'ഭാര്യയുടെ വസ്ത്രധാരണം ശരിയല്ല, പാചകം ചെയ്യാനറിയില്ല എന്നീ പരാമര്‍ശങ്ങള്‍ ഗാര്‍ഹിക പീഡനമല്ല; കുറ്റകൃത്യത്തിന്റെ പരിധിയില്‍വരാത്ത ആരോപണങ്ങളിലെ വിചാരണ നിയമത്തിന്റെ ദുരുപയോഗമാകും'; ഭര്‍ത്താവിനും കുടുംബത്തിനും എതിരായ ക്രിമിനല്‍ കേസ് റദ്ദാക്കി ബോംബെ ഹൈക്കോടതി

ഭര്‍ത്താവിനും കുടുംബത്തിനും എതിരായ ക്രിമിനല്‍ കേസ് റദ്ദാക്കി ബോംബെ ഹൈക്കോടതി

Update: 2025-08-09 11:00 GMT

മുംബൈ: വിവാഹം കഴിഞ്ഞ് ഒന്നരമാസം കഴിഞ്ഞിട്ടും തന്നോട് ശരിയായ രീതിയില്‍ ഭര്‍ത്താവും കുടുംബവും പെരുമാറിയില്ലെന്ന യുവതിയുടെ പരാതി തള്ളി ബോംബെ ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ഭാര്യയുടെ വസ്ത്രധാരണം, പാചകവൈദഗ്ധ്യം എന്നിവയെക്കുറിച്ച് ഭര്‍ത്താവും കുടുംബവും നടത്തിയ പരാമര്‍ശങ്ങള്‍ ക്രൂരതയായോ ഉപദ്രവമായോ കണക്കാക്കാനാകില്ലെന്ന് നിരീക്ഷിച്ചാണ് ഭര്‍ത്താവിനും ഭര്‍ത്താവിന്റെ കുടുംബത്തിനും എതിരേ യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് റദ്ദാക്കിയത്. ഭര്‍ത്താവിനും കുടുംബത്തിനും എതിരേയുള്ള കേസും മറ്റുനിയമനടപടികളും റദ്ദാക്കാനും ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് ഉത്തരവിട്ടു.

2022ല്‍ വിവാഹിതയായ യുവതിയാണ് ഭര്‍ത്താവിനും കുടുംബത്തിനും എതിരേ പരാതി നല്‍കിയിരുന്നത്. യുവതിയുടെ രണ്ടാംവിവാഹമായിരുന്നു ഇത്. 2013-ല്‍ ആദ്യവിവാഹം വേര്‍പിരിഞ്ഞശേഷമാണ് യുവതി 2022-ല്‍ രണ്ടാമത് വിവാഹിതയായത്. എന്നാല്‍, വിവാഹം കഴിഞ്ഞ് ഒന്നരമാസം കഴിഞ്ഞിട്ടും തന്നോട് ശരിയായരീതിയില്‍ പെരുമാറിയില്ലെന്നും ഭര്‍ത്താവിന്റെ മാനസിക-ശാരീരികപ്രശ്നങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബം മറച്ചുവെച്ചെന്നുമായിരുന്നു യുവതിയുടെ പരാതിയിലെ ആരോപണം.

ഇതിനുപുറമേയാണ് തന്റെ വസ്ത്രധാരണം, പാചകം എന്നിവയെക്കുറിച്ച് ഭര്‍ത്താവും കുടുംബാംഗങ്ങളും നടത്തിയ പരാമര്‍ശങ്ങളും യുവതി പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാല്‍, ഭാര്യയുടെ വസ്ത്രധാരണം ശരിയല്ല, ഭാര്യയ്ക്ക് നല്ലരീതിയില്‍ പാചകംചെയ്യാനറിയില്ല തുടങ്ങിയ പരാമര്‍ശങ്ങള്‍ ഗുരുതരമായ പീഡനമായോ ഉപദ്രവമായോ കണക്കാക്കാന്‍ കഴിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ദമ്പതിമാര്‍ തമ്മിലുള്ള ബന്ധം വഷളാകുമ്പോള്‍ പലതും അതിശയോക്തി കലര്‍ത്തി പറയുന്നതായി തോന്നുന്നു. കുറ്റകൃത്യത്തിന്റെ പരിധിയില്‍വരാത്ത ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച്, ഭര്‍ത്താവിനും കുടുംബത്തിനും വിചാരണനേരിടേണ്ടിവരുമ്പോള്‍ അത് നിയമത്തിന്റെ ദുരുപയോഗമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

ഭര്‍ത്താവിന്റെ മാനസിക-ശാരീരികപ്രശ്നങ്ങളെക്കുറിച്ച് വിവാഹത്തിന് മുന്‍പ് മറച്ചുവെച്ചെന്ന പരാതിക്കാരിയുടെ വാദങ്ങളും കോടതി തള്ളി. വിവാഹത്തിന് മുന്‍പ് ദമ്പതിമാര്‍ നടത്തിയ ചാറ്റുകളില്‍ താന്‍ കഴിക്കുന്ന മരുന്നുകളെക്കുറിച്ച് ഭര്‍ത്താവ് വ്യക്തമായി വിശദീകരിച്ചിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ രോഗാവസ്ഥയെക്കുറിച്ച് ഭാര്യയ്ക്ക് വിവാഹത്തിന് മുന്‍പേ അറിയാമായിരുന്നുവെന്നും കോടതി പറഞ്ഞു.

ഫ്ളാറ്റ് വാങ്ങാനായി 15 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന പരാതിക്കാരിയുടെ വാദത്തെയും കോടതി ചോദ്യംചെയ്തു. നിലവില്‍ ഭര്‍ത്താവിന് ഒരു ഫ്ളാറ്റ് ഉണ്ടായിരിക്കെ ഈ വാദത്തിന്റെ സാധുതയെയാണ് കോടതി ചോദ്യംചെയ്തത്. ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ക്കെതിരായ ആരോപണങ്ങളെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങളില്ലെന്നും കുറ്റപത്രത്തില്‍ ഭാര്യയുടെ മൊഴിയല്ലാതെ മറ്റുതെളിവുകളില്ലെന്നും കോടതി പറഞ്ഞു. ദമ്പതിമാരുടെ അയല്‍ക്കാരെ ചോദ്യംചെയ്യാനോ ഇവരുടെ മൊഴി രേഖപ്പെടുത്താനോ അന്വേഷണഉദ്യോഗസ്ഥന്‍ തയ്യാറായില്ലെന്നും കോടതി വ്യക്തമാക്കി.

Similar News