പെണ്‍കുട്ടിയുടെ കുടുംബവുമായി അതിര്‍ത്തി തര്‍ക്കം; പോക്‌സോ പരാതി കെട്ടിച്ചമച്ചതെന്ന് തെളിഞ്ഞു; യുവാവ് തടവില്‍ കഴിഞ്ഞത് 14 ദിവസം; ഒടുവില്‍ കോടതി വെറുതെവിട്ടു

പോക്‌സോ പരാതി കെട്ടിച്ചമച്ചതെന്ന് തെളിഞ്ഞു

Update: 2025-08-02 09:34 GMT

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി കെട്ടച്ചമച്ചതെന്ന് തെളിഞ്ഞതോടെ യുവാവിനെ കോടതി വെറുതെവിട്ടു. പോക്‌സോ കേസില്‍ യുവാവ് കുറ്റക്കാരനല്ലെന്ന് കോടതി വ്യക്തമാക്കി. വാഴക്കാട് സ്വദേശി ശിഹാബുദ്ദീ(38)നെ കോടതി വെറുതെ വിട്ടു. പരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെ കുടുംബവുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതടക്കം അന്വേഷണത്തില്‍ വ്യക്തമായിരുന്നു. മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി ജഡ്ജ് എ എം അഷ്‌റഫാണ് യുവാവിനെ വെറുതെവിട്ടുകൊണ്ട് വിധിന്യായം പുറപ്പെടുവിച്ചത്.

അയല്‍വാസിയായ 13 കാരിയെ ശിഹാബുദ്ദീന്‍ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2024 ഡിസംബര്‍ ഒന്നിന് പീഡിപ്പിച്ചെന്നായിരുന്നു പരാതിയില്‍ ആരോപിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ശിഹാബുദ്ദീനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷം ശിഹാബുദ്ദീന്‍ ജാമ്യം നേടി പുറത്തിറങ്ങി.

എന്നാല്‍ പരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെ കുടുംബവും ശിഹാബുദ്ദീന്റെ കുടുംബവും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലവിലുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇക്കാര്യം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത് കണ്ടെത്തിയ മുറിവുകള്‍ക്ക് സംഭവം നടന്നുവെന്ന് പറയപ്പെടുന്ന ദിവസത്തേക്കാള്‍ ഏറെ പഴക്കമുണ്ടെന്ന് വൈദ്യ പരിശോധനയില്‍ വ്യക്തമായെന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കുട്ടിയെ പരിശോധിച്ച ഡോക്ടറും കോടതിയില്‍ മൊഴി നല്‍കി.

Similar News