'ഇനി എന്നെ ഇങ്ങനെ ചെയ്യരുത് അച്ഛാ'! അച്ഛന് കഠിനമായ ശിക്ഷയൊന്നും കൊടുക്കല്ലേ; വാണിംഗ് മതിയെന്നാണ് അവള്‍ പറഞ്ഞത്; രണ്ടാനമ്മയും പിതാവും ചേര്‍ന്ന് മര്‍ദിച്ച നാലാം ക്ലാസുകാരിയുടെ സംരക്ഷണ ചുമതല മുത്തശ്ശിക്ക്
രണ്ടാനമ്മയും പിതാവും ചേര്‍ന്ന് മര്‍ദിച്ച നാലാം ക്ലാസുകാരിയുടെ സംരക്ഷണ ചുമതല മുത്തശ്ശിക്ക്
ആലപ്പുഴ: നാലാം ക്ലാസുകാരിയെ അച്ഛനും രണ്ടാനമ്മയും മര്‍ദിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. ജില്ലാ ശിശുക്ഷേമ ഓഫീസറോടും നൂറനാട് എസ് എച്ച് ഒയോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുട്ടിയെ വളര്‍ത്താനുള്ള ചുമതല മുത്തശ്ശിക്ക് നല്‍കിയതായി ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ. ജി വസന്തകുമാരി അമ്മ അറിയിച്ചു. അതേസമയം പിതാവിനെയും രണ്ടാനമ്മയെയും ഇതുവരെ പോലീസിന് പിടികൂടാനായില്ല.
ഇത്രയും ഉപദ്രവിച്ചിട്ടും അച്ഛന് കഠിനമായ ശിക്ഷ നല്‍കരുതെന്നാണ് കുട്ടി ആവശ്യപ്പെട്ടതെന്ന് ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ പ്രതികരിച്ചു. 'കുട്ടിയെ ഞങ്ങള്‍ പോയി കണ്ടു. നിലവില്‍ സുരക്ഷിതയാണ്. അച്ഛനങ്ങനെ ചെയ്തല്ലോ എന്ന വിഷമം കുട്ടിയ്ക്കുണ്ട്. എന്നാലും അച്ഛന് കഠിനമായ ശിക്ഷയൊന്നും കൊടുക്കല്ലേ, ഒരു വാണിംഗ് മതിയെന്നാണ് അവള്‍ പറഞ്ഞത്. സ്‌കൂളിന് അഭിമാനമായ കുട്ടിയാണെന്നാണ് ടീച്ചര്‍മാരൊക്കെ പറഞ്ഞത്. സിഡബ്ല്യൂസിയുടെ സ്ഥാപനത്തിലേക്ക് മാറാന്‍ കുട്ടിയ്ക്ക് വിഷമമുണ്ട്. കുട്ടി ജനിച്ച് ഏഴ് ദിവസം കഴിഞ്ഞപ്പോഴാണ് അമ്മ മരിച്ചത്. അന്നുതൊട്ട് അച്ഛന്റെ അമ്മയാണ് കുഞ്ഞിനെ സംരക്ഷിച്ചത്. അമ്മൂമ്മയുടെ കൂടെ മാത്രം കഴിഞ്ഞാല്‍ മതിയെന്നാണ് പറയുന്നത്.'-അഡ്വ. ജി വസന്തകുമാരി അമ്മ പറഞ്ഞു.
ആദിക്കാട്ടുകുളങ്ങരയിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. ബുധനാഴ്ച സ്‌കൂളിലെത്തിയപ്പോഴാണ് മുഖത്തുള്‍പ്പടെ മര്‍ദ്ദനമേറ്റ പാടുകള്‍ അദ്ധ്യാപകരുടെ ശ്രദ്ധയില്‍പ്പെട്ടത്. അച്ഛനില്‍ നിന്നും രണ്ടാനമ്മയില്‍ നിന്നും താന്‍ അനുഭവിക്കുന്ന ദുരിതം കുട്ടി അദ്ധ്യാപകരോട് തുറന്നു പറഞ്ഞു. ഇതോടെ സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ആലപ്പുഴ നൂറനാട് നാലാം ക്ലാസുകാരിയായ പെണ്‍കുട്ടി താന്‍ അനുഭവിക്കുന്ന വേദനകള്‍ തുറന്നു പറഞ്ഞത് കേരളം തലകുനിച്ചാണ് കേട്ടത്. ആലപ്പുഴ സിഡബ്ലിയുസി ഓഫീസില്‍ എത്തിയ പിതാവിന്റെ ഉമ്മയ്ക്ക് കുട്ടിയെ വളര്‍ത്താനുള്ള തത്കാലിക ചുമതല നല്‍കികൊണ്ടുള്ള ഉത്തരവ് കൈമാറി. കുഞ്ഞിന്റെ ആവശ്യപ്രകാരമാണ് തീരുമാനം.
നൂറനാട് വീടിന് സമീപം വെച്ച് കുട്ടിക്ക് നേരെ വീണ്ടും പിതാവിന്റെ ആക്രമണ ശ്രമമുണ്ടായിരുന്നു. പൊലീസ് എത്തും മുന്‍പ് ഇയാള്‍ സ്ഥലംവിട്ടു. കുട്ടിക്ക് എല്ലാ സംരക്ഷണവും ഉറപ്പ് വരുത്തുമെന്ന് ബാലാവകാശ കമ്മീഷനും അറിയിച്ചു. നിലവില്‍ നാലാം ക്ലാസുകാരിയുടെ പിതാവിനെ ഒന്നാം പ്രതിയാക്കിയും രണ്ടാനമ്മയെ രണ്ടാം പ്രതിയാക്കിയുമാണ് പോലിസ് കേസെടുത്തത്. കുട്ടിയെ ചീത്ത വിളിച്ചതിനും മര്‍ദിക്കുന്നതിനും ബിഎന്‍സ് 296 ബി, 115 എന്നി വകുപ്പുകളും ജെ ജെ ആക്ടിലെ 75 ആം വകുപ്പുമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.