത്. ഇതോടെ പോലീസ് വിശദമായി ചോദ്യംചെയ്തതോടെയാണ് ഭര്‍ത്താവിനെ താന്‍ കൊലപ്പെടുത്തിയതാണെന്നും മൂന്നതവണയാണ് കത്തികൊണ്ട് നെഞ്ചില്‍ കുത്തിയതെന്നും യുവതി സമ്മതിച്ചത്. അതേസമയം, സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. ചാറ്റുകള്‍ നീക്കംചെയ്യുന്നത് സംബന്ധിച്ച് വിവരങ്ങള്‍ തേടിയതിനാല്‍ യുവതി മറ്റാരെങ്കിലുമായും ബന്ധം പുലര്‍ത്തിയിരുന്നോ എന്നതും പോലീസ് പരിശോധിച്ചുവരികയാണ്.